കോയമ്പത്തൂർ: അന്തരിച്ച പ്രശസ്‌ത സംവിധായകൻ വിനുവിന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാലോകം. ബുധനാഴ്‌ച വെളുപ്പിന് മൂന്ന് മണിയോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു സംവിധായകൻ വിനുവിന്‍റെ അന്ത്യം. 69 വയസായിരുന്നു.
അദ്ദേഹത്തിന്‍റെ വിയോഗത്തിൽ സംവിധായകരുടെ സംഘടനയായ ഫെഫ്‌ക അനുശോചനം രേഖപ്പെടുത്തി. സുരേഷ്–വിനു കൂട്ടുകെട്ടിൽ നിരവധി സിനിമകളാണ് ഇവർ സമ്മാനിച്ചത്. 1995ല്‍ പുറത്തിറങ്ങിയ 'മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്‌ത' ആണ് ഈ കൂട്ടുകെട്ടിലെ ആദ്യ ചിത്രം. അതേ വര്‍ഷം തന്നെ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ 'കുസൃതിക്കാറ്റ്' എന്ന ചിത്രവും സംവിധാനം ചെയ്‌തു. 'ആയുഷ്‌മാൻ ഭവഃ', 'ഭര്‍ത്താവുദ്യോഗം', 'കണിച്ചുകുളങ്ങരയിൽ സിബിഐ' തുടങ്ങിയവയാണ് ഇവരുടെ മറ്റ് ചിത്രങ്ങൾ.
രാജസേനൻ സംവിധാനം ചെയ്‌ത 'മേലേപ്പറമ്പിൽ ആൺവീട്' എന്ന സിനിമ ആസാമി ഭാഷയിലേയ്‌ക്ക് മാറ്റി സംവിധാനം ചെയ്‌തിട്ടുണ്ട്. 2008ല്‍ റിലീസായ 'കണിച്ചുകുളങ്ങരയില്‍ സിബിഐ' ആണ് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌തത്. അടുത്തിടെ പുറത്തിറങ്ങിയ 'ഒച്ച്' എന്ന സിനിമയിൽ ചീഫ് അസോസിയേറ്റ് ആയി പ്രവർത്തിച്ചിരുന്നു.
കോഴിക്കോട് മിഠായിത്തെരുവ് സ്വദേശിയാണെങ്കിലും കഴിഞ്ഞ 20 വർഷമായി കോയമ്പത്തൂരിൽ ആണ് വിനു താമസിക്കുന്നത്. കോയമ്പത്തൂർ പിയെഴ്‌സ് ലസ്‌ലി കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന പരേതനായ നടേശന്‍റെയും 'ലിസ' സിനിമയുടെ സംവിധായകൻ ബേബിയുടെ (ലിസ ബേബി) സഹോദരി ശാരദയുടെയും മകനാണ്.
കോയമ്പത്തൂർ സിങ്കനല്ലൂർ സെൻട്രൽ സ്റ്റുഡിയോക്ക് സമീപം ആകാശ് ഹോംസിൽ ആണ് താമസം. കഴിഞ്ഞ മാസങ്ങളിൽ വയറുവേദനയെ തുടർന്ന് കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംസ്‌കാരം നാളെ (വ്യാഴാഴ്‌ച) രാവിലെ പത്തരയ്‌ക്ക് നഞ്ചുണ്ടപുരം ശ്‌മശാനത്തിൽ നടക്കും. അനുരാധയാണ് ഭാര്യ. മക്കൾ- മോണിക്ക, നിമിഷ്. മരുമക്കൾ - വിജയ്, വീണ.