റിലീസിനൊരുങ്ങുന്ന തന്‍റെ പുത്തൻ സിനിമ 'കാതലി'ന്‍റെ പ്രൊമോഷൻ തിരക്കുകളിലാണ് മമ്മൂട്ടി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യയുടെ പ്രിയതാരം ജ്യോതികയും പ്രധാന വേഷത്തിലുണ്ട്. 'കാതൽ' സിനിമയുടെ പ്രൊമോഷൻ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
കൊച്ചിയിൽ ചിത്രത്തിന്‍റെ പ്രമോഷനിടെ മാധ്യമ പ്രവർത്തകർ സൂപ്പർസ്റ്റാറിനോട് ചോദിച്ച ഒരു ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് ഏവരിലും ചിരി പടർത്തുന്നത്. ഏതെങ്കിലും മോഹൻലാൽ സിനിമയുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടോ എന്നായിരുന്നു മമ്മൂട്ടിയോടുള്ള ചോദ്യം. തന്‍റെ സ്വതസിദ്ധമായ രീതിയിൽ മമ്മൂട്ടി ചോദ്യത്തിന് മറപടിയും നൽകുന്നുണ്ട് (Mammootty answering query about most anticipated Mohanlal film).
പ്രത്യേക പേരുകളൊന്നും എടുത്തുപറയാതെ സമ്മതമെന്ന അർഥത്തിൽ തലയാട്ടിയ മമ്മൂട്ടി എല്ലാത്തരം സിനിമകളും കാണുന്ന തന്‍റെ ശീലത്തെക്കുറിച്ചും പരാമർശിച്ചു. ഒടുക്കം പുഞ്ചിരിയോടെ റിപ്പോർട്ടറോട് ഒരു മറു ചോദ്യവും- 'നിങ്ങൾ ഒരു ലാൽ ആരാധകനാണോ?', സദസൊന്നടങ്കം പൊട്ടിച്ചിരിയോടെയാണ് മമ്മൂട്ടിയുടെ വാക്കുകളെ എതിരേറ്റത്.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. പരമ്പരാഗത വെള്ള ഷർട്ടും മുണ്ടും ധരിച്ച്, മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചിരിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മോഹൻലാൽ തന്നെയാണ് 'വിത്ത് ഇച്ചാക്ക' എന്ന ക്യാപ്‌ഷനോടെ ഇരുവരും സംസാരിച്ചിരിക്കുന്നഫോട്ടോ പങ്കുവച്ചത്. ഇതേക്കുറിച്ചും മാധ്യമ പ്രവർത്തകർ മമ്മൂട്ടിയോട് ചോദിച്ചു. വരാനിരിക്കുന്ന സിനിമകളെ കുറിച്ച് തങ്ങൾ പരസ്‌പരം അധികം സംസാരിക്കാറില്ലെന്ന് മമ്മൂട്ടി പറഞ്ഞു. മറ്റ് നിരവധി വിഷയങ്ങൾ തങ്ങൾക്ക് ചർച്ച ചെയ്യാനുണ്ടെന്നും സിനിമകളെപറ്റി കൂടുതൽ സംസാരിക്കാറില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.
അതേസമയം നിലവിലെ 'സിനിമാ നിരൂപണ' വിവാദങ്ങളെ കുറിച്ചും മലയാളത്തിന്‍റെ മഹാനടൻ സംസാരിച്ചു. ഒരു സിനിമയുടെ വിജയത്തിൽ സിനിമാ നിരൂപണങ്ങൾ ചെലുത്തുന്ന സ്വാധീനം ചർച്ച ചെയ്യവേ, എല്ലാവർക്കും അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ടെങ്കിലും ഒരൊറ്റ റിവ്യൂ ഒരു സിനിമയുടെ ഭാഗധേയം നിർണയിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞു.
'ഓരോ അവലോകനവും ആ വ്യക്തിയുടെ കാഴ്‌ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നത്. റിവ്യൂ നിർത്തുന്നത് സിനിമയെ രക്ഷിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഒരു സിനിമയുടെ വിധി നിർണയിക്കുന്നത് പ്രേക്ഷകരാണ്. ഞാൻ മുമ്പ് സൂചിപ്പിച്ചതുപോലെ, അഭിപ്രായ സ്വാതന്ത്ര്യത്തിന് നമുക്കെല്ലാവർക്കും അവകാശമുണ്ട്. എന്നിരുന്നാലും, നമ്മൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ നമ്മുടേതായിരിക്കണം'- മമ്മൂട്ടി വ്യക്തമാക്കി.
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതൽ' നവംബർ 23 ന് തിയേറ്ററുകളിലെത്തും. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും തിരക്കഥ ഒരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ് എന്നിവയ്‌ക്ക് ശേഷം മമ്മൂട്ടി കമ്പനി ഒരുക്കുന്ന ചിത്രമാണ് 'കാതൽ'. 'യാത്ര 2, ബസൂക്ക, ബ്രഹ്മയുഗം, ടർബോ' തുടങ്ങി വേറിട്ട പ്രമേയങ്ങളുമായി ഒരുപിടി ചിത്രങ്ങൾ മമ്മൂട്ടിയുടേതായി അണിയറയിലുണ്ട്.
READ ALSO: ജ്യോതികയുടെ 'ഓമന' ഞെട്ടിക്കുമെന്ന് മമ്മൂക്ക; റിലീസിനൊരുങ്ങി 'കാതൽ'