മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ പുതിയ പ്രൊജക്‌ടുകളില്‍ ഒന്നാണ് 'ബസൂക്ക'. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ 'ബസൂക്ക'യുടെ ഓരോ പുതിയ വിശേഷങ്ങളും വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ഫേസ്‌ബുക്കിലൂടെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
- " class="align-text-top noRightClick twitterSection" data="">
'ബസൂക്ക'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസിനെ കുറിച്ചുള്ള പ്രഖ്യാപനവുമായാണ് താരം എത്തിയിരിക്കുന്നത്. നാളെ (ജൂണ്‍ രണ്ട്) ആറ് മണിക്കാണ് 'ബസൂക്ക'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്യുക. ഫസ്‌റ്റ് ലുക്ക് പ്രഖ്യാപന പോസ്‌റ്ററും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. പോസ്‌റ്റിന് പിന്നാലെ ആശംസകളും ചുവന്ന ഹാര്‍ട്ട് ഇമോജികളുമായി നിരവധി പേര്‍ കമന്‍റ് ബോക്‌സ് നിറച്ചു.
നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സ്യൂട്ട് ധരിച്ച് കൈകളുടെ പിറകില്‍ തോക്കൊളിപ്പിച്ച് ശാന്തനായി നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു ടൈറ്റില്‍ പോസ്‌റ്ററില്‍. കൈയില്‍ തോക്കുണ്ടെങ്കിലും തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന നായകനെയാണ് പോസ്‌റ്ററില്‍ കാണാനാവുക.
അടുത്തിടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. എറണാകുളത്തായിരുന്നു ചിത്രീകരണം ആരംഭിച്ചത്. വിവേകികളുടെ ഗെയിം കൂടിയാണ് 'ബസൂക്ക'യുടെ കഥ എന്നാണ് സിനിമയെ കുറിച്ച് മുമ്പൊരിക്കല്‍ മമ്മൂട്ടി പറഞ്ഞത്.
'ആസ്വാദകരെ അമ്പരപ്പിക്കുന്ന ഒരു തിരക്കഥ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്. ഒരു ആക്ഷന്‍ ചിത്രമാണ് ബസൂക്ക. വിവേകികളുടെ ഗെയിം കൂടിയാണ് ഈ കഥ. കൂടാതെ ശക്തമായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രങ്ങളുണ്ട്. വളരെ നന്നായി ഒരുക്കിയ തിരക്കഥ ആണിത്. ബസൂക്കയിലെ എന്‍റെ കഥാപാത്രം എന്നെ വളരെ രസകരമായ ഒരു യാത്രയിലേക്ക് കൊണ്ടുപോകും എന്ന് ഉറപ്പാണ്' - ഇപ്രകാരമാണ് ചിത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.
ഷൈൻ ടോം ചാക്കോ, നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും. നിമിഷ് രവിയാണ് ഛായാഗ്രഹണം. നിഷാദ് യൂസഫ് എഡിറ്റിങും നിര്‍വഹിക്കും. മിഥുൻ മുകുന്ദനാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക. തിയേറ്റർ ഓഫ് ഡ്രീംസ്, സരിഗമ എന്നീ ബാനറുകളിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സിദ്ധാർഥ് ആനന്ദ് കുമാർ, വിക്രം മെഹ്ര എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
നവാഗതനായ ഡീനൊ ഡെന്നിസാണ് സിനിമയുടെ സംവിധാനം. ഡീനൊ ഡെന്നിസ് തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. 'എന്നിട്ടും', 'ഒറ്റനാണയം' തുടങ്ങി സിനിമകളിൽ ഡീനൊ ഡെന്നിസ് അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. പ്രശസ്‌ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്‍റ മകനാണ് ഡീനൊ ഡെന്നിസ്.
സംവിധായകൻ ജോഷിയുമായി സഹകരിച്ച് കലൂര്‍ ഡെന്നിസ് നിരവധി സിനിമകള്‍ ചെയ്‌തിട്ടുണ്ട്. മമ്മൂട്ടിയുടെ 'പ്രതിജ്ഞ', 'ഇടവേളയ്ക്ക് ശേഷം', 'കൂട്ടിനിളംകിളി', 'മലരും കിളിയും', 'ആ രാത്രി', 'സന്ദർഭം', 'അലകടലിനക്കരെ' തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥകള്‍ രചിച്ചിട്ടുണ്ട് കലൂര്‍ ഡെന്നിസ്.
നിസാം ബഷീറിന്‍റെ 'റോഷാക്ക്', ബി ഉണ്ണികൃഷ്‌ണന്‍റെ 'ക്രിസ്‌റ്റഫര്‍', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' എന്നീ സിനിമകളാണ് അടുത്തിടെ മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തിയ ചിത്രം. നിരവധി പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. മമ്മൂട്ടിയുടെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്‌തമായാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഒരുക്കിയത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മാസ്‌മരിക പ്രകടനമാണ് കാണാനായത്.
സിനിമയിലെ മമ്മൂട്ടിയുടെ അഭിനയ മികവിനെ നിരവധി പേര്‍ വാനോളം പുകഴ്‌ത്തിയിരുന്നു. ജിയോ ബേബിയുടെ 'കാതൽ', അഖിൽ അക്കിനേനിക്കൊപ്പമുള്ള തെലുഗു ചിത്രം 'ഏജന്‍റ്', റോബി വർഗീസ് രാജിന്‍റെ 'കണ്ണൂർ സ്‌ക്വാഡ്' എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
Also Read: മമ്മൂട്ടിയുടെ ഗെയിം ത്രില്ലര്‍; ബസൂക്കയുടെ ചിത്രീകരണം ആരംഭിച്ചു