തൻ്റെ പുതിയ ചിത്രത്തിൻ്റെ വരവറിയിച്ച് മലയാളി സിനിമാസ്വാദകരുടെ ഇഷ്‌ട സംവിധായകൻ മിഥുൻ മാനുവല്‍ തോമസ്. ‘ഏബ്രഹാം ഓസ്‍ലര്‍’ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലർ ചിത്രവുമായാണ് മിഥുൻ മാവുവൽ എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. 'നിങ്ങൾ അന്വേഷിക്കുന്ന സത്യം നിങ്ങളെ അന്വേഷിക്കുകയാണ്' എന്ന ക്യാപ്‌ഷനോടെയാണ് മിഥുൻ മാനുവല്‍ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
2020ല്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘അഞ്ചാം പാതിരാ'യ്‌ക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏബ്രഹാം ഓസ്‍ലർ. ജയറാം ആണ് ചിത്രത്തിലെ നായകൻ. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്.
ഇര്‍ഷാദ് എം. ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ‘ഏബ്രഹാം ഓസ്‍ലറി'ൻ്റെ നിർമാണം. വലിയ ബജറ്റുള്ള മെഡിക്കൽ ത്രില്ലര്‍ ഗണത്തിൽപെടുന്ന ചിത്രമാകുമിതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേസമയം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആയിരുന്നു മിഥുൻ്റെ അവസാന ചിത്രമായ ‘അഞ്ചാം പാതിരാ'.
ഡോ. രണ്‍ധീര്‍ കൃഷ്‌ണന്‍ ആണ് പുതിയ ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, അനശ്വര രാജന്‍, സെന്തില്‍ കൃഷ്‌ണ, ജഗദീഷ്, സായ് കുമാര്‍, ആര്യ സലിം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രാഹകനാകുന്ന ചിത്രത്തിൻ്റെ എഡിറ്റർ സൈജു ശ്രീധരനാണ്.
മിഥുന്‍ മുകുന്ദന്‍ ആണ് ചിത്രത്തിന് ഈണം പകരുന്നത്. ഗോകുല്‍ ദാസ് ആണ് കലാസംവിധായകൻ. എക്‌സ്ക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ക്രിയേറ്റീവ് ഡയറക്‌ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് എസ്.ബി.കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോടൂത്ത്‌സ് എന്നിവരും അണിയറയിലുണ്ട്.
സിനിമയുടെ ചിത്രീകരണം മെയ് 20ന് ആരംഭിക്കും. തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണമെന്നാണ് റിപ്പോർട്ടുകൾ.
2019ൽ പുറത്തിറങ്ങിയ 'മകള്‍' എന്ന ചിത്രത്തിന് ശേഷം ജയറാം അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘ഏബ്രഹാം ഓസ്‍ലര്‍’. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത 'മകളി'ൽ മീര ജാസ്‌മിൻ ആയിരുന്നു ജയറാമിൻ്റെ നായിക. എന്നാൽ ബോക്‌സ് ഓഫിസിൽ വലിയ ചലനം സൃഷ്‌ടിക്കാൻ ചിത്രത്തിനായിരുന്നില്ല.
അതുകൊണ്ടുതന്നെ മലയാളത്തില്‍ ഏറെ ശ്രദ്ധയോടെയാണ് താരം പ്രൊജക്റ്റുകള്‍ തെരഞ്ഞെടുക്കുന്നത്. അതേസമയം ഇതരഭാഷകളില്‍ ഏഴ് ചിത്രങ്ങൾ ഇക്കാലയളവിൽ അദ്ദേഹത്തിന്‍റേതായി പുറത്തെത്തി. ഇതിൽ മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വനും' 'അല വൈകുണ്‌ഠപുരമുലോ'യും ഉൾപ്പെടും.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ 'പൊന്നിയിന്‍ സെല്‍വനി'ൽ 'ആഴ്‌വാര്‍ക്കടിയന്‍ നമ്പി' എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. ഐശ്വര്യാ റായ് ബച്ചൻ, വിക്രം, ജയംരവി, കാർത്തി, തൃഷ, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര, ഐശ്വര്യ ലക്ഷ്‌മി തുടങ്ങി ഒട്ടേറേ അഭിനേതാക്കളും ചിത്രത്തിലുണ്ട്. അതേസമയം ജയറാമിൻ്റെ മിഥുന്‍ മാനുവല്‍ തോമസിനൊപ്പമുള്ള ചിത്രം പ്രഖ്യാപന സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്. ‘ഏബ്രഹാം ഓസ്‍ലര്‍’ ജയറാമിൻ്റെ മലയാളത്തിലേക്കുള്ള വമ്പൻ തിരിച്ചു വരവായിരിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.