മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്‌മായിലിന്‍റെ വിയോഗത്തില്‍ വേദനയിലാണ് താര കുടുംബം. സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രിയ നടന്‍റെ മാതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തി. ട്രേഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ളയും മമ്മൂട്ടിയുടെ ഉമ്മയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമ്മയെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്‍റെ ഉമ്മ ഒരു പാവമായിരുന്നു എന്നാണ് മമ്മൂട്ടി അന്ന് പറഞ്ഞത്.
'എന്‍റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്‍റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലും ഒന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്‍റെ സിനിമയില്‍ ഏതാണ് ഇഷ്‌ടം, ഏത് കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്ന് ആരെങ്കിലും ചോദിച്ചാലും ഉമ്മ കൈ മലര്‍ത്തും. അങ്ങനെ ഒന്നും പറയാന്‍ ഉമ്മയ്‌ക്ക് അറിയില്ല' -മമ്മൂട്ടി പറഞ്ഞു.
പ്രകോപിപ്പിക്കാന്‍ നോക്കിയാലും തന്‍റെ ഉമ്മ ചിരിക്കാറാണ് പതിവെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. 'ഉമ്മയ്‌ക്ക് എന്നെ ഒട്ടും ഇഷ്‌ടമല്ലെന്നും മറ്റ് മക്കളോടാണ് കൂടുതല്‍ സ്‌നേഹമെന്നും പറഞ്ഞ് ഞാന്‍ ഇടയ്‌ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും.
കുറേ ദിവസമായി ഉമ്മ ഇപ്പോള്‍ എന്‍റെ വീട്ടിലുണ്ട്. പെട്ടെന്നൊരു ദിവസം ഉമ്മയ്‌ക്ക് തോന്നും ഇളയ മകന്‍റെ അടുത്തേയ്‌ക്ക് പോകണമെന്ന്. എന്നെ അവിടെ കൊണ്ടാക്ക് എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്‌ച അവിടെ താമസിച്ച് കഴിഞ്ഞ് അടുത്ത മകന്‍റെ വീട്ടിലേയ്‌ക്ക് പോകും. എല്ലാ വീടുകളിലുമായി പറന്ന് നടന്ന് എല്ലായിടത്തും എന്‍റെ കണ്ണെത്തുന്നുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ' -ഉമ്മയെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍.
എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തും ആദ്യത്തെ സുഹൃത്തും അമ്മയാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. തന്‍റെ ഉമ്മ പാവമാണെന്ന് പറഞ്ഞ മമ്മൂട്ടിയെ കുറിച്ചുള്ള ഉമ്മാന്‍റെ നിഷ്‌കളങ്കമായ വാക്കുകളും മാധ്യമ ശ്രദ്ധ നേടുകയാണ്.
മമ്മൂട്ടിയുടെ സിനിമകളൊക്കെ ഉമ്മയ്‌ക്ക് ഇഷ്‌ടമാണ്. അതില്‍ തനിയാവര്‍ത്തനവും കാണാമറയത്തുമാണ് ഉമ്മയ്‌ക്ക് ഇഷ്‌ടപ്പെട്ട മമ്മൂട്ടിയുടെ സിനിമകള്‍. തനിയാവര്‍ത്തനം സിനിമയില്‍ സ്വന്തം അമ്മ തന്നെ മകനെ (മമ്മൂട്ടിയുടെ കഥാപാത്രം) വിഷം കൊടുത്ത് കൊല്ലുന്നത് കണ്ടപ്പോള്‍ നെഞ്ചില്‍ എന്തോ ഒന്ന് കുത്തി കൊണ്ടത് പോലെയാണ് തനിക്ക് തോന്നിയെന്നും താന്‍ അവന്‍റെ ഉമ്മ അല്ലേ എന്നുമാണ് മമ്മൂട്ടിയുടെ ഉമ്മ പ്രതികരിച്ചത്.
അഞ്ച് വര്‍ഷം കൊതിയോടെ കാത്തിരുന്ന് ജനിച്ച കുഞ്ഞാണ് മമ്മൂട്ടിയെന്നും അതിനാല്‍ ഒരുപാട് പുന്നാരിച്ചിരുന്നുവെന്നും ഉമ്മ പറഞ്ഞിരുന്നു. മുഹമ്മദ് കുട്ടി എന്നായിരുന്നു പേരെങ്കിലും മമ്മൂഞ്ഞ് എന്നാണ് ഉമ്മ മമ്മൂട്ടിയെ വിളിച്ചിരുന്നത്. തന്‍റെ മകന്‍ എപ്പോഴും കൂടെ ഉണ്ടാകണം എന്നായിരുന്നു ഉമ്മയുടെ ആഗ്രഹം. എന്നാല്‍ മകന്‍റെ തിരക്കുകള്‍ നന്നായി മനസിലാക്കുന്ന ഉമ്മ കൂടിയായിരുന്നു മമ്മൂട്ടിയുടെ ഉമ്മ. മമ്മൂട്ടി അടുത്തില്ലാത്ത സങ്കടം ഫാത്തിമ ഉമ്മ മാറ്റിയിരുന്നത് ഒരു വിരലു കൊണ്ട് അമര്‍ത്തുന്ന ഉപായം കൊണ്ടായിരുന്നു. ടിവിയില്‍ ദിവസവും എത്ര പ്രാവശ്യം തന്‍റെ മകന്‍ വന്നു പോകുന്നു എന്നത് നോക്കിയിരുന്നായിരുന്നു ആ ഉമ്മ തന്‍റെ സങ്കടം മറന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്‌മായില്‍ (93) അന്തരിച്ചത്. ഇന്ന് വൈകിട്ട് ചെമ്പ് ജമാഅത്ത് പള്ളിയില്‍ ഖബറടക്കം നടക്കും.
Also Read: മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്‌മായില്‍ അന്തരിച്ചു