മലയാള സിനിമ ലോകത്ത് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഭാവന സ്റ്റുഡിയോസ് (Bhavana Studios) നിർമിക്കുന്ന പുതിയ സിനിമ 'പ്രേമലു'വിലെ ആദ്യ ഗാനം പുറത്തുവന്നു. 'കുട്ടി കുടിയേ...' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഭാവന സ്റ്റുഡിയോസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്.
സമീപകാലത്ത് ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച വിഷ്‌ണു വിജയ്‌യാണ് ഈ ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് (Vishnu Vijay Musical). വിഷ്‌ണു വിജയ്‌ക്കൊപ്പം കന്നഡ - തെലുഗു സിനിമകളിൽ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള സഞ്ജിത് ഹെഗ്‌ഡെയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സഞ്ജിത് ഹെഗ്‌ഡെയുടെ ആദ്യ മലയാള ഗാനം കൂടിയാണിത്.
ഈയിടെ സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയൊട്ടാകെ തരംഗമായ 'സത്യഭാമേ' എന്ന കവർ സോങ്ങിലൂടെ മലയാളികൾക്കും ഏറെ സുപരിചിതനാണ് സഞ്ജിത് ഹെഗ്‌ഡെ. സുഹൈൽ കോയയാണ് 'കുട്ടി കുടിയേ...'യുടെ വരികൾ രചിച്ചത്. ലിറിക് വീഡിയോ ഒരുക്കിയത് റഫാൻ നുജൂം, അർജുൻ ബാബു എന്നിവർ ചേർന്നാണ്.
- " class="align-text-top noRightClick twitterSection" data="">
ഭാവന സ്‌റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസിലും ചേർന്ന് നിർമിക്കുന്ന 'പ്രേമലു' ഗിരീഷ് എഡി ആണ് (Girish AD) സംവിധാനം ചെയ്യുന്നത്. 'തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ' എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കുന്ന ചിത്രമാണിത്. പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായ നസ്‌ലൻ കെ ഗഫൂറും (Naslen K Gafoor) മമിത ബൈജുവും (Mamitha Baiju) ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്. അജ്‌മൽ സാബുവാണ് സിനിമയുടെ ഛായാഗ്രാഹകൻ.
ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ കല സംവിധാനം വിനോദ് രവീന്ദ്രനാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ - ബെന്നി കട്ടപ്പന, ജോസ് വിജയ്, കോസ്റ്റ്യൂം ഡിസൈൻസ് - ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആക്ഷൻ - ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി - ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ - സേവ്യർ റീചാർഡ്, വി എഫ് എക്‌സ് - എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, പി ആര്‍ ഒ - ആതിര ദില്‍ജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിൽ എത്തും.
ALSO READ: ആവേശകരമായ യാത്രയ്‌ക്ക് തുടക്കമിട്ട് ഭാവന സ്റ്റുഡിയോസ് ; നസ്‌ലൻ - മമിത ചിത്രത്തിന് തുടക്കം