Meena pens a heartfelt note: ഭര്‍ത്താവ് വിദ്യാസാഗറിനെ അനുസ്‌മരിച്ച് നടി മീന. അന്ത്യ കര്‍മങ്ങള്‍ കഴിഞ്ഞ് രണ്ടാഴ്‌ച പിന്നിടുമ്പോള്‍ വിദ്യാസാഗറിനെ കുറിച്ച് മീന പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഞങ്ങളുടെ അനുഗ്രഹമായിരുന്ന നീ ഞങ്ങളില്‍ നിന്നും വേഗം അകന്നു പോയെന്നും നീ എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്നുമാണ് മീന കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
'നിങ്ങള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് എന്നെന്നേയ്‌ക്കുമായി ഞങ്ങളില്‍ നിന്ന് അകന്നു പോയി. നിങ്ങള്‍ എന്നും ഞങ്ങളുടെയെല്ലാം മനസിലുണ്ടാകും. സ്‌നേഹവും പ്രാര്‍ഥനയും അറിയിച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല മനസുള്ളവര്‍ക്ക് നന്ദി പറയാന്‍ ഞാനും എന്‍റെ കുടുംബവും ഇപ്പോള്‍ ആഗ്രഹിക്കുകയാണ്.
ഞങ്ങള്‍ക്ക് തീര്‍ച്ചയായും ആ പിന്തുണ ആവശ്യമാണ്. സ്‌നേഹവും കരുതലും പിന്തുണയും ഞങ്ങളില്‍ ചൊരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാല്‍ ഞങ്ങള്‍ വളരെ കൃതാര്‍ഥരാണ്. ആ സ്‌നേഹം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു.' -മീന കുറിച്ചു.
കഴിഞ്ഞ ജൂണ്‍ 28നായിരുന്നു വിദ്യാസാഗര്‍ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 48 വയസ് മാത്രമായിരുന്നു പ്രായം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു വിദ്യാസാഗര്‍. ജനുവരിയില്‍ അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അസുഖം മൂര്‍ച്ഛിച്ചു.
ശ്വാസ കോശത്തില്‍ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന്‍റെ ശ്വാസകോശം മാറ്റിവയ്‌ക്കണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ ലഭിക്കാത്തതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയെങ്കിലും പിന്നീട് സ്ഥിതി ഗതികള്‍ വഷളായി. തുടര്‍ന്ന് ജൂണ്‍ 28ന് അദ്ദേഹം വിടവാങ്ങി.
വിദ്യാസാഗറിന്‍റെ മരണാനന്തര കര്‍മങ്ങളെല്ലാം നിര്‍വഹിച്ചത് മീന ആയിരുന്നു. അതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രജനികാന്ത്, ശരത് കുമാര്‍, വെങ്കടേഷ്, റാണാ ദഗുബാട്ടി, പ്രഭുദേവ, ഖുശ്‌ബു, സ്‌നേഹ തുടങ്ങി നിരവധി താരങ്ങള്‍ മീനയുടെയും കുടുംബത്തിന്‍റെയും ദു:ഖത്തില്‍ പങ്കുചേരാന്‍ മീനയുടെ വസതയില്‍ എത്തിയിരുന്നു.
ബെംഗളൂരുവില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനിയറാണ് വിദ്യാസാഗര്‍. 2009 ജൂലൈ 12നാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു വിദ്യാസാഗറിന്‍റെ അപ്രതീക്ഷിത മരണം. ഇരവരുടെയും മകളാണ് നൈനിക. 'തെരി' എന്ന സിനിമയിലൂടെ വിജയ്‌യുടെ മകളായി വേഷമിട്ട് നൈനിക അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.