മൈസൂരു ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (Mysuru International Film Festival) തിളങ്ങി മലയാള സിനിമ. ഫിലിം ഫെസ്റ്റിവലില്‍ മൂന്ന് പുരസ്‌കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്. മികച്ച നടനുള്ള പുരസ്‌കാരത്തിന് ഡോ. മാത്യു മാമ്പ്രയും മികച്ച സംവിധായകനുള്ള അവാർഡിന് പ്രജേഷ് സെന്നും അർഹരായി. മികച്ച വിദേശ സിനിമക്കുള്ള പുരസ്‌കാരം റഷീദ് പറമ്പില്‍ സംവിധാനം ചെയ്‌ത 'കോലാഹലം' നേടി.
'കിർക്കൻ' (Kirkkan) എന്ന സിനിമയിലെ പ്രകടനത്തിനാണ് ഡോ. മാത്യു മാമ്പ്രയെ മികച്ച നടനായി തെരഞ്ഞെടുത്തത്. ജോഷാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. റോഷാക്, ഇമ്പം, ചെരാതുകൾ, ദേവലോക, ജാനകി റാം, സായാവനം (തമിഴ് ) എന്നിവയാണ് ഡോ. മാത്യു മാമ്പ്ര അഭിനയിച്ച മറ്റ് സിനിമകൾ. ഇതിൽ ചെരാതുകൾ സിനിമയിലെ അഭിനയത്തിന് മുൻപ് സ്വീഡിഷ് അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
'ദി സീക്രട്ട് ഓഫ് വിമൻ' (The Secret of Women) എന്ന ചിത്രത്തിലൂടെയാണ് പ്രജേഷ് സെന്‍ മികച്ച സംവിധായകനായത്. വ്യത്യസ്‌തരായ രണ്ട് സ്‌ത്രീകളുടെ ജീവിതവും പ്രതിസന്ധികളും പരാമര്‍ശിക്കുന്ന ചിത്രമാണ്. 'ദി സീക്രട്ട് ഓഫ് വുമണ്‍'. ഇന്നത്തെ കാലഘട്ടത്തിലെ സ്‌ത്രീ ജീവിതത്തിന്‍റെ പരിച്ഛേദമാണ് 'ദി സീക്രട്ട് ഓഫ് വുമണ്‍' എന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ.
റഷീദ് പറമ്പില്‍ സംവിധാനം ചെയ്‌ത 'കോലാഹലം' എന്ന സിനിമയും നേട്ടം കൊയ്‌തു. മികച്ച വിദേശ സിനിമക്കുള്ള പുരസ്‌കാരമാണ് ഈ ചിത്രം നേടിയത്. ഇന്ത്യക്കകത്ത് നിന്നും പുറത്ത് നിന്നുള്ള മുന്നൂറോളം സിനിമകളാണ് ചലച്ചിത്രോത്സവത്തില്‍ പ്രദർശിപ്പിച്ചത്.
മൈസൂരു മഹാരാജാസ് കോളജ് സെന്‍റിനറി ഹാളില്‍ നടന്ന ഫിലിം ഫെസ്റ്റിവലിന്‍റെ സമാപന ചടങ്ങിൽ കർണാടക ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ബിഎഎംഎ ഹരീഷ് മുഖ്യാതിഥിയായി. കന്നട, തെലുഗു ചലച്ചിത്ര മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. വാർത്ത പ്രചാരണം - പി ശിവപ്രസാദ്.
IFFK 2023 'ഈവിൾ ഡസ് നോട്ട് എക്‌സിസ്‌റ്റി'ന് സുവർണ ചകോരം : അടുത്തിടെ നടന്ന 28-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയത് ജാപ്പനീസ് ചിത്രമായ ഈവിൾ ഡസ് നോട്ട് എക്‌സിസ്റ്റ് ആണ്. ഓസ്‌കർ അവാർഡ് നേടിയ ജാപ്പനീസ് സംവിധായൻ റിസുക്കി ഹിമഗുച്ചിയാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്.
മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്ബെക്കിസ്ഥാന്‍റെ ഷോക്കിർ ഖോലിക്കോവ് കരസ്ഥമാക്കി. വൃദ്ധ ദമ്പതിമാരുടെ ജീവിതം പ്രമോയമാക്കിയ 'സൺഡേ' എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാര നേട്ടം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഇദ്ദേഹം കൈപ്പിടിയിലാക്കി. പ്രേക്ഷകപ്രീതി പുരസ്‌കാരം സ്വന്തമാക്കിയത് മലയാള ചിത്രമായ 'തടവ്' ആണ്. ആനന്ദ് ഏകർഷി സംവിധാനം ചെയ്‌ത 'ആട്ടം' ആണ് മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം നേടിയത്.
READ MORE: IFFK 2023 : 'ഈവിൾ ഡസ് നോട്ട് എക്‌സിസ്‌റ്റി'ന് സുവർണ ചകോരം ; മികച്ച സംവിധായകനുള്ള രജത ചകോരം 'സൺഡേ' ഒരുക്കിയ ഷോക്കിർ ഖോലിക്കോവിന്