ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം ഒടിടിയില്‍ റിലീസിന് എത്തുന്നു. ഫെബ്രുവരി 23 മുതല്‍ ചിത്രം നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീം ചെയ്യും. പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും ശ്രദ്ധകവര്‍ന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണുണ്ടാക്കിയത്.
അതിഗംഭീര ചിത്രങ്ങളിലൊന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചപ്പോള്‍ മലയാളത്തിന് ലഭിച്ചത്. കണ്ണുതുറപ്പിക്കുന്ന സിനിമാനുഭവമാണ് നന്‍പകല്‍ നേരത്ത് മയക്കം സമ്മാനിക്കുന്നതെന്ന നിരൂപക പ്രശംസ നേടിയുമാണ് ചിത്രം മുന്നേറിയത്.
- " class="align-text-top noRightClick twitterSection" data="">
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവും മമ്മൂട്ടി എന്ന നടന്‍റെ അഭിനയ ചാരുതയും എഴുത്തുകാരന്‍ എസ് ഹരീഷിന്‍റെ പല അടരുകള്‍ ഒളിപ്പിച്ച തിരക്കഥയും ക്ലാസിക്ക് എന്ന വിശേഷണം ഇതിനകം ചിത്രത്തിന് നേടിക്കൊടുത്തിട്ടുണ്ട്.
27-ാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ജനുവരി 19നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. തിയേറ്ററുകളിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വ്യത്യസ്‌ത രീതിയിലുള്ള അവതരണവും കഥാപാത്ര സൃഷ്‌ടിയുമാണ് സിനിമയുടെ പ്രത്യേകത.
നന്‍പകല്‍ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ അഭിനയ മുഹൂര്‍ത്തങ്ങളും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഘടകമാണ്. മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു എന്നിവരും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ജെയിംസായി മമ്മൂട്ടി: പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണി സന്ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്ന് ഒരു നാടക സംഘം എത്തുന്നു. മടക്കയാത്രക്കിടെ കഥാനായകന്‍ ജെയിംസ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും വണ്ടിയില്‍ നിന്നിറങ്ങി നടക്കുകയും ചെയ്യുന്നു. ഒരു ഉള്‍നാടന്‍ തമിഴ് ഗ്രാമത്തില്‍ എത്തിപ്പെട്ട ജെയിംസിന്‍റെയും സംഘത്തിന്‍റെയും പിന്നീടുള്ള സംഭവ ബഹുലമായ ജീവിതമാണ് നന്‍പകല്‍ നേരത്ത് മയക്കം പറഞ്ഞു പോകുന്നത്. ചിത്രത്തില്‍ ജെയിംസ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു.
മുഴുവനായും തമിഴ്‌നാട്ടില്‍ ചിത്രീകരിച്ച നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ പ്രധാന ലൊക്കേഷന്‍ പഴനിയാണ്. ചിത്രീകരണ കാലയളവില്‍ തമിഴ്‌നാട്ടില്‍ പ്രതികൂല കാലാവസ്ഥയായിരുന്നു എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. 28 ദിവസം കൊണ്ടാണ് നന്‍പകല്‍ നേരത്ത് മയക്കം ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം: മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആദ്യത്തെ ചിത്രം എന്ന പ്രത്യേകതയും നന്‍പകല്‍ നേരത്ത് മയക്കത്തിനുണ്ട്. കൂടാതെ ലിജോയും ചിത്രത്തിന്‍റെ നിര്‍മാണത്തില്‍ പങ്കാളിയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററില്‍ എത്തിച്ചിരിക്കുന്നത്. ലിജോയുടെ കഥക്ക് എസ് ഹരീഷാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്‍റെ എഡിറ്റര്‍ ദീപു ജോസ് ആണ്. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോകുല്‍ ദാസ്. റോണക്‌സ് സേവ്യര്‍ ആണ് മേക്കപ്. 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലാണ് നന്‍പകല്‍ നേരത്ത് മയക്കം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മേളയില്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡും നന്‍പകല്‍ നേരത്ത് മയക്കം നേടിയിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം എന്നതും നന്‍പകല്‍ നേരത്തിന്‍റെ പ്രത്യേകതയാണ്. പ്രഖ്യാപനം മുതല്‍ തന്നെ ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം കൂടിയാണിത്.