നന്ദമൂരി ബാലകൃഷ്‌ണ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. തെലുഗു സൂപ്പർതാരം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'ഭഗവന്ത് കേസരി'യുടെ തകർപ്പന്‍ ടീസർ പുറത്ത്. ബാലകൃഷ്‌ണയുടെ പിറന്നാളിനോട് അനുബന്ധിച്ച്, താരത്തിന് പിറന്നാൾ സമ്മാനമെന്ന തരത്തിലാണ് അണിയറ പ്രവർത്തകർ ടീസർ പുറത്തുവിട്ടിരിക്കുന്നത്.
ബോളിവുഡ് താരം അർജുൻ രാംപാല്‍ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രം അനിൽ രവിപുഡിയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. അർജുൻ രാംപാലിന്‍റെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് 'ഭഗവന്ത് കേസരി'. കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തില്‍ നടി ശ്രീലീലയും സുപ്രധാന വേഷത്തിലുണ്ട്.
- " class="align-text-top noRightClick twitterSection" data="">
'ഭഗവന്ത് കേസരി'ക്കായി അക്ഷമയോടെ കാത്തിരിക്കുന്ന ബാലയ്യ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന ടീസറാണ് ഇപ്പോൾ അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ബാലകൃഷ്‌ണയിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നതെല്ലാം ഏറെക്കുറെ സമന്വയിപ്പിച്ച ടീസറില്‍ താരത്തിന്‍റെ മാസ് ഡയലോഗും സംഘട്ടന രംഗങ്ങളുമല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ എൻ.ബി.കെ 108 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിത്രത്തിന്‍റെ യഥാർഥ ടൈറ്റില്‍ അടുത്തിടെയാണ് പുറത്തുവന്നത്. ആന്ധ്രയിലെ 108 സ്ഥലങ്ങളിലായി 108 ഹോർഡിങ്ങുകൾ സ്ഥാപിച്ചാണ് സിനിമയുടെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് എന്നതും ശ്രദ്ധേയമാണ്. ബാലകൃഷ്‌ണയുടെ ആക്ഷന്‍ പാക്ക്‌ഡ് പോസ്‌റ്റര്‍ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്.
മുട്ടുക്കുത്തി ആക്രോശത്തോടെ നിലത്ത് ആയുധം കുത്തിയിറക്കുന്ന താരത്തെയാണ് പോസ്‌റ്ററില്‍ കാണാനാവുക. ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്‌തംഭത്തെയും ടൈറ്റില്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഐ ഡോണ്ട് കെയർ എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം ബാലയ്യയുടെ പതിവ് ആക്ഷൻ രംഗങ്ങളാല്‍ സമ്പന്നമാണെന്ന സൂചനയാണ് ടീസർ നല്‍കുന്നത്. താരത്തിന്‍റെ സാൾട്ട് ആൻഡ് പെപ്പർ ലുക്ക് ആരാധകർ നേരത്തെ തന്നെ നെഞ്ചേറ്റിയിരുന്നു. വിജയദശമി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ഷൈൻ സ്‌ക്രീൻസിന്‍റെ ബാനറിൽ സാഹു ഗരപതിയും ഹരീഷ് പെഡ്ഡിയും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. സംവിധായകൻ അനിൽ രവിപുടിയും ബാലകൃഷ്‌ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഭഗവന്ത് കേസരി'. തമൻ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
സി രാം പ്രസാദ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റർ തമ്മി രാജു ആണ്. രാജീവൻ കലാസംവിധാനം നിർവഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങൾക്ക് പിന്നില്‍ വി വെങ്കട് ആണ്.
അതേസമയം 'വീരസിംഹ റെഡ്ഡി' ആയിരുന്നു ബാലയ്യയുടെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. പ്രദര്‍ശന ദിനം മുതല്‍ മികച്ച കലക്ഷന്‍ നേടിയ 'വീരസിംഹ റെഡ്ഡി'യില്‍ ഹണി റോസും ശ്രുതി ഹാസനുമായിരുന്നു നായികമാരായി എത്തിയത്. ഹണി റോസിന്‍റെ മൂന്നാമത്തെ തെലുഗു ചിത്രമായിരുന്നു 'വീരസിംഹ റെഡ്ഡി'.
സിനിമയില്‍ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിച്ചത്. സിനിമയുടെ വിജയത്തോടെ തെലുഗു പ്രേക്ഷകര്‍ക്കിടയിലും മലയാളി താരം ശ്രദ്ധ നേടിയിരുന്നു. നിരവധി ഓഫറുകളാണ് തെലുഗു സിനിമയില്‍ താരത്തെ കാത്തിരിക്കുന്നത്. ഹണി റോസിന്‍റെ അടുത്ത സിനിമ നന്ദമൂരി ബാലകൃഷ്‌ണയ്‌ക്കൊപ്പം ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.