അയാൾക്കെല്ലാം സിനിമയാണ്. അയാളുടെ ഭാഷയും സിനിമയുടേത് തന്നെ. അതെ, മലയാളത്തിന്‍റെ, ഇന്ത്യൻ സിനിമയുടെ തന്നെ മഹാനടൻ സാക്ഷാൽ മമ്മൂട്ടി. 72ന്‍റെ നിറവിലാണ് താരം (Mammootty Birthday Special). പ്രായം ശരീരത്തിന് മാത്രമാണ് മനസിനല്ലെന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട് അദ്ദേഹം. എന്നാൽ, മനസുകൊണ്ട് മാത്രമല്ല ശരീരം കൊണ്ടും മമ്മൂക്ക ചെറുപ്പം തന്നെയെന്ന് മലയാളികൾ തിരുത്തുന്നു.
മലയാള സിനിമയുടെ ചരിത്ര പുസ്‌തകത്തിൽ മമ്മൂട്ടിയുടെ അധ്യായം അവസാനമില്ലാതെ പരന്നുകിടക്കും. പകരക്കാരൻ ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടി ഇല്ലാത്ത വിധം കഥാപാത്രങ്ങളെ തേച്ചുമിനുക്കി അഭ്രപാളിയിൽ നടന വിസ്‌മയം തീർക്കുന്നതിന്‍റെ 'ത്രില്ല്' മമ്മൂട്ടിയ്‌ക്ക് ഇന്നും അവസാനിച്ചിട്ടില്ല (അവസാനിക്കുകയുമില്ല). ഒരു ചിരിയിൽ നിന്ന് മാത്രം കഥാപാത്രത്തെ വായിച്ചെടുക്കാൻ പറ്റുന്ന തരത്തിൽ അതിനെ സൂക്ഷ്‌മവും വ്യത്യസ്‌വുമായും അവതരിപ്പിക്കുന്നതിലാണ് മമ്മൂട്ടിയുടെ ജയം.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ പൊടിമീശക്കാരൻ ഇന്ന് മലയാള ചലച്ചിത്ര ലോകത്തിന്‍റെ മുഖമായി മാറിയത് സിനിമയോടുള്ള അദ്ദേഹത്തിന്‍റെ അടങ്ങാത്ത അഭിനിവേശംകൊണ്ട് തന്നെയാണ്. അഭിനയിക്കാൻ ആഗ്രഹിച്ചാഗ്രഹിച്ച് അങ്ങനെ നന്നായി വന്നൊരാളാണെന്ന് താനെന്ന് മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സ്വയം തേച്ചുതേച്ചു മിനുക്കി എടുത്തതാണ്, ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും. അതെ, അതുതന്നെയാണ് പ്രേക്ഷകർക്കും പറയാനുള്ളത്. മമ്മൂട്ടിയിൽ നിന്നും ഇനിയുമെത്രയോ കഥാപാത്രങ്ങൾ വരാനിരിക്കുന്നു.
പഴയതെന്നോ പുതിയതെന്നോ വ്യത്യാസമില്ലാതെ മമ്മൂട്ടി ചിത്രങ്ങളെ, കഥാപാത്രങ്ങളെ ആശ്ലേഷിക്കുന്നവരാണ് മലയാളികൾ. എന്നാൽ 'ഇന്നത്തെ മമ്മൂട്ടി' കുറച്ചധികം അദ്‌ഭുതപ്പെടുത്തുന്നുണ്ടോ?. നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ അഭ്രപാളിയിൽ പകർന്നാടുന്നതിന് തന്‍റെ സ്റ്റാർഡം മമ്മൂട്ടിക്ക് ഒരു തടസമല്ല. സമീപകാലത്തിറങ്ങിയ പുഴു എന്ന ചിത്രത്തിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥനെ എങ്ങനെ മറക്കും?. ഭാസ്‌കര പട്ടേലരുമായി തട്ടിച്ച് നോക്കാനാവില്ല പുഴുവിലെ കുട്ടനെ. എന്നാൽ, വൈവിധ്യമാർന്ന ശൈലിയിൽ ഇരുവരെയും കൈയ്യടക്കത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് മമ്മൂട്ടിയിലെ നടൻ കയ്യടികൾ നേടുന്നത്.
'പേരൻപ്, ഉണ്ട, ഭീഷ്‌മപർവം, നൻപകൽനേരത്ത് മയക്കം, റോഷാക്ക്'... ഇനി വരാനിരിക്കുന്നത് അതിലേറെ വൈവിധ്യമാർന്ന കഥകളും കഥാപാത്രങ്ങളുമാണ്. പല്ലുന്തിയ പുട്ടുറുമീസായും കീറിയ കുപ്പായവും പാളത്തൊപ്പിയും ധരിച്ച മാടയായും തിരശീലയിൽ പകർന്നാട്ടം നടത്തിയ മമ്മൂട്ടി പുതിയ കാലത്തും പ്രേക്ഷകരെ നിരാശരാക്കുന്നില്ല. ഇനി ഈ മനുഷ്യൻ തിരശീലയിലേക്ക് പകർത്താൻ അവശേഷിക്കുന്നത് എന്താണെന്ന് പ്രേക്ഷകൻ ചിന്തിക്കുന്ന അടുത്ത നിമിഷം പുതിയ രൂപത്തില്‍ അദ്ദേഹം അവതരിക്കും.
'കാതൽ, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ബസൂക്ക'...മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. ഓരോ നിമിഷവും സ്വയം നവീകരിക്കുന്ന അഭിനേതാവ്, ആർത്തിയോടെ പുതിയ കഥാപാത്രങ്ങളെ തേടുന്ന പ്രതിഭ, പുതുമുഖ സംവിധായകരുടെ കൈപിടിച്ച് പുതിയ വാതായനങ്ങളിലേക്ക് അവർക്കൊപ്പം നടന്നുകയറുന്ന മമ്മൂട്ടി ഈ നൂറ്റാണ്ടിന്‍റെ അദ്‌ഭുതമാണ്. പുതുമുഖ സംവിധായകരെ ഇത്രമേൽ പരീക്ഷിച്ച മറ്റൊരു നായകനടൻ ലോക സിനിമയിൽ തന്നെയുണ്ടോ എന്ന് സംശയമാണ്. എന്നാൽ, അതില്‍ അസ്വാഭാവികത ഒട്ടുമില്ലെന്നാണ് മമ്മൂട്ടിയുടെ ഭാഷ്യം.
മലയാള സിനിമയുടെ സൗഭാഗ്യമാണ് മമ്മൂട്ടി. പതിറ്റാണ്ടുകൾ നീണ്ട അഭിനയ യാത്ര അത്രമേൽ ഊർജത്തോടെ തുടരുന്ന മമ്മൂട്ടിക്ക് പിന്നാലെ നമ്മളും നീങ്ങുന്നു, ഇനിയുമെന്താണ് പിഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി തങ്ങൾക്കായി കാത്തുവച്ചിരിക്കുന്നതെന്ന കൗതുകം തേടി..!