കോട്ടയം: ഇഷ്‌ടാനിഷ്‌ടങ്ങളും സിനിമ മോഹങ്ങളും കാഴ്ച്ചപാടുകളും തുറന്നു പറഞ്ഞ് മിസ് കേരള 2022 വിജയി ലിസ് ജയ്‌മോൻ ജേക്കബ്. കോട്ടയം കൈപ്പുഴ സ്വദേശിനിയായ ലിസ് കോട്ടയം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അഭിനയ മോഹം: ഫഹദ് ഫാസിലിനെ ആരാധിക്കുന്ന ലിസിന് സിനിമ അഭിനയത്തിലേക്ക് കടക്കാൻ താല്‍പര്യമുണ്ട്.
പണക്കാർക്ക് മാത്രമുള്ള വേദിയല്ല: സൗന്ദര്യമത്സരങ്ങള്‍ പണക്കാര്‍ക്ക് മാത്രമുള്ള വേദിയല്ലെന്നും സാധാരണക്കാര്‍ക്കും പങ്കെടുക്കാമെന്നും ലിസ് പറഞ്ഞു. മത്സരവേദിയിലെത്താനുളള കഠിന പ്രയത്‌നവും സമര്‍പ്പണവുമാണ് വേണ്ടത്.
പ്രിയപ്പെട്ട ഇടം: ഏറ്റവും ഇഷ്‌ടപ്പെടുന്ന ഇടം ഏതാണെന്ന് ചോദിച്ചാല്‍ ലിസിന് ചിന്തിക്കേണ്ട കാര്യമില്ല. മറുപടി ഉടന്‍ വരും. കൈപ്പുഴയിലെ വീട്. വൈകുന്നേരങ്ങളില്‍ പാടശേഖരങ്ങളില്‍ നിന്നു വരുന്ന കാറ്റില്‍ അലിഞ്ഞ് വീടിന്‍റെ തിണ്ണയിലിരുന്ന് ആവിപറക്കുന്ന ചായ കുടിക്കുമ്പോഴുളള സന്തോഷം എങ്ങും കിട്ടില്ല. വീടാണ് തന്‍റെ പ്രിയപ്പെട്ട ഇടം.
ആരോഗ്യകരമായ ഭക്ഷണത്തിന് പ്രധാന്യം നൽകാം: ഭക്ഷ്യവിഷബാധ മരണത്തിലേക്ക് എത്തുമ്പോള്‍ വീട്ടിലെ ഭക്ഷണത്തിന് മുൻഗണന നല്‍കണമെന്നാണ് ലിസ് പറയുന്നത്. പുറത്തുപോകുമ്പോള്‍ കഴിക്കാതെ തരമില്ല. പക്ഷേ സൂക്ഷിക്കണം.
ഉയരത്തെ ഓർത്ത് വിഷമിച്ച സ്‌കൂൾ ജീവിതം: കേരളത്തിലെ സുന്ദരിമാരില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോഴും പൊക്കകൂടുതൽ കാരണം സങ്കടകരമായ സ്‌കൂള്‍ കാലമാണ് ലിസിന്‍റെ ഓര്‍മകളിൽ. അതുകൊണ്ടു തന്നെ അന്ന് സംഘ നൃത്ത ഇനങ്ങളില്‍ പങ്കെടുക്കാന്‍ വിരളമായേ പറ്റിയുള്ളൂ. പൊക്കം കാരണം സഹോദയ ഫെസ്‌റ്റിവലിന് മുതിർന്ന ക്ലാസിലെ കുട്ടികളുടെ ടീമിലാണ് തന്നെ ചേർത്തത്.
ഉയരമുളളതിനാല്‍ ഏറ്റവും അവസാനത്തെ നിരയിലായിരുന്നു എപ്പോഴും സ്ഥാനം. പക്ഷേ സൗന്ദര്യമത്സരങ്ങളില്‍ ഉയരം ഒരു ഘടകമാണ്. ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിയാനും പൊക്കം നല്ലതാണെന്ന് പിന്നീട് മനസിലാക്കി. അതോടെ ഉയരത്തോടുളള അപകര്‍ഷത ഇല്ലാതായി.
കോളജ് കാലം: എല്ലാവരും റോള്‍ മോഡല്‍സാണ്. എല്ലാവരിലും നന്മയുണ്ട്. സ്‌കൂള്‍ കാലത്ത് പണമായിരുന്നു എല്ലാം. എന്നാല്‍ കോളജിലെത്തിയപ്പോള്‍ അത് മാറി. വിനയവും അനുകമ്പയും എളിമയുമാണ് ജീവിത നന്മ എന്നു മനസിലാക്കി. കലാലയ ജീവിതം പഠിപ്പിച്ചത് എളിമയാണ്.
മിസ് കേരളയായത് അപ്രതീക്ഷിതമായിരുന്നു. ഇനി മിസ് ഇന്ത്യ മത്സരത്തിനായുളള ഒരുക്കമാണ്. കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്‍ററിലായിരുന്നു മത്സരങ്ങൾ നടന്നത്. ഗുരുവായൂർ സ്വദേശി ശാംഭവി ആണ് റണ്ണർ അപ്. നിമ്മി കെ പോൾ ആണ് സെക്കൻഡ് റണ്ണർ അപ്. 24 യുവതികളാണ് അന്തിമ ഘട്ടത്തിൽ മത്സരത്തിനുണ്ടായിരുന്നത്.
ഇന്‍ഡോ- വെസ്‌റ്റേണ്‍ കോസ്‌റ്റ്യൂമില്‍ ക്വസ്‌റ്റ്യന്‍ റൗണ്ട്, ഫൈനലില്‍ സാരി റൗണ്ട് വിത്ത് ഇന്‍ട്രൊഡക്ഷന്‍, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്‌റ്റ്യയന്‍ റൗണ്ട് എന്നീ മൂന്നു റൗണ്ടുകളിലായാണ് മത്സരം നടന്നത്. 1999 ലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യ മത്സരമായ മിസ് കേരളയ്ക്ക് തുടക്കമായത്.