1954 ഓഗസ്റ്റ് ഒന്നിന് ഇസ്‌മായിൽ ഹാജിക്കും സൈനബയ്‌ക്കും ഒരു കുഞ്ഞ് ജനിക്കുമ്പോൾ അവര്‍ ഒട്ടുമേ പ്രതീക്ഷിച്ചിരിക്കില്ല, മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള ഹാസ്യസന്ദര്‍ഭങ്ങള്‍ സമ്മാനിക്കാന്‍ പോന്ന പ്രതിഭയായി അവന്‍ വളരുമെന്ന്. സിദ്ദിഖ് എന്ന പേര് എക്കാലവും മലയാളികളുടെ ഓർമ്മകളുടെ ചെപ്പിൽ മായാതെ പതിപ്പിക്കപ്പെടുമെന്നും അവര്‍ അന്ന് ചിന്തിച്ചിരിക്കില്ല.
കൊച്ചിയില്‍ ജനിച്ച അദ്ദേഹം കളമശ്ശേരിയിലെ സെന്‍റ് പോൾസ് കോളജില്‍ തന്‍റെ പഠനം പൂര്‍ത്തിയാക്കി. അതിനുശേഷമാണ് ആ ചെറുപ്പക്കാരൻ തന്‍റെയുള്ളിലെ കലാവാസന പോഷിപ്പിച്ച് മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഒരേ മനസുള്ള ചങ്ങാതിയെ ജീവിത വഴിയിൽ കൂടെ കിട്ടി, ലാല്‍. അങ്ങനെ രണ്ടുപേരും ആബേൽ അച്ഛനെ തേടിയെത്തുകയാണ്, കൊച്ചിൻ കലാഭവനില്‍.
നിമിത്തമായി ആബേലച്ഛന്‍: ആദ്യകാലങ്ങളിൽ ക്രിസ്ത്യൻ ഗാനങ്ങൾ അവതരിപ്പിച്ചുകൊണ്ട് തുടങ്ങിയ സമിതി പിൽക്കാലത്ത് സ്റ്റേജ് ഷോകളും മിമിക്രിയും ഒരുക്കുന്ന വലിയ പ്രസ്ഥാനമായി മാറി. മനുഷ്യരെ ചിരിപ്പിക്കുന്നവരെ ഏറെ ഇഷ്‌ടമുള്ള വ്യക്തിയായിരുന്നു ആബേലച്ഛന്‍. കലാഭവനിലെത്തിയ സിദ്ദിഖും സുഹൃത്ത് ലാലും സ്വതസിദ്ധമായ തങ്ങളുടെ കലാമികവ് കൊണ്ട് അദ്ദേഹത്തിന്‍റെ മനസിൽ ഇടം പിടിച്ചു.
പ്രേംനസീര്‍, സത്യൻ മാഷ്, സുകുമാരന്‍, എംജി സോമന്‍ തുടങ്ങി മലയാളത്തിലെ അക്കാലത്തെ അതികായൻമാരുടെ ശബ്‌ദം അനുകരിച്ച് കൊച്ചിൻ കലാഭവന്‍റെ രത്നങ്ങളായി സിദ്ദിഖും ലാലും മാറി. പില്‍ക്കാലത്ത് ഇരുവരും കലാഭവനിലേക്ക് കൈപിടിച്ചുകയറ്റിയ കലാകാരന്മാരുടെ കണക്കെടുകയെന്നത് അസാധ്യം. പിന്നീട്, ഫാസിലിന്‍റെ സംവിധാന സഹായികളാകാൻ ഇരുവരും കലാഭവനിൽ നിന്ന് മലയാള സിനിമയിലേക്ക് ചേക്കേറി.
'പപ്പൻ പ്രിയപ്പെട്ട പപ്പൻ' എന്ന ചലച്ചിത്രം സംവിധാനം ചെയ്യുക എന്ന മോഹവുമായാണ് സിനിമ മേഖലയിലേക്ക് ഇരുവരുടെയും കടന്നുവരവ്. എന്നാല്‍ സംവിധായകൻ ഫാസിലിന്‍റെ നിർദ്ദേശപ്രകാരം സിനിമയെ ആഴത്തില്‍ മനസിലാക്കാനും അറിയാനുമായി സംവിധാന സഹായികളായി അദ്ദേഹത്തോടൊപ്പം നിൽക്കാൻ ഇരുവരും തീരുമാനിച്ചു. കണ്ടതും കേട്ടതും ഉള്ളിൽ തോന്നിയതുമായ കഥകൾ ഇക്കാലങ്ങളിൽ അവർ മനസിലും കടലാസിലുമായി കുറിച്ചിട്ടു. തിരക്കഥകൾ പേപ്പറിൽ എഴുതി പോന്നിരുന്ന ഒരു സമ്പ്രദായത്തെ
ബുക്കുകളിലേക്ക് മാറ്റാന്‍ മലയാള സിനിമയെ പഠിപ്പിച്ചത് സിദ്ധിഖും ലാലും ചേർന്നാണ്. പേപ്പറിൽ എഴുതിയ കടലാസുകൾ ഇടയ്ക്ക് നഷ്‌ടപ്പെടുന്നത് പതിവായപ്പോൾ തങ്ങളെ പിന്തുടർന്നവരോട് അവർ കൊടുത്ത ഉപദേശമായിരുന്നു നോട്ടുപുസ്തകങ്ങളില്‍ തിരക്കഥ എഴുതുക എന്നുള്ളത്.
ഇതിനിടയിലും ആദ്യ ചിത്രത്തിനായുള്ള മോഹം മനസിൽ സജീവമായിരുന്നു. റാംജിറാവു സ്‌പീക്കിങ് എന്ന, പിൽക്കാലത്ത് വിഖ്യാതമായ ചലച്ചിത്രത്തിന്‍റെ ആശയം ഫാസിലിനോട്
സംസാരിക്കുന്നു. ഫാസിൽ തന്നെ സംവിധാനം ചെയ്യാൻ വേണ്ടിയായിരുന്നു ആ കഥ ഇരുവരും
അദ്ദേഹത്തോട് ചർച്ച ചെയ്‌തത്. എന്നാൽ ഫാസിലിന്‍റെ ആത്മവിശ്വാസത്തിന്‍റെ ബാക്കി പത്രമായിരുന്നു പിൽക്കാലത്ത് മലയാള സിനിമ കണ്ട സിദ്ദിഖ് എന്ന സംവിധായകനും ലാൽ എന്ന നടനും സംവിധായകനും.
ഫാസിൽ അവരുടെ നിർമാതാവായി മുന്നോട്ടുവന്നു. തിരക്കഥ പൂർത്തിയാക്കി, റാംജിറാവു സ്‌പീക്കിങ്ങിന്‍റെ സംവിധാന ദൗത്യം ഇരുവരും ചേർന്ന് ഏറ്റെടുക്കുന്നു. കഥാപാത്ര രൂപീകരണം മുകേഷിലേക്കും സായി കുമാറിലേക്കും ഇന്നച്ചനിലേക്കും വളര്‍ന്നു.
ചിത്രം തിയേറ്ററുകളിലെത്തിയ ആദ്യ ദിവസങ്ങളിൽ ജനക്കൂട്ടം ഇല്ലായിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് ചരിത്രമായി. പിന്നാലെയെത്തിയ ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി എന്നിവയും വന്‍ ഹിറ്റുകളായി. മലയാള സിനിമയുടെ സുവർണ കാലത്തിന് ചുക്കാൻ പിടിക്കാൻ പുതിയ രണ്ട് സംവിധായകരുടെ രാജകീയ എഴുന്നള്ളത്ത്. അന്നുവരെയുള്ള മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററില്‍ ഓടിയതിന്‍റെ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഗോഡ് ഫാദര്‍ കളം വിട്ടത്.
പൊട്ടിച്ചിരിയുടെയും കാമ്പുള്ള കഥകളുടെയും തുടര്‍ച്ചയായിരുന്നു പിന്നീട്. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ കരിയർ ഗ്രാഫിൽ സിദ്ദിഖ് എന്ന സംവിധായകന്‍റെ കയ്യൊപ്പ് കൃത്യമായി പതിഞ്ഞിട്ടുണ്ട്. മലയാളത്തിലെ മികച്ച 10 കൊമേഴ്‌ഷ്യൽ സിനിമകളുടെ ലിസ്റ്റ് എടുത്താൽ സിദ്ദിഖ് ചിത്രങ്ങള്‍ ഒന്നില്‍ക്കൂടുതലുണ്ടാകും.
വിയറ്റ്നാം കോളനി എന്ന ജനപ്രിയ ചിത്രത്തിന്‍റെ വലിയ വിജയത്തോടെ അന്യഭാഷയിലേക്ക് അവസരങ്ങൾ തുറന്നുകിട്ടി. പ്രഭുവിനെ നായകനാക്കി വിയറ്റ്നാം കോളനി തമിഴിലേക്ക് റീമേക്ക് ചെയ്‌തു. അതും വലിയ വിജമായതോടെ തിരക്കഥാകൃത്തുക്കളായി തമിഴിലും ചുവടുറപ്പിച്ചു. ഇരുവരുടെയും സൗഹൃദ ബന്ധം അസൂയയോടെ മലയാള സിനിമ നോക്കിക്കണ്ട ദിനങ്ങൾ.
മാന്നാര്‍ മത്തായി തിരശ്ശീലയിലേക്ക് : ജനങ്ങള്‍ നെഞ്ചേറ്റിയ ചിത്രം റാംജി റാവുവിന് തുടർച്ച വേണമെന്ന മുറവിളിയാണ് മാന്നാര്‍ മത്തായി സ്‌പീക്കിങ്ങിന് വഴിയൊരുക്കിയത്. മാണി സി കാപ്പന്‍റെ സംവിധാനത്തിൽ സിദ്ദിഖിന്‍റെയും ലാലിന്‍റെയും തൂലികയിൽ നിന്ന് മാന്നാർ മത്തായി സ്‌പീക്കിങ് തിയേറ്ററുകളിലേക്ക്. ഗോപാലകൃഷ്‌ണനെയും ബാലകൃഷ്‌ണനെയും മത്തായി ചേട്ടനെയും മലയാളികൾക്ക് ഒരിക്കൽ കൂടി കാണാനുള്ള മോഹം അത്തരത്തില്‍ സഫലമായി.
റാംജി റാവുവിന്‍റെയും മാന്നാര്‍ മത്തായിയുടെയും റീമേക്ക് അവകാശത്തിനായി തമിഴ്, തെലുഗ്, ഹിന്ദി, മറാഠി ബംഗാളി ഭാഷയിലെ നിര്‍മ്മാതാക്കള്‍ സിദ്ദിഖിനെ തേടി കൊച്ചിയിലെത്തി. മലയാളി എക്കാലവും നെഞ്ചിലേറ്റുന്ന ചിത്രങ്ങളിലൊന്നായ നാടോടിക്കാറ്റ് പൂര്‍ണമായും ശ്രീനിവാസന്‍റെ സൃഷ്‌ടിയാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ചിത്രത്തിന്‍റെ കഥാസാരാംശം സിദ്ദിഖിന്‍റേതാണ്.
കരിയർഗ്രാഫ് ഉയര്‍ത്തിയ ഇൻ ഹരിഹർ നഗർ : നടൻ സിദ്ദിഖിന്‍റെ കരിയർഗ്രാഫ് ഉയരാൻ കാരണമായ ഇൻ ഹരിഹർ നഗർ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടില്‍ വജ്ര ലിപികളിൽ എഴുതപ്പെട്ട ചിത്രങ്ങളിലൊന്നാണ്. അവരുടെ മനസിൽ ഉരുത്തിരിഞ്ഞ സംഭാഷണ ശകലങ്ങൾ ഇപ്പോഴും മലയാളി പല അവസരങ്ങളിലും പ്രയോഗിക്കുന്നു. നടൻ വിനീതിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ കൊമേഴ്സ്യൽ ഹിറ്റായ കാബൂളിവാല സിദ്ദിഖ്-ലാൽ ഒരുമിച്ച് സംവിധാനം ചെയ്‌ത അവസാന ചിത്രമായി മാറി.
കാട്ടു തീ പോലെ കിംവദന്തികള്‍ : കാബൂളിവാലയ്ക്ക് പിന്നാലെ സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് പിരിയുകയാണെന്നുള്ള കിംവദന്തികൾ സിനിമ മേഖലയിൽ കാട്ടുതീ പോലെ പടർന്നു. പാപ്പരാസികൾ പല അഭ്യൂഹങ്ങളും പടച്ചുവിട്ടു. ഇരുവരും തമ്മിൽ ശത്രുതയിലാണെന്ന വാര്‍ത്ത നാടാകെ പരന്നു. എന്നാല്‍ അതിനൊന്നും മറുപടി കൊടുക്കാൻ ഇരുവരും ഏറെക്കാലം തയ്യാറായില്ല.
മമ്മൂട്ടി നായകനായി ഹിറ്റ്‌ലര്‍ : കിംവദന്തികള്‍ക്ക് പിന്നാലെ സിദ്ദിഖിന്‍റെ സംവിധാനത്തിൽ മമ്മൂട്ടിയെ നായകനാക്കി 'ഹിറ്റ്ലർ' എന്ന ചിത്രം പുറത്തുവരുന്നു. സത്യരാജ് നായകനായി ആ ചിത്രം തമിഴിലേയ്ക്കും റീമേക്ക് ചെയ്യപ്പെട്ടു. തൊണ്ണൂറുകളുടെ അവസാനം മലയാളം, തമിഴ് ഗ്രാഫ് സന്തുലനാവസ്ഥ സിദ്ദിഖ് കെട്ടിപ്പടുത്തു.
ഇതോടെ ജോഷി, പ്രിയദർശൻ എന്നിവരെ പോലെ പ്രതിഫലം വാങ്ങുന്ന സംവിധായകരുടെ കൂട്ടത്തിലേക്ക് സിദ്ദിഖ് മാറി. തുടർന്ന് വന്ന 'ഫ്രണ്ട്‌സ്' എവർഗ്രീൻ ഹിറ്റായി. എങ്കിലും ആ തിരക്കഥ കൊണ്ട് കരിയറിൽ ഏറ്റവും ഗുണം ലഭിച്ചത് ദളപതി വിജയ്ക്കായിരുന്നു. മലയാളത്തിൽ ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ തമിഴിൽ വിജയ്‌യും സൂര്യയും രമേഷ് കൃഷ്‌ണയും ചേർന്ന് അനശ്വരമാക്കി.
ഫ്രണ്ട്സിന്‍റെ തമിഴ് റീമേക്കിനെ തുടർന്നുണ്ടായ കോലാഹലങ്ങൾ വളരെ സങ്കീർണമായിരുന്നു. വിജയ് ഒരു സൂപ്പർ താരമായി ഉയർന്നുവരവേ സ്വർഗ്ഗ ചിത്ര അപ്പച്ചന്‍റെ ഒറ്റ പിടിവാശിക്ക് പുറത്താണ് ഫ്രണ്ട്സിന്‍റെ തമിഴ് പതിപ്പ് ജനിക്കുന്നത്. ഒപ്പം 'കാതലുക്ക് മര്യാദെ' എന്ന ചിത്രത്തിന് അപ്പച്ചനോടുള്ള വിജയ്‌യുടെ കടപ്പാടും. അജിത് ചിത്രത്തോടൊപ്പം തമിഴ് ഫ്രണ്ട്സ് റിലീസാകുമ്പോള്‍ ആദ്യ ദിനങ്ങളിൽ ചിത്രം കാണാൻ പ്രേക്ഷകരെത്തിയില്ല. ദളപതി വിജയ്‌യും അദ്ദേഹത്തിന്‍റെ പിതാവ് ചന്ദ്രശേഖറും രൂക്ഷമായ ഭാഷയിൽ സിദ്ദിഖിനോടും സ്വർഗ്ഗചിത്ര അപ്പച്ചനോടും തങ്ങളുടെ നിരാശ പ്രകടിപ്പിച്ചു. എന്നാല്‍ മലയാളം ഫ്രണ്ട്‌സിന്‍റെ വിജയ ചരിത്രം അറിയാവുന്ന ഇരുവരും മറുത്തൊന്നും പറയാതെ മനസിൽ ചിലതൊക്കെ കണക്കുകൂട്ടി.
മലയാളം ഫ്രണ്ട്സും റിലീസ് ചെയ്‌ത് ഒരാഴ്‌ചയ്ക്ക് ശേഷമാണ് ജനങ്ങൾ ഏറ്റെടുത്ത് വിജയമാക്കിയത്. അത് തന്നെ തമിഴിലും സംഭവിച്ചു. അജിത് ചിത്രം ഒരാഴ്‌ച കൊണ്ട് ഹോൾഡ് ഓവർ. സിദ്ദിഖിന്‍റെ സംവിധാനത്തിൽ തമിഴിൽ പുറത്തിറങ്ങിയ ഫ്രണ്ട്സ് അക്കാലത്തെ തട്ടുപൊളിപ്പൻ വിജയ് ചിത്രങ്ങളിൽ നിന്ന് അപ്പാടെ മാറി മികച്ച കഥയുമായി തിയേറ്ററുകളിൽ വിജയക്കൊടി പാറിച്ചു.
സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ക്രോണിക് ബാച്ച്ലര്‍ : രണ്ട് വർഷത്തിന് ശേഷം വീണ്ടും മമ്മൂട്ടിയെ നായകനാക്കി മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളിലൊന്നായി 'ക്രോണിക് ബാച്ചിലർ'. കരിയറിൽ വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരുന്ന വിജയകാന്തിനും ക്രോണിക് ബാച്ചിലറിന്‍റെ തമിഴ് റീമേക്കായ "എങ്കൾ അണ്ണാ" ജീവ വായു പകർന്നുനൽകി. അദ്ദേഹത്തിന്‍റെ അക്കാലത്തെ സ്റ്റാർ വാല്യൂവിന് കോട്ടം തട്ടാതെ പിടിച്ച് നിൽക്കാൻ സിദ്ദിഖ് കാരണമായി.
ക്രോണിക് ബാച്ച്ലര്‍ റിലീസ് ചെയ്‌ത് 20 വർഷം കഴിഞ്ഞെങ്കിലും ചിത്രത്തിലെ തമാശകൾക്ക് ഇപ്പോഴും പുതുമ നഷ്‌ടപ്പെട്ടിട്ടില്ല. ഇതിനിടെ പ്രിയദർശൻ ഹിന്ദിയിൽ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായി മാറി കൊണ്ടിരിക്കുകയായിരുന്നു. ഗോഡ് ഫാദര്‍ ഹിന്ദി റീമേക്കായ ഹൽചലിന് തിരക്കഥ എഴുതി
ഹിന്ദിയിലേക്ക് ഒരു ചുവടുമാറ്റം നടത്തി. അപ്പോഴും ജനങ്ങൾക്ക് അറിയേണ്ടത് ലാൽ - സിദ്ദിഖ് കൂട്ടുകെട്ടിന് എന്തുസംഭവിച്ചു. ഇനിയൊരിക്കലും അവർ ഒരുമിക്കില്ലേ എന്നൊക്കെയായിരുന്നു.
പല ഇൻറർവ്യൂകളിലും ഞങ്ങൾ തമ്മിൽ ഒരു പ്രശ്‌നവുമില്ല നിങ്ങളായിട്ട് പ്രശ്‌നം ഉണ്ടാക്കാതിരുന്നാൽ മതി എന്ന് അവര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു. വളർന്നുതുടങ്ങുമ്പോൾ
ഒറ്റയ്ക്ക് സഞ്ചരിക്കണം അതിനാൽ പിരിഞ്ഞുവെന്ന് ലാൽ പിൽക്കാലത്ത് പറയുകയുണ്ടായി. ഇരുവരുടെയും കരിയർ ഗ്രാഫ് ഉയരാൻ രണ്ടുപേരും രണ്ടുവഴിക്ക് സഞ്ചരിച്ചുവെന്ന് സിദ്ദിഖും
പിൽക്കാലത്ത് തുറന്നുപറഞ്ഞു.
ഇടവേളയ്‌ക്ക് ശേഷം ബോഡി ഗാര്‍ഡ് : മലയാളത്തിൽ ശരാശരി വിജയം നേടിയ 'ബോഡിഗാർഡ്' ആണ് ഒരു ഇടവേളയ്ക്കുശേഷം പുറത്തിറങ്ങിയ സിദ്ദിഖ് ചിത്രം. മലയാളത്തിലെ ശരാശരി വിജയം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ തീരുമാനിക്കുമ്പോൾ നാലുപാട് നിന്നും ദളപതി വിജയ്ക്ക് ശക്തമായ എതിർപ്പുകളുണ്ടായിരുന്നു. പക്ഷേ ഫ്രണ്ട്സിന്‍റെ ചരിത്രം അറിയാവുന്ന, വിജയകാന്തിനെ തമിഴ് സിനിമയ്ക്ക് തിരികെ കൊടുത്ത സംവിധായകനെ
വിജയ് വില കുറച്ച് കാണാൻ തയ്യാറായില്ല. കരിയറിൽ ഏറ്റവും മോശം സമയത്തായിരുന്നു ആക്കാലത്ത് വിജയ്.
ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ റിസ്‌കായിരുന്നു 'കാവലൻ' എന്ന് വിജയ് പിൽക്കാലത്ത് പറയുകയുണ്ടായി.
ഹിന്ദി റീമേക്കിന്‍റെ സമയത്ത്, സൽമാൻഖാനോട് ഈ ചിത്രം ചെയ്യരുതെന്നും ചിത്രം മലയാളത്തില്‍ പരാജയമാണെന്നും ഏറ്റവും നല്ല സമയത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത് പാടില്ലെന്നും പലരും ഉപദേശിച്ചിരുന്നു. എന്നാല്‍ സിദ്ദിഖ് എന്ന സംവിധായകനിലുള്ള സൽമാന്‍റെ ആത്മവിശ്വാസം ബോഡി ഗാർഡിന്‍റെ ഹിന്ദി പതിപ്പ് ജനിക്കുന്നതിന് കാരണമായി. മലയാളത്തിൽ ശരാശരി വിജയമായ ബോഡി ഗാർഡ് ഹിന്ദിയിൽ നൂറുകോടി ക്ലബ്ബില്‍ കയറി. ഇന്ത്യയിലെ ഒരു സംവിധായകൻ വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ആ ചിത്രത്തിനുവേണ്ടി സിദ്ദിഖ് കൈപ്പറ്റിയത്.
വീണ്ടും ഒന്നിച്ച് സിദ്ദിഖും ലാലും : അങ്ങനെയിരിക്കെയാണ് മലയാളികൾ ആഗ്രഹിച്ച നിമിഷം വന്നെത്തിയത്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് വീണ്ടും. ദിലീപ് ചിത്രം കിംഗ് ലയറിലൂടെയായിരുന്നു അത്. സിദ്ദിഖിന്‍റെ കഥയിൽ ലാലിന്‍റെ സംവിധാനം. ദിലീപ് നായകനായ ചിത്രം ജനങ്ങൾ ഏറ്റെടുത്തു. ഏറെ കാലത്തിന് ശേഷം തിയേറ്ററുകളിൽ കയ്യടിയും പൊട്ടിച്ചിരികളും മുഴങ്ങി. മോഹൻലാൽ ചിത്രം ലേഡീസ് ആൻഡ് ജെന്‍റിൽമാൻ, ബിഗ് ബ്രദർ, ഫുക്രി, ഭാസ്‌കർ ദ റാസ്‌കൽ അങ്ങനെ മലയാളികളെ പൂർണമായും തൃപ്‌തിപ്പെടുത്താതെ അദ്ദേഹത്തിന്‍റെ അവസാന ചിത്രങ്ങള്‍ കടന്നുപോയി. പക്ഷേ ഒരു ചിത്രവും തിയേറ്ററുകളിൽ വലിയ പരാജയമായില്ല. കാരണം മലയാളി അത്രയും സിദ്ദിഖ് എന്ന സംവിധായകനില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു.
അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളെ മലയാളികള്‍ ഇഷ്‌ടപ്പെടുന്നു. തമാശകൾ എക്കാലവും ഓർത്തുചിരിക്കുന്നു. ഒരു വലിയ തിരിച്ചുവരവ് മലയാളി പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ, രോഗാവസ്ഥകള്‍ അദ്ദേഹത്തെ അടര്‍ത്തിയെടുത്തു. ഏതൊരു മിമിക്രി കലാകാരൻ വേദിയിലെത്തി പ്രസംഗിച്ചാലും പഴയ കലാഭവൻ ചരിത്രം പറയാതെ
മിമിക്രിയുടെ ആദ്യകാല അമരക്കാരനായ സിദ്ദിഖിനെ ഓർക്കാതെ പോകാറില്ല. മണിച്ചിത്രത്താഴ് അടക്കം നിരവധി സിനിമകളില്‍ അദ്ദേഹത്തിന്‍റെ നിര്‍ണായക സംഭാവനകളുണ്ട്.
സിനിമയ്ക്ക് വേണ്ടി മാത്രം ജീവിച്ചയാളാണ് സിദ്ദിഖ്. കൊമേഴ്സ്യൽ സിനിമയുടെ ചേരുവകളെക്കുറിച്ച് കൃത്യമായ ധാരണയുള്ള പ്രതിഭ. സിനിമ പഠിക്കുന്ന ഏതൊരാള്‍ക്കും ആധികാരികതയോടെ തുറന്നുനോക്കാൻ പറ്റുന്ന പുസ്‌തകമായിരുന്നു സിദ്ദിഖിന്‍റെ സിനിമാജീവിതം.
39 വർഷത്തെ ദാമ്പത്യ ജീവിതം. ഭാര്യ സജിത, മൂന്ന് മക്കൾ. അതായിരുന്നു സിനിമ കഴിഞ്ഞാലുള്ള സിദ്ദിഖിന്‍റെ ലോകം. പൊതുവേ സ്വകാര്യ ജീവിതത്തിലേക്ക് ക്യാമറ കണ്ണുകളെ കടത്തിവിടാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. അനാരോഗ്യ കാലത്തും പ്രേക്ഷകരുമായി സംവദിക്കാൻ ഏതെങ്കിലും ഒരു മാധ്യമം വഴി നമ്മുടെ സ്വീകരണ മുറിയിലേക്ക് എത്താൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
ഒരിക്കൽ ആബേൽ അച്ഛൻ പറഞ്ഞിട്ടുണ്ട്, ചിരിക്കാൻ എളുപ്പമാണ് ചിരിപ്പിക്കുന്നതാണ് പ്രയാസം. ഒരാളെ ചിരിപ്പിക്കാൻ ഒരാൾക്ക് കഴിവുണ്ടെങ്കിൽ അയാൾ ആയിരം പേരിൽ നിന്ന് വ്യത്യസ്‌തനാകും. അതെ, സിദ്ദിഖ് എക്കാലവും മലയാളിയുടെ ഓര്‍മയില്‍ നിന്ന് മായാതെ വേറിട്ടുനില്‍ക്കും.