അഞ്ച് ഭാഷകളിലുളള മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം പ്രഖ്യാപിച്ചു. വൃഷഭ എന്ന് പേരിട്ടിരിക്കുന്ന സിനിമ നന്ദകിഷോറാണ് സംവിധാനം ചെയ്യുന്നത്. മലയാളം, തെലുഗു ഭാഷകളില്‍ എടുക്കുന്ന ചിത്രം ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും മൊഴിമാറ്റി എത്തും. വമ്പന്‍ കാന്‍വാസില്‍ ഒരുക്കുന്ന സൂപ്പര്‍താര ചിത്രം എവിഎസ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ അഭിഷേക് വ്യാസിനൊപ്പം പ്രവീര്‍ സിങ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ചിത്രം സൈന്‍ ചെയ്‌തെന്നും അതിന് വേണ്ടിയാണ് ദുബായില്‍ എത്തിയതെന്നും മോഹന്‍ലാല്‍ ഒരു ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. അച്ഛനും മകനും തമ്മിലുളള ആത്മബന്ധത്തിന്‍റെ കഥ പറഞ്ഞുളള ചിത്രമാണ് വൃഷഭ എന്നാണ് സൂചന. ആക്ഷനും ഇമോഷന്‍സും എല്ലാം കലര്‍ന്ന സിനിമയാണ് വൃഷഭ.
മോഹന്‍ലാല്‍ പിതാവിന്‍റെ റോളില്‍ എത്തുമ്പോള്‍ മകനായി തെലുഗുവിലെ ഒരു വലിയ താരത്തെ കാസ്റ്റ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. 2023 മെയ് മാസത്തിലാണ് സിനിമ ആരംഭിക്കുക. താന്‍ എന്നും ആരാധിക്കുന്ന മെഗാസ്റ്റാര്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ആവേശത്തിലാണെന്നും, ദൃഢമായ ഒരു തിരക്കഥ ഞങ്ങള്‍ക്കുണ്ടെന്നും എവിഎസ് സ്റ്റുഡിയോസിന്‍റെ സ്ഥാപകനായ വ്യാസ് പറഞ്ഞു.
വൃഷഭയിലൂടെ പ്രേക്ഷകര്‍ക്ക് ഒരു മികച്ച സിനിമാനുഭവം നല്‍കാനാവുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം മനസുതുറന്നു. സിനിമയുടെ തിരക്കഥ വായിച്ച ശേഷം ചിത്രം ചെയ്യാനുളള തീരുമാനമെടുത്തുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇത് ജീവിതകാലം മുഴുവൻ വ്യാപിക്കുന്ന ഒരു അച്ഛന്‍-മകന്‍ ബന്ധം കാണിക്കുന്ന ഹൈ എനർജി ഡ്രാമയാണ്. സംവിധായകന്‍ നന്ദകിഷോറിന്‍റെ കാഴ്‌ചപ്പാട് എന്നില്‍ മതിപ്പുളവാക്കി, എവിഎസ് സ്റ്റുഡിയോയുമായി ഈ ചിത്രത്തിനായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്, മോഹന്‍ലാല്‍ പറഞ്ഞു.
എല്ലാ നല്ല സിനിമയുടെയും കാതൽ നിങ്ങളുമായി ബന്ധം പുലർത്തുന്ന കഥാപാത്രങ്ങളാണ്, സിനിമ കണ്ടതിന് ശേഷവും വർഷങ്ങളോളം ആ കഥാപാത്രങ്ങള്‍ നിങ്ങളുടെ മനസില്‍ നില്‍ക്കുന്നു. കഴിഞ്ഞ 5 വർഷമായി ഞാൻ 'വൃഷഭ' എഴുതുന്നു. മോഹൻലാൽ സാറിനൊപ്പം പ്രവർത്തിക്കുക എന്നത് ഒരു സ്വപ്‌ന സാക്ഷാത്കാരമാണ്, സിനിമയെ തിയറ്ററുകളിലെത്തിക്കാനുള്ള ആവേശത്തിലാണ് ഞാൻ, സംവിധായകന്‍ നന്ദകിഷോര്‍ പറഞ്ഞു.
ശ്യാം സുന്ദറിന്‍റെ ഫസ്റ്റ് സ്റ്റെപ്പ് മൂവീസുമായി സഹകരിച്ചുളള എവിഎസ് സ്റ്റുഡിയോയുടെ അവതരണമാണ് വൃഷഭ.