മലയാളത്തിന്റെ അഭിനയ കുലപതി മോഹന്‍ലാൽ (Mohanlal) ആദ്യമായി സംവിധാനക്കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ് (Barroz). മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകർഷിച്ച 'ബറോസ്' നിലവിൽ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഇപ്പോഴിതാ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പ്രശസ്‌ത ആക്ഷന്‍ ഡയറക്‌ടര്‍ ജയ് ജെ ജക്രിത് പുറത്തുവിട്ട വീഡിയോയാണ് സിനിമ പ്രേമികള്‍ക്കിടയില്‍ ചർച്ചയായി മാറിയത്. 'ബറോസി'നുവേണ്ടി ചെയ്‌ത ഒരു പ്രീ വിഷ്വലൈസേഷന്‍ (Barroz pre visualization video) ആണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്തുവിട്ടത്. തകർപ്പൻ ആക്ഷൻ രംഗങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന സൂചനയാണ് ഈ വീഡിയോ നൽകുന്നത്.
അനിമേഷനോ ചിത്രീകരണത്തിനോ മുന്‍പ് ചെയ്യുന്ന റിഹേഴ്‌സലിനെയാണ് പ്രീ വിഷ്വലൈസേഷന്‍ എന്ന് പറയുന്നത്. അതേസമയം സിനിമയ്‌ക്ക് വേണ്ടി ചിത്രീകരിച്ച സമാനരംഗം എഡിറ്റില്‍ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആകര്‍ഷകമായ ആയോധന മുറകൾ ഉൾക്കൊള്ളിച്ച വീഡിയോയ്‌ക്ക് സോഷ്യല്‍ മീഡിയയില്‍ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 'ബറോസി'ന്‍റെ അപ്ഡേറ്റുകള്‍ പുറത്തെത്തിയിട്ട് ഏറെക്കാലമായി എന്നതിനാൽ ആരാധകർ ആവേശപൂർവം വീഡിയോ ഏറ്റെടുക്കുകയാണ്.
സംവിധാനം മാത്രമല്ല ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന 'ബറോസ്' ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‌ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ഒരുക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
2019 ഏപ്രിലിലാണ് മോഹൻലാൽ തന്‍റെ ആദ്യ സംവിധാന സംരംഭത്തിന്‍റെ പ്രഖ്യാപനം നടത്തുന്നത്. തുടർന്ന് 2021 മാര്‍ച്ച് 24ന് ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ലോഞ്ചും നടന്നു. 170 ദിവസത്തോളം നീണ്ട ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ പുരോഗമിക്കുകയാണ്.
അതേസമയം ചിത്രം ഓണം റിലീസ് ആയാണ് പ്ലാന്‍ ചെയ്യുന്നതെന്ന് കലാസംവിധായകനായ സന്തോഷ് രാമന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു ഇന്‍റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലായിരിക്കും 'ബറോസ്' ആദ്യം അവതരിപ്പിക്കുകയെന്ന് ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.
READ MORE: പ്രണവിന് ആക്ഷൻ പറഞ്ഞ് മോഹന്‍ലാല്‍; ബറോസില്‍ പ്രണവ് മോഹന്‍ലാലും?
മോഹൻലാലിനൊപ്പം സംവിധായകന്‍ ടികെ രാജീവ് കുമാറും ചേർന്നാണ് 'ബറോസ്' സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിജോ പുന്നൂസാണ്. സന്തോഷ് ശിവൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനിങ് കൈകാര്യം ചെയ്യുന്നത് സന്തോഷ് രാമൻ ആണ്.
അടുത്തിടെ 'ബറോസ്' ലൊക്കേഷനിലേതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ടെന്ന സൂചന നൽകുന്നതായിരുന്നു ആ വീഡിയോ. ക്യാമറയ്‌ക്ക് മുന്നില്‍ പ്രണവ് മോഹന്‍ലാലിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണാൻ കഴിയുക. സെറ്റില്‍ നില്‍ക്കുന്ന പ്രണവിനോട് മോഹന്‍ലാല്‍ ഷോട്ട് വിവരിക്കുന്നതും കാണാം. വീഡിയോയില്‍ സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍, സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസന എന്നിവരും ഉണ്ടായിരുന്നു.