തൻ്റെ കോളജ് കാലഘട്ടത്തേക്കൊരു തിരിച്ചു പോക്ക് നടത്തി മെഗാസ്റ്റാർ മമ്മൂട്ടി. പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡിൻ്റെ ചിത്രീകരണത്തിൻ്റെ ഭാഗമായാണ് മമ്മൂട്ടി മഹാരാജാസ് കോളജിലെത്തിയത്. കോളജ് സന്ദർശനം ഒരു വീഡിയോ രൂപത്തിൽ മമ്മൂട്ടി തന്നെ ശബ്‌ദം നൽകി തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.
മഹാരാജാസിലെ ലൈബ്രറിയിൽ നിന്നും പഴയ കോളജ് മാഗസിൻ കണ്ടുപിടിച്ച് അതിൽനിന്നും തൻ്റെ ചിത്രം മമ്മൂക്ക കണ്ടുപിടിക്കുന്നത് വീഡിയോയിൽ കാണാനാകും. വീഡിയോയിലുടനീളം തൻ്റെ മഹാരാജാസ് ഓർമകളും, ആ കാലഘട്ടത്തിൽ നിന്ന് ഇന്നുവരെയുള്ള തൻ്റെ സഞ്ചാരവുമാണ് മമ്മൂട്ടി വിവരിക്കുന്നത്. കോളജ് സന്ദർശിച്ച മമ്മൂട്ടി വിദ്യാർഥികൾക്കൊപ്പം സെൽഫിയെടുക്കാനും മറന്നില്ല.
- " class="align-text-top noRightClick twitterSection" data="
">
‘എന്നെങ്കിലും ഒരിക്കൽ സിനിമ ഷൂട്ടിങിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വർഷങ്ങൾക്കിപ്പുറം അതും സംഭവിച്ചു. മഹാരാജാസ് കോളജ് ലൈബ്രറി. സിനിമ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും എല്ലാം അടുത്തറിയുകയും സ്വപ്‌നാടനം ചെയ്യുകയും ചെയ്‌ത സ്ഥലം. ഒരു കൗതുകത്തിന് പഴയ കോളജ് മാഗസിനുകൾ അന്വേഷിച്ചു.
നിറം പിടിച്ച ഓർമകളിലേക്ക് ആ ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രം അവർ എടുത്തു തന്നു. ഒരുപക്ഷേ ആദ്യമായി എൻ്റെ ചിത്രം അച്ചടിച്ചുവന്നത് ഇതിലായിരിക്കും എൻ്റെ കോളജ് മാഗസിനിൽ. ഒപ്പമുള്ളവർ ആവേശത്തോടെ ആ കാലത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. കാലം മാറും കലാലയത്തിൻ്റെ ആവേശം അത് മാറില്ല. ആ പുസ്‌തകത്തിലെ ചിത്രത്തിൽ നിന്നും ഇപ്പോൾ മൊബൈലിൽ പതിഞ്ഞ ആ ചിത്രത്തിലേക്കുള്ള ദൂരം’, മമ്മൂട്ടി പറഞ്ഞു.
ഒരു ഇൻവെസ്‌റ്റിഗേഷൻ ത്രില്ലറായൊരുങ്ങുന്ന കണ്ണൂർ സ്ക്വാഡ് റോബി വർഗീസാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജുമാണ്. സംഗീത സംവിധാനം സുഷിൻ ശ്യാമാണ്. കൂടാതെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.