തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ശ്വേത മേനോനും നിത്യ ദാസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം 'പള്ളിമണി'യുടെ ഓഡിയോ ട്രെയിലർ റിലീസ് തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ നടന്നു. തിരക്കഥ തന്നെയാണ് ചിത്രത്തിലേക്ക് ആകർഷിക്കാൻ കാരണമെന്ന് ശ്വേത മേനോൻ മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു. ത്രില്ലടിച്ച് കേട്ട കഥയാണെന്നും കേട്ടപ്പോൾ തന്നെ ഈ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചെന്നും ശ്വേത മേനോൻ പറഞ്ഞു. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിക്ടോറിയയുടെ ജീവിതത്തിലുണ്ടാകുന്ന അബദ്ധങ്ങളും താൻ തിരഞ്ഞെടുക്കുന്ന വഴികളും തുടർന്നുണ്ടാകുന്ന പ്രശ്രനങ്ങളിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നത്.
രതിനിർവേദം എന്ന ചിത്രത്തിന് ശേഷം അതേ തരത്തിലുള്ള കഥയുമായി പലരും സമീപിച്ചു. അത്തരം സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നു. അതുകൊണ്ടാണ് മലയാള സിനിമയിൽ ഒരു ഇടവേള ഉണ്ടായതെന്നും ശ്വേത മേനോൻ പറഞ്ഞു.
15 വർഷത്തിന് ശേഷം ചെയ്യുന്ന സിനിമയാണ് 'പള്ളിമണി'യെന്ന് നിത്യ ദാസ് പറഞ്ഞു. ഇത്രയും നീണ്ട വർഷത്തെ ഇടവേളക്ക് ശേഷം ഒരു നല്ല സിനിമയുടെ ഭാഗമാകുമ്പോൾ നായിക തുല്യമായ കഥാപാത്രം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും നിത്യ ദാസ് പറഞ്ഞു. നാൽപ്പത് ലക്ഷം രൂപ ചെലവാക്കി നിർമ്മിക്കുന്ന മൂന്ന് നിലകളുള്ള പള്ളിയുടെ സെറ്റ് ആണ് ചിത്രത്തിന്‍റെ ഹൈലൈറ്റുകളിൽ ഒന്ന്.
ജനപ്രിയ നോവലിസ്റ്റും തിരക്കഥ കൃത്തുമായ കെ.വി അനിൽ രചന നിർവഹിക്കുന്ന ചിത്രം കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ് സംവിധാനം ചെയ്യുന്നത്. എൽ.എ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ലക്ഷ്‌മി അരുൺ മേനോൻ ആണ് നിർമാണം. കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്‌ണൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിലുണ്ട്.
ഇരുപതിലേറെ ജനപ്രിയ നോവലുകളും പന്ത്രണ്ട് മെഗാ സീരിയലും എഴുതിയ കെ.വി അനിലിന്‍റെ മൂന്നാമത്തെ സിനിമയാണ് 'പള്ളിമണി'.