കൊച്ചി : നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്‌മായില്‍ അന്തരിച്ചു. 93 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. വൈകിട്ട് ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയില്‍ ഖബറടക്കം നടക്കും.
മമ്മൂട്ടി ഉള്‍പ്പടെ ആറ് മക്കളാണ്. മമ്മൂട്ടി, നടന്‍ ഇബ്രാഹിം കുട്ടി, സക്കരിയ, സൗദ, അമീന, ഷഫീന എന്നിവരാണ് മക്കള്‍. കോട്ടയം ചെമ്പ് പരേതനായ പാണപറമ്പില്‍ ഇസ്‌മായില്‍ ആണ് ഭര്‍ത്താവ്. ദുല്‍ഖര്‍ സല്‍മാന്‍, മഖ്‌ബൂല്‍ സല്‍മാന്‍, അഷ്‌കര്‍ സൗദാന്‍ തുടങ്ങിയവര്‍ കൊച്ചുമക്കളുമാണ്.മമ്മൂട്ടിയുടെ ഉമ്മയുടെ വിയോഗ വാര്‍ത്തയില്‍ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തി.
അതേസമയം മുമ്പൊരിക്കല്‍ മമ്മൂട്ടിയെ കുറിച്ച് ഉമ്മ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ വീണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഉമ്മയ്‌ക്ക് മകന്‍ എന്നും മമ്മൂഞ്ഞ് ആയിരുന്നു. വല്ല്യുപ്പയുടെ പേരായ മുഹമ്മദ് കുട്ടി എന്ന പേരായിരുന്നു ആദ്യം ഇട്ടിരുന്നത്. എന്നാല്‍ പിന്നീടത് മമ്മൂട്ടിയായി മാറി. ഇന്ന് മലയാള സിനിമയുടെ അടയാളമായി മാറിയ ആ പേരിന്‍റെ പേരില്‍ മകനെ വഴക്ക് പറഞ്ഞിട്ടുണ്ടെന്ന് ഉമ്മ പറഞ്ഞിരുന്നു.
'മമ്മൂട്ടി എന്ന് പേര് മാറ്റിയപ്പോള്‍ ഒരുപാട് അവനെ വഴക്ക് പറഞ്ഞിട്ടുണ്ട്. എനിക്ക് അന്നും ഇന്നും എന്നും മമ്മൂട്ടി, മമ്മൂഞ്ഞ് ആണ്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമാണ് ഒരു കുഞ്ഞിന് വേണ്ടി ഞങ്ങള്‍ കാത്തിരുന്നത്. അത്രയ്‌ക്ക് കൊതിച്ചുണ്ടായ കുഞ്ഞ് ആയതിനാല്‍ എല്ലാവരും ഏറെ പുന്നാരിച്ചിരുന്നു. വല്ല്യുപ്പയും വല്ല്യുമ്മയുമാണ് മമ്മൂട്ടിയെ വളര്‍ത്തിയത്.
ജനിച്ച് എട്ടാം മാസത്തില്‍ തന്നെ അവന്‍ മുലകുടി നിര്‍ത്തിയിരുന്നു. പാലൊക്കെ അന്നേ കുടിച്ച് തീര്‍ത്തത് കൊണ്ടാവാം ഇന്നവന് പാല്‍ച്ചായ വേണ്ട, കട്ടന്‍ മാത്രമാണ് കുടിക്കുന്നത്. (തമാശ രൂപേണയാണ് പറഞ്ഞത്). ചെറുപ്പത്തില്‍ ഓട്ടവും ചാട്ടവും തന്നെയായിരുന്നു. ഒരു സമയവും അടങ്ങിയിരിക്കാത്ത പ്രകൃതമായിരുന്നു. 14 വയസ്സുള്ളപ്പോള്‍ തന്നെ ചെമ്പില്‍ നിന്നും ഒറ്റയ്‌ക്ക് കെട്ടുവള്ളവുമായി അക്കരെ പൂച്ചാക്കല്‍ വരെ പോയിട്ടുണ്ട്. തുഴയാനൊക്കെ അന്നേ നല്ല മരുങ്ങായിരുന്നു. തിരിച്ചുവന്നപ്പോള്‍ ഞാന്‍ നല്ലത് കൊടുത്തു. അടികൊണ്ട് അവന്‍ വള്ളത്തിലേയ്‌ക്ക് വീണു.
കുട്ടിക്കാലത്ത് തന്നെ അവന്‍റെ മനസ്സില്‍ സിനിമയായിരുന്നു. ബാപ്പയാണ് ആദ്യമായി അവനെ സിനിമ കാണിക്കുന്നത്. ചെമ്പിലെ കൊട്ടകയില്‍ കൊണ്ടുപോയാണ് സിനിമ കാണിച്ചിരുന്നത്. പിന്നീട് അനിയന്‍മാരുടെ കൂടെയായി പോക്ക്. ഒരു സിനിമ പോലും വിടുമായിരുന്നില്ല. കോളജില്‍ എത്തിയപ്പോള്‍ മമ്മൂട്ടി അഭിനയിച്ച് തുടങ്ങിയിരുന്നു. സെറ്റിലെ ഓരോ വിശേഷങ്ങളും അവന്‍ വീട്ടില്‍ വന്ന് പറയും. ചെറുപ്പത്തില്‍ തന്നെ അവന്‍ സ്വന്തം വഴി തിരിച്ചറിഞ്ഞു.
Also Read: അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ക്കൊപ്പം അന്ത്യ വിശ്രമം കൊള്ളുന്ന ഇന്നസെന്‍റ്
ആദ്യ കാലത്ത് ഒന്ന് രണ്ട് സിനിമകള്‍ അവനൊപ്പം ഞാന്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. അവന്‍റെ എല്ലാ സിനിമകളും എനിക്ക് ഇഷ്‌ടമാണ്. കാണാമറയത്തും തനിയാവര്‍ത്തനവുമാണ് ഇഷ്‌ടപ്പെട്ട സിനിമകള്‍. സിനിമയ്‌ക്ക് വേണ്ടി പല ത്യാഗങ്ങളും അവന്‍ സഹിച്ചു. മകന്‍ വലിയ ആളായി എന്നതില്‍ ഒരിക്കലും അഹങ്കരിച്ചിട്ടില്ല. ബാപ്പയ്‌ക്ക് അവനെ ഡോക്‌ടര്‍ ആക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ അവന്‍ നടനായി ' - മമ്മൂട്ടിയെ കുറിച്ചുള്ള ഉമ്മയുടെ വാക്കുകള്‍.