കൊച്ചി : നിരവധി ഹിറ്റ് സിനിമകള്‍ക്ക് രചന നിര്‍വഹിച്ച റാഫിയുടെ തിരക്കഥയിൽ നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'. റാഫിയുടെ മകൻ മുബിന്‍ എം റാഫിയാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ് (Once Upon a Time in Kochi first look).
മികച്ച കോമഡി എന്‍റർടെയിനർ തന്നെയാകും 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' എന്ന് അടിവരയിടുന്നതാണ് പോസ്റ്റർ. അര്‍ജുന്‍ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ മുബിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഞാന്‍ പ്രകാശന്‍, മകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ദേവിക സഞ്ജയ് ആണ് നായിക. ഇവർ നാലുപേരും ഉൾപ്പെടുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
കലന്തൂര്‍ എന്‍റര്‍ടെയിൻമെന്‍റിന്‍റെ ബാനറിലാണ് 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' ഒരുങ്ങുന്നത്. മലയാളികൾക്ക് ഒട്ടനവധി ചിരിപ്പടങ്ങൾ സമ്മാനിച്ച റാഫി, നാദിർഷായുമായി കൈകോർക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. ചിത്രം തിയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ പേമാരി തന്നെ തീർക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
അതേസമയം ഇതൊരു ത്രില്ലർ ചിത്രമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. നാദിർഷായുടെ ആറാമത്തെ ചിത്രം കൂടിയാണ് 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'. ചിത്രം അടുത്ത മാസം 23ന് (ഫെബ്രുവരി 23) ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ബൈജു സന്തോഷ്, സുധീർ കരമന, ജോണി ആൻ്റണി, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, സുധീർ, സമദ്, കലാഭവൻ ജിൻ്റോ, ഏലൂർ ജോർജ്, കലാഭവൻ റഹ്മാൻ, മാളവിക മേനോൻ, നേഹ സക്‌സേന എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹിഷാം അബ്‌ദുൽ വഹാബാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഷാജി കുമാർ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. തിയേറ്റർ ഓഫ് ഫ്രെയിംസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
ALSO READ: 'വൺസ് അപ്പോണ്‍ എ ടൈം ഇൻ കൊച്ചി' ; റാഫിയുടെ തിരക്കഥയിൽ നായകനായി മകൻ, സംവിധാനം നാദിര്‍ഷാ
പ്രൊജക്‌ട് ഡിസൈനർ - സൈലക്‌സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ഗാനരചന - ബി കെ ഹരിനാരായണൻ, സുഹൈൽ കോയ, കുൻവർ ജുനേജ, ഷഹീറ നസീർ, കോസ്റ്റ്യൂം - അരുൺ മനോഹർ, സൗണ്ട് ഡിസൈനർ - സപ്‌ത റെക്കോർഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ - ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ദീപക് നാരായൺ, അസോസിയേറ്റ് ഡയറക്‌ടർ - വിജീഷ് പിള്ള, സ്റ്റിൽസ് - യൂനസ് കുന്തായി.