സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. പ്രേക്ഷകരില്‍ ഏറെ ദുരൂഹതയുണര്‍ത്തുന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് ആണ് റിലീസ് ചെയ്യുന്നത്.
റിലീസിനെത്തുന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് ട്രെയിലര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‌ത ചിത്രമാണ് റോഷാക്ക്. വയലന്‍സ് രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ മൂവിയാണ് റോഷാക്ക്.
ചിത്രത്തിന്‍റെ പോസ്‌റ്ററുകളും ട്രെയിലറുകളും ആരാധകരില്‍ ഏറെ കൗതുകം ഉണര്‍ത്തിയിരുന്നു. സിനിമയുടെ പോസ്‌റ്ററുകളിലൂടെ അണിയറ പ്രവര്‍ത്തകര്‍ തുറന്ന് കാട്ടിയ നായകന്‍റെ പുതിയ ലുക്ക് ആരാധകരെ ഏറെ ആകര്‍ഷിച്ചിരുന്നു. മാത്രമല്ല ടീസര്‍ കണ്ടതോടെ സിനിമയില്‍ മമ്മൂട്ടി ഡബിള്‍ റോളില്‍ എത്തുന്നുണ്ടോ എന്നും ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുകയാണ് ആരാധകരുടെ മനസില്‍.
ടീസറില്‍ മമ്മൂട്ടിക്കൊപ്പം കാണുന്ന മുഖമൂടി ധരിച്ചയാള്‍ ആസിഫ് അലിയാണെന്നാണ് ആരാധകരുടെ കണക്ക് കൂട്ടല്‍. സിനിമ ലോകം ഇന്ന് വരെ ദര്‍ശിച്ചിട്ടില്ലാത്ത വൈറ്റ് റൂം ടോര്‍ച്ചറിങ് രംഗങ്ങള്‍ കൂടി ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്ന സൂചനകള്‍ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍ മുനയിലെത്തിച്ചു. ട്രെയിലറില്‍ വൈറ്റ് റൂമില്‍ വൈറ്റ് കട്ടിലില്‍ വൈറ്റ് വസ്‌ത്രം ധരിച്ച് വിഷാദ മൂകനായിരിക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങളും ട്രെയിലറില്‍ അണിയര്‍ പ്രവര്‍ത്തകര്‍ തുറന്ന് കാട്ടി.
ചിത്രത്തില്‍ കഥയെ നയിക്കുന്ന നായകന്‍ ഷറഫുദ്ധീന്‍ ആണെന്ന് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ സൂചന നല്‍കിയിരുന്നു. മാത്രമല്ല റോഷാക്ക് ഒരു തിയേറ്റര്‍ എക്‌സ്‌പീരിയന്‍സ് ചിത്രമാണെന്നും അല്‍പം ക്ഷമയോടെ വേണം ചിത്രം കണ്ടിരിക്കനൊന്നും താരം വ്യക്തമാക്കി. വളരെ വ്യത്യസ്‌തമായ രീതിയില്‍ ചിത്രീകരിച്ചിട്ടുള്ള ഒന്നാണ് റോഷാക്ക്. അന്‍പത്തിയൊന്ന് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ആരാധകരുടെ സ്വന്തം മമ്മൂക്ക കെട്ടിയാടാത്ത വേഷങ്ങളില്ലെന്ന് തന്നെ പറയാം. വില്ലന്‍ വേഷം, ക്യാരക്‌ടര്‍ വേഷം കാമിയോ റോളുകള്‍ എന്നിങ്ങനെ തുടങ്ങി മലയാള സിനിമ ലോകത്ത് നിത്യഹരിത നായകനായി അദ്ദേഹത്തിന്‍റെ പ്രയാണം തുടരുകയാണ്.
എന്നാല്‍ നടന്‍ ഇന്ന് വരെ അഭിനയിക്കാത്ത രീതിയിലുള്ള ചിത്രമാണ് റോഷാക്ക് .ചിത്രത്തില്‍ ബിന്ദു പണിക്കരുടെ ഗംഭീര പ്രകടനങ്ങളും സിനിമയെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നുണ്ട്. ഗ്രേസ് ആന്‍റണി, ജഗദീഷ് കോട്ടയം, നസീര്‍ സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ചിത്രം കൂടിയാണ് റോഷാക്ക്.
സമീര്‍ അബ്‌ദുലാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്ര സംയോജനം കിരണ്‍ ദാസും സംഗീതം മിഥുന്‍ മുകുന്ദനും സൗണ്ട് ഡിസൈനര്‍ നിക്‌സണും നിര്‍വഹിക്കുന്നു. പ്രോജക്‌ട് ഡിസൈനര്‍ ബാദുഷ, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ ആന്‍റ് എസ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ പ്രതീഷ് ശേഖര്‍.