ഒരിടവേളയ്ക്ക് ശേഷം ദിലീപിന്‍റേതായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ബാന്ദ്ര'. അരുൺ ഗോപി സംവിധാനം ചെയ്‌ത ഈ ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അടുത്തിടെയാണ് കൊച്ചിയിൽ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടന്നത്. ഇപ്പോഴിതാ ഓഡിയോ ലോഞ്ചിനിടെയുള്ള 'ബാന്ദ്ര'യിലെ ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ സാം സിഎസിന്‍റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'ഒടിയൻ', 'ആർഡിഎക്‌സ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സാം സിഎസ് സംഗീത സംവിധാനം നിർവഹിച്ച മലയാള ചിത്രമാണ് 'ബാന്ദ്ര'. ഓഡിയോ ലോഞ്ചിനിടെ സാം 'ബാന്ദ്ര' സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. സംഗീതത്തിൽ 'ബാന്ദ്ര' 'കൈതി'യെ പോലെ ആണെന്നാണ് സാമിന്‍റെ വാക്കുകൾ.
ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് 'കൈതി'. അതിന് മുൻപ് നിരവധി സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ടെങ്കിലും സാം പ്രശസ്‌തനാകുന്നതും ജനപ്രീതി കൈവരിക്കുന്നതും 'കൈതി'യിലൂടെയാണ്. കാർത്തി നായകനായ ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുമ്പോൾ പല രംഗങ്ങൾക്കും നിശബ്‌ദതയാണ് സംഗീതത്തിന്‍റെ അകമ്പടിയെക്കാൾ ഗുണം ചെയ്‌തതെന്ന് സാം പറയുന്നു. അത്തരത്തിൽ 'കൈതി'യിലേതെന്ന പോലെ തന്നെ 'ബാന്ദ്ര'യിലെ പല രംഗങ്ങളിലും നിശബ്‌ദത ഉപയോഗിച്ചിട്ടുണ്ടെന്ന് സാം വ്യക്തമാക്കി.
READ MORE: ഒറ്റ കൊലക്കൊമ്പനാടാ.. സാം സിഎസിന്‍റെ സംഗീതത്തില്‍ ബാന്ദ്രയിലെ പുതിയ ഗാനം
'ബാന്ദ്രയിലെ പല രംഗങ്ങളും സംഗീത സംവിധാനം നിർവഹിച്ചത് കൈതി കൈകാര്യം ചെയ്‌തത് പോലെ തന്നെയാണ്. എനിക്ക് ഏറ്റവും പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ബാന്ദ്ര'- സാം സി എസ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിനായക അജിത്താണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. തമന്ന നായികയായ ചിത്രത്തിൽ ബോളിവുഡ് നടൻ ഡിനോ മോറിയയാണ് പ്രതിനായക വേഷത്തിൽ എത്തുന്നത്. പ്രസ് മീറ്റിനിടെയുള്ള ഡിനോ മോറിയയുടെ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.
തന്‍റെ ആദ്യത്തെ മലയാള ചിത്രം കൂടിയാണ് ഇതെന്നും ദിലീപ് തനിക്ക് സഹോദരനെ പോലെയാണെന്നും ഡിനോ പറയുന്നു. 'ബാന്ദ്രയിലെ എന്‍റെ കഥാപാത്രം വളരെ ക്രൂരനായ ഒരു മനുഷ്യനാണ്. എന്നെ ഇഷ്‌ടപ്പെടണം എന്ന് കരുതി തിയറ്ററിലെത്തുന്ന പ്രേക്ഷകർ എന്‍റെ കഥാപാത്രം കണ്ട് എന്നെ വെറുക്കും. അത്രയും ക്രൂരതകൾ ഞാൻ സിനിമയിൽ കാണിക്കുന്നുണ്ട്.
നടൻ ദിലീപ് എനിക്ക് സഹോദരനെ പോലെയാണ്. എന്‍റെ ആദ്യത്തെ മലയാള ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ വർക്ക് ചെയ്‌ത അനുഭവങ്ങൾ എന്നെ വളരെയധികം സന്തോഷിപ്പിച്ചു. അതുകൊണ്ടുതന്നെ മറ്റൊരു മലയാള ചിത്രത്തിനായി ഉള്ള കാത്തിരിപ്പിലാണ്. അങ്ങനെ ഒരു വേഷം കിട്ടാൻ ഞാൻ പരിശ്രമിക്കും. അത് ദിലീപ് ചിത്രമാണെങ്കിൽ അത്രയും സന്തോഷം.
എന്‍റെ അമ്മ കേരളത്തിൽ നിന്നാണ്. അതുകൊണ്ടു തന്നെ കേരളം എനിക്ക് പുതുമയുള്ള സ്ഥലമല്ല. കൊച്ചി എനിക്കേറെ സുപരിചിതമാണ്'- ഡിനോ മോറിയ പ്രസ് മീറ്റിൽ മനസ് തുറന്നു.
READ ALSO: മനസ്സിൽ പതിഞ്ഞ സ്കെച്ചാണ് തമന്നയുടേതെന്ന് ദിലീപ് ; ബാന്ദ്ര നാളെ തിയേറ്ററുകളിൽ