മലയാളികൾക്ക് എക്കാലവും ഓർമിക്കാൻ, വീണ്ടും വീണ്ടും കണ്ടാസ്വദിക്കാൻ ഒട്ടനവധി ചിത്രങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരനാണ് സിദ്ദിഖ്. അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. മടുപ്പിക്കാത്ത നർമവും ഹൃദയംതൊടുന്ന കഥയും പലവിധ വികാരങ്ങളുടെ കൂടിച്ചേരലുമെല്ലാം സിദ്ദിഖ് സിനിമകളുടെ ചേരുവകളാണ്. സംവിധായകൻ എന്നതിന് പുറമെ മികച്ച തിരക്കഥാകൃത്തും നിർമാതാവുമാണ് അദ്ദേഹം.
പ്രശസ്‌ത നടനും സംവിധായകനുമായ ലാലിനോടൊന്നിച്ച് സിദ്ദിഖ് - ലാൽ എന്ന പേരിൽ അദ്ദേഹം സംവിധാനം ചെയ്‌ത സിനിമകളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അദ്ദേഹത്തിന്‍റെ മിക്ക സിനിമകളും എന്നതിനാൽ തന്നെ പ്രേക്ഷകർ എളുപ്പം സിദ്ദിഖ് എന്ന ചലച്ചിത്രകാരനെ നെഞ്ചേറ്റി. ഒരു കാലത്ത് സിദ്ദിഖ് - ലാൽ എന്ന പേര് തന്നെ ധാരാളമായിരുന്നു തിയേറ്ററുകളിലേക്ക് കാണികൾ ഒഴുകിയെത്താൻ. പിന്നീട് സ്വതന്ത്ര സംവിധായകൻ ആയപ്പോഴും പ്രേക്ഷകരെ നിരാശരാക്കിയില്ല സിദ്ദിഖ്.
വഴിത്തിരിവായി ഫാസിലുമായുള്ള കണ്ടുമുട്ടല്‍: മിമിക്രിയിലൂടെ ആയിരുന്നു സിദ്ദിഖിന്‍റെ തുടക്കം. കൊച്ചിൻ കലാഭവന്‍റെ വളർച്ചയിലെ അദ്ദേഹത്തിന്‍റെ പങ്ക് എടുത്തുപറയേണ്ടതാണ്. അതേസമയം, പ്രശസ്‌ത സംവിധായകൻ ഫാസിലിന്‍റെ അസിസ്‌റ്റന്‍റായാണ് സിദ്ദിഖ് തന്‍റെ സിനിമ ജീവിതം ആരംഭിക്കുന്നത്. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ച് കൊണ്ടിരുന്ന കാലത്താണ് ഫാസിൽ, സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്‍റെ കൂടെ കൂട്ടുന്നതും. ശേഷം, രാജ്യമറിയുന്ന സംവിധായകനിലേക്ക് അദ്ദേഹം പതിയെ നടന്നുകയറി.
സിദ്ദിഖ് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത് 1989ൽ ആണ്. റാംജിറാവു സ്‌പീക്കിങ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇത്. അതേസമയം 1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെയാണ് ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ അദ്ദേഹം കടന്നുവരുന്നത്. അദ്ദേഹത്തിന്‍റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ബിഗ് ബ്രദർ. റാംജിറാവു സ്‌പീക്കിങ്, ഇൻ ഹരിഹർ നഗർ, ടു ഹരിഹർ നഗർ ഗോഡ്‌ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിവയാണ് അദ്ദേഹം ലാലിനോടൊപ്പം ചെയ്‌ത ചിത്രങ്ങൾ. വ്യത്യസ്‌ത കഥാപശ്ചാത്തലത്തില്‍ എത്തിയ ഈ ചിത്രങ്ങളെല്ലാം മികച്ച സിനിമാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചു.
ആ ഹിറ്റ് ഇന്നും ഗോഡ്‌ഫാദറിന് തന്നെ: മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം തിയേറ്ററിൽ കളിച്ച സിനിമ എന്ന റെക്കോഡ് ഇന്നും ഗോഡ്‌ഫാദർ സിനിമയുടെ പേരിലാണ്. അഞ്ഞൂറാന്‍റേയും മക്കളുടെയും കഥ പറഞ്ഞ ചിത്രം 404 ദിവസം ആണ് തുടർച്ചയായി ഓടിയത്. മുകേഷ്, ഇന്നസെന്‍റ്, തിലകൻ, എൻഎൻ പിള്ള തുടങ്ങിയവർ അഭിനയിച്ച ഗോഡ്‌ഫാദർ ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ്. റാംജിറാവ് സ്‌പീക്കിങ്, ഇൻ ഹരിഹർ നഗർ ചിത്രങ്ങളും തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ ചിത്രങ്ങളാണ്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും, എത്ര തവണ കണ്ടിട്ടും ഇന്നും ഈ ചിത്രങ്ങൾ മലയാളികളെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഹിറ്റ്ലർ, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ലേഡീസ് ആന്‍ഡ് ജെന്‍റിൽമാൻ, ഭാസ്ക്കർ ദ റാസ്ക്കൽ, ഫുക്രി, ബിഗ് ബ്രദർ (2019) എന്നിവയാണ് ലാലിന്‍റെ കൂട്ട് അവസാനിപ്പിച്ച് സിദ്ദിഖ് ഒറ്റയ്‌ക്ക് ചെയ്‌ത ചിത്രങ്ങൾ. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ഹിന്ദിയിലും ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട് സിദ്ദിഖ്. മലയാളത്തില്‍ വൻ വിജയമായിരുന്ന ഫ്രണ്ട്‌സ് എന്ന ചിത്രം അതേപേരില്‍ അദ്ദേഹം തമിഴിലും ഒരുക്കി. എങ്കൾ അണ്ണ, സാധു മിറാൻഡ, കാവലൻ എന്നിവയാണ് അദ്ദേഹം തമിഴിൽ സംവിധാനം ചെയ്‌ത ചിത്രങ്ങൾ.
ദിലീപിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്‌ത ബോഡിഗാർഡിന്‍റെ തമിഴ് റീമേക്ക് ആയിരുന്നു കാവലൻ. വിജയ് ആയിരുന്നു ഈ ചിത്രത്തില്‍ നായകൻ. മലയാളത്തില്‍ നയൻതാര അവതരിപ്പിച്ച നായിക കഥാപാത്രം തമിഴിൽ അസിൻ ആണ് പകർന്നാടിയത്. ഇതേ ചിത്രത്തിന്‍റെ ഹിന്ദി റീമേക്കുമായി സിദ്ദിഖ് ബോളിവുഡിലും ചുവടുവച്ചു. ബോഡിഗാർഡ് എന്നുതന്നെ പേരിട്ട ഈ ചിത്രത്തില്‍ സൽമാൻ ഖാനും കരീന കപൂറുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തത്.
നാടോടിക്കാറ്റ്, അയാൾ കഥയെഴുതുകയാണ്, മാന്നാർ മത്തായി സ്‌പീക്കിങ്, മക്കൾ മാഹാത്മ്യം, ഹുൽചുൽ (ഹിന്ദി), കിങ് ലയർ എന്നിവയാണ് അദ്ദേഹം കഥയെഴുതിയ മറ്റ് ചിത്രങ്ങൾ. ഫുക്രി, ബിഗ്‌ബ്രദർ എന്നിവയാണ് അദ്ദേഹം നിർമിച്ച ചിത്രങ്ങൾ. മികച്ച ജനപ്രിയവും സൗന്ദര്യാത്മക മൂല്യവുമുള്ള ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 1991ൽ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.