എറണാകുളം : 'കണ്ണൂർ സ്ക്വാഡ്', 'തിങ്കളാഴ്‌ച നിശ്ചയം', 'ഇരട്ട' തുടങ്ങി ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച നടനാണ് മനോജ് കെ യു. മനോജിന്‍റെ രണ്ട് ചിത്രങ്ങളാണ് നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ 'കണ്ണൂർ സ്ക്വാഡി'ലും, കുഞ്ചാക്കോ ബോബൻ - ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ചാവേറി'ലും മനോജ് ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ മനോജ് കെയു തന്‍റെ കരിയര്‍ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ്.
സംവിധായകന്‍ ടിനു പാപ്പച്ചനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നാണ് മനോജ് പറയുന്നത്. 'ചാവേറിലെ മുസ്‌തഫ എന്ന കഥാപാത്രം കരിയറിൽ ഏറ്റവും അധികം പ്രതീക്ഷിച്ചിരുന്നതാണ്. ടിനു പാപ്പച്ചനെ പോലെ മലയാള സിനിമ ഉറ്റുനോക്കുന്ന ഒരു സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. സിനിമയ്‌ക്കെതിരെ സൈബർ ലോകത്ത് നടക്കുന്ന ആക്രമണങ്ങളെ ന്യായീകരിക്കാൻ ആകില്ല.
ഇത്തരം റിവ്യൂ ബോംബിങ് ആദ്യ സമയങ്ങളിൽ ചാവേറിനും ബാധിക്കപ്പെട്ടിരുന്നു. പക്ഷേ നല്ല സിനിമകളെ തെരഞ്ഞെടുക്കാനുള്ള ബോധം മലയാളികൾക്കുണ്ട്. സാമൂഹിക രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്ന ജോയ് മാത്യുവിന്‍റെ തിരക്കഥയിൽ ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ സ്വാഭാവികമായും അത്തരം രാഷ്ട്രീയതലം പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. പക്ഷേ ചാവേറിന്‍റെ രാഷ്ട്രീയം മനുഷ്യന്‍റെ രാഷ്ട്രീയമാണ്. ആക്ഷന് മാത്രമല്ല സിനിമയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മാനുഷിക മൂല്യങ്ങളെ കുറിച്ചും സാമൂഹിക രാഷ്ട്രീയ ബോധത്തെ കുറിച്ചും ചിത്രം ചർച ചെയ്യുന്നു.
ടിനു പാപ്പച്ചൻ എന്ന സംവിധായകൻ സിനിമയെ കുറിച്ച് കൃത്യമായ ധാരണകൾ ഉള്ള വ്യക്തിയാണ്. ഒരു ചലച്ചിത്രത്തെ സംബന്ധിച്ചിടത്തോളം ഒരു സിനിമയുടെ ആദ്യത്തെ പ്രേക്ഷകൻ സംവിധായകൻ തന്നെയാണ്. പ്രേക്ഷകൻ കാണുന്നതിന് മുമ്പ് കഥാപാത്രങ്ങളുടെ പ്രകടനം ആദ്യം കണ്ട് വിലയിരുത്തുന്നത് സംവിധായകനാണ്. ചാവേറിന്‍റെ ആദ്യ പ്രേക്ഷകൻ എന്ന നിലയിൽ ടിനു പാപ്പച്ചന് തെറ്റ് സംഭവിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ച് കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിൽ താൻ സന്തുഷ്‌ടനായിരുന്നു' -മനോജ് കെയു പറഞ്ഞു.
കണ്ണൂര്‍ സ്‌ക്വാഡിലെ തന്‍റെ കഥാപാത്രത്തെ കുറിച്ചും മനോജ് വാചാലനായി. 'മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിലെ വഹാബ് എന്ന കഥാപാത്രവും ഇപ്പോൾ തിയേറ്ററുകളിൽ ഉണ്ട്. കാസർകോട് സംഭവിച്ച ഒരു യഥാർഥ കൊലപാതക വിഷയവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ കഥാപാത്രം പ്രതികളെ ഇന്ത്യ ഒട്ടാകെ തേടി പോകുന്നതാണ് സിനിമയുടെ കഥാതന്തു. വഹാബിന്‍റെ കഥാപാത്രം യഥാർഥ ജീവിതത്തിലെ കഥാപാത്രവുമായി യാതൊരു ബന്ധവുമില്ല. ചിത്രത്തിലെ ഏറ്റവും ആഴമേറിയ രംഗങ്ങളിൽ ഒന്നായ മോഷണ കൊലപാതക സീൻ ചിത്രീകരിച്ചിരിക്കുന്നത് ക്രിയേറ്ററുടെ ഭാവനയെ അടിസ്ഥാനപ്പെടുത്തി തന്നെയാണ്. അതിന് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല.
കാസർകോട് കൊലപാതകത്തെ കുറിച്ച് തനിക്ക് വ്യക്തമായ ബോധ്യമുണ്ട്. ചിത്രത്തിൽ വഹാബിന്‍റെ മകളെ ലൈംഗികമായി ഒക്കെ ഉപദ്രവിക്കുന്നുണ്ട്. യഥാർഥ കേസിൽ അത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്‌തിട്ടില്ല. മമ്മൂട്ടിയുടെ കഥാപാത്രത്തിന് കൂടുതൽ ഇമോഷണൽ കണക്‌ട് നൽകാൻ തികച്ചും ഭാവന സമ്പുഷ്‌ടമായാണ് ആ രംഗം ചിത്രീകരിച്ചിരിക്കുന്നത്. വഹാബിന്‍റെ കൊലപാതകികളെ തേടിയാണ് മമ്മൂട്ടിയുടെ കഥാപാത്രം ഇന്ത്യ ഒട്ടാകെ 6,000 കിലോമീറ്റർ സിനിമയിൽ സഞ്ചരിക്കുന്നത്' -മനോജ് കൂട്ടിച്ചേര്‍ത്തു.
മനോജിന്‍റെ മറ്റ് രണ്ട് ചിത്രങ്ങളാണ് 'ഇരട്ട'യും 'പ്രണയവിലാസ'വും. ഈ സിനിമകളെ കുറിച്ചും നടന്‍ പ്രതികരിക്കുന്നുണ്ട്. പ്രണയവിലാസത്തിലെ കഥാപാത്രം കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ഒന്നു തന്നെ. 'ഇരട്ട' എന്ന ജോജു ജോർജ് ചിത്രത്തിൽ അഭിനയിക്കവെയാണ് പ്രണയവിലാസത്തിലെ കഥാപാത്രം തേടിയെത്തുന്നത്. അച്ഛന്‍റെ പ്രണയം തേടി അച്ഛനും മകനും ഒരുമിച്ച് കഴിഞ്ഞ കാലത്തേക്ക് യാത്ര ചെയ്യുന്നതാണ് പ്രണയവിലാസത്തിന്‍റെ കഥാസംഗ്രഹം. ചിത്രത്തിലെ കഥാപാത്രത്തെ പോലെ താനും മനസിൽ പ്രണയം സൂക്ഷിക്കുന്ന ഒരാളാണ്. പല കാലങ്ങളിൽ പല പ്രണയങ്ങൾ ജീവിതത്തിൽ സൂക്ഷിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രണയമുണ്ട്, അത് സ്വന്തം ഭാര്യയോട് മാത്രം' -മനോജ് പറഞ്ഞു.
മലബാർ ഭാഷ സംസാരിക്കുന്നതിന് മനോജിന് ഒരു പ്രത്യേക വൈദഗ്‌ധ്യം തന്നെയുണ്ട്. ഇതേകുറിച്ചും മനോജ് മനസു തുറക്കുന്നുണ്ട്. 'തിങ്കളാഴ്‌ച നിശ്ചയ'ത്തിൽ കാസർകോട് കാഞ്ഞങ്ങാട് ഭാഷയാണ് സംസാരിക്കുന്നത്. അതുപോലെ കണ്ണൂർ ഭാഷ സംസാരിക്കുന്ന 'പ്രണയവിലാസം'. മറ്റു ചില ചിത്രങ്ങളിൽ കോഴിക്കോടൻ ഭാഷ സംസാരിക്കുന്നുണ്ട്. എന്നാൽ മലബാർ ഭാഷ മാത്രമല്ല തനിക്ക് വഴങ്ങുന്നത്, കോട്ടയം ഭാഷ സംസാരിക്കുന്ന കഥാപാത്രമായും തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന കഥാപാത്രമായും ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഇത്തരം രീതിയിൽ അഭിനയിക്കുന്നതിന് മുന്നൊരുക്കങ്ങൾ ഒന്നും തന്നെ നടത്താറില്ല' -മനോജ് കെയു പറഞ്ഞു.
മോഹൻലാൽ, മമ്മൂട്ടി, തിലകൻ തുടങ്ങി മഹാനടന്‍മാരുടെ അഭിനയം ജീവിതത്തിൽ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. സിനിമ അക്കാദമികളിലോ ഡ്രാമ സ്‌കൂളിലോ ഒന്നും തന്നെ പഠിച്ചിട്ടല്ല അഭിനയ രംഗത്തേക്ക് മനോജ് കടന്നു വന്നത്. പാഷനെ പിന്തുടർന്ന് തന്നെയാണ് ഇപ്പോഴുള്ള യാത്രയെന്നും നടന്‍ പറഞ്ഞു. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ നാടക കലാകാരനായിരുന്ന മനോജ്, പുതിയ കാലഘട്ടത്തിൽ നാടക പ്രവർത്തകരുടെ ഭാവി എന്താണെന്ന ആശങ്കയും പങ്കുവച്ചു.