വാഷിങ്‌ടണ്‍: അമേരിക്കന്‍ ഗായിക നവോമി ജൂഡിന്‍റെ മരണവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ പുറത്ത്. വെടിയേറ്റാണ് നവോമി മരിച്ചത്. മരണം കൊലപാതകമാണ് എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ മരണം ആത്മഹത്യ ആണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ വര്‍ഷം ഏപ്രില്‍ 30ന് രാവിലെ 10.57നായിരുന്നു നവോമിയെ വീട്ടില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വില്യംസൺ മെഡിക്കൽ സെന്‍ററിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിയതിന് തൊട്ടുപിന്നാലെ നവോമി മരിക്കുകയായിരുന്നു. തലയുടെ വലതു ഭാഗത്ത് ഏറ്റ വെടിയുണ്ട തലയോട്ടി തകര്‍ത്തതാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ 30ന് തന്‍റെ 75-ാമത്തെ വയസില്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു എന്ന് നവോമിയുടെ മകള്‍ ആഷ്‌ലി ജൂഡ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നതിന് മുമ്പുള്ള വാര്‍ത്തകളില്‍ പ്രതികരിച്ചാണ് ആഷ്‌ലി അന്ന് അഭിമുഖത്തില്‍ പങ്കെടുത്തത്. തന്‍റെ അമ്മ മാനസികമായി ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു എന്നും ആഷ്‌ലി പറഞ്ഞു.
വീട്ടില്‍ നവോമി തനിച്ചായിരുന്നു താമസം. മരിക്കുന്ന ദിവസം മകളോട് തന്‍റെ കൂടെ വന്ന് താമസിക്കാന്‍ നവോമി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ആഷ്‌ലി അമ്മയുടെ വീട്ടിലെത്തിയത്. എന്നാല്‍ ആഷ്‌ലി അവിടെ എത്തിയപ്പോള്‍ വീടിന്‍റെ മുകളിലത്തെ മുറിയില്‍ വെടിയേറ്റ് കിടക്കുന്ന നവോമിയെ ആണ് കണ്ടത്. 2016 മുതല്‍ നവോമി ജൂഡ് വിഷാദ രോഗ ബാധിതയായിരുന്നു.