പ്രദര്‍ശനത്തിനെത്തി ആദ്യ ദിവസം തന്നെ കേരളത്തില്‍ നിന്ന് മാത്രം നാലു കോടിയോളം രൂപ കലക്ഷന്‍ നേടി മമ്മൂട്ടി ചിത്രം റോഷാക്ക്. ആഗോള തലത്തില്‍ അഞ്ച് കോടിക്കും മുകളിലാണ് റോഷാക്കിന്‍റെ കലക്ഷന്‍. ഫ്രൈഡേ മാറ്റിനിയാണ് ചിത്രത്തിന്‍റെ ആദ്യ ദിന കലക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്.
കേരളത്തില്‍ 250 സ്‌ക്രീനുകളിലായി 815 ഷോകളോടെയാണ് റോഷാക്ക് പ്രദര്‍ശനത്തിന് എത്തിയത്. പ്രൊമോഷന്‍ ഉള്‍പ്പെടെ 20 കോടിയായിരുന്നു റോഷാക്കിന്‍റെ ബജറ്റ്. കലക്ഷന്‍ 30 കോടിയിലെത്തിയാല്‍ ചിത്രം ഹിറ്റ് സ്റ്റാറ്റസ് നേടും.
കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‌ത ചിത്രമാണ് റോഷാക്ക്. ഒക്‌ടോബര്‍ 7നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ലൂക്ക് ആന്‍റണി എന്ന കഥാപാത്രമായാണ് മെഗാസ്റ്റാര്‍ റോഷാക്കില്‍ പ്രത്യക്ഷപ്പെട്ടത്.
നടന്‍ ആസിഫ് അലി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഗ്രേസ് ആന്‍റണി, ജഗദീഷ്, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്‌ദുല്‍ ആണ് റോഷാക്കിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ചിത്ര സംയോജനം കിരണ്‍ ദാസും സംഗീതം മിഥുന്‍ മുകുന്ദനും സൗണ്ട് ഡിസൈനര്‍ നിക്‌സണും നിര്‍വഹിച്ചിരിക്കുന്നു. പ്രോജക്‌റ്റ് ഡിസൈനര്‍ ബാദുഷ, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍-എസ് ജോര്‍ജ്, വസ്‌ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ പ്രതീഷ് ശേഖര്‍.