മോഹന്‍ലാല്‍ ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് 'ബറോസ്'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രമാണ് മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭത്തിലൊരുങ്ങുന്ന 'ബറോസ്'. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നടന്‍.
അവതാര്‍ രണ്ടാം ഭാഗത്തിനൊപ്പം 'ബറോസ്' ട്രെയിലര്‍ റിലീസ് ചെയ്യുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. ഒരു സ്വകാര്യ റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം 'ബറോസ്' വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് പദ്ധതിയെ കുറിച്ചും താരം വ്യക്തമാക്കിയിട്ടുണ്ട്.
'ബറോസിന്‍റെ ചിത്രീകരണവും എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്‌പെഷ്യല്‍ എഫക്‌ട്‌സ് ചെയ്യാനുണ്ട്. ഒരു തായ്‌ലന്‍ഡ് കമ്പനിയാണ് അത് ചെയ്യുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് ഞങ്ങള്‍. 'അവതാര്‍ 2'നൊപ്പം 'ബറോസി'ന്‍റെ ട്രെയിലര്‍ കാണിക്കാന്‍ സാധിക്കട്ടെ. ഇന്ത്യന്‍ ഭാഷകളിലെല്ലാം ചിത്രം എത്താം. ഏത് ഭാഷകളില്‍ വേണമെങ്കിലും സബ് ടൈറ്റില്‍ ചെയ്യാം', മോഹന്‍ലാല്‍ പറഞ്ഞു.
ഡിസംബര്‍ 16നാണ് 'അവതാര്‍ 2' റിലീസ് ചെയ്യുന്നത്. സിനിമാസ്വാദകര്‍ കാത്തിരിക്കുന്ന 'ബറോസ്' ട്രെയിലറും ഇതേ ദിനം തന്നെ റിലീസിനെത്തും. ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള നിരവധി അഭിനേതാക്കളും സാങ്കേതിക വിദഗ്‌ധരും ഭാഗമാകുന്നുണ്ട്.
സിനിമ ഇതിനോടകം തന്നെ വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. വ്യത്യസ്‌ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കാണ് ചിത്രത്തില്‍ താരത്തിന്. ഡി ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിന്‍റെ വേഷമാണ് സിനിമയില്‍ മോഹന്‍ലാലിന്.
Also Read: റാം 50 ശതമാനം പൂര്‍ത്തിയായി; മോഹന്‍ലാല്‍ ഇനി മൊറോക്കോയില്‍