Rocketry the Nambi Effect release: ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'റോക്കട്രി:ദി നമ്പി ഇഫക്‌ട്'. പ്രേക്ഷകര്‍ ഏറെനാളായി അക്ഷമരായി കാത്തിരിക്കുന്ന ബയോപിക് ചിത്രം കൂടിയാണിത്. 2022 ജൂലൈ 1നാണ് സിനിമ ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ എത്തുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്‌പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജപ്പാനീസ് തുടങ്ങി നിരവധി അന്താരാഷ്‌ട്ര ഭാഷകളിലടക്കമാണ് ചിത്രം ഒരുങ്ങുന്നത്. നേരത്തെ കാന്‍ ഫിലിം ഫെസ്‌റ്റിവലിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.
Madhavan about Nambi Narayanan: നമ്പി നാരായണന്‍റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന ഒരു ചിത്രമല്ല 'റോക്കട്രി: ദി നമ്പി ഇഫക്‌ട്' എന്ന് നടനും സംവിധായകനുമായ ആര്‍.മാധവന്‍ പറയുന്നു. നമ്പി നാരായണന്‍റെ ജീവിതത്തിലെ ഒരു സംഭവം മാത്രമാണ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നടന്ന ദുരന്തമെന്നും അതില്‍ അദ്ദേഹം നിരപരാധിത്വം തെളിയിച്ചതുമാണെന്നും മാധവന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
റിലീസിനോടടുക്കുന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു മാധവന്‍റെ ഈ പ്രതികരണം. 'രാജ്യത്തിന് സ്വപ്‌ന തുല്യമായ ധാരാളം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് പലര്‍ക്കും അറിയില്ല. മലയാളികള്‍ എന്നും തനിക്ക് നല്‍കിയ സ്‌നേഹം വലുതാണ്. തന്‍റെ ആദ്യ സിനിമ ആരംഭിച്ചത് കേരളത്തില്‍ നിന്നാണ്. ഇപ്പോള്‍ ആദ്യ സംവിധാന സംരംഭത്തിലും മലയാളി സാന്നിധ്യം ഉണ്ട്', മാധവന്‍ പറഞ്ഞു.
Producer about Nambi Narayanan: നമ്പി നാരായണന്‍റെ ജീവിതം സിനിമയാക്കുന്നു എന്നറിഞ്ഞ് മാധവനൊപ്പം ചിത്രം നിര്‍മിക്കാന്‍ തങ്ങള്‍ തയ്യാറാവുകയായിരുന്നു എന്നാണ് നിര്‍മാതാവ് ഡോക്‌ടര്‍ വര്‍ഗീസ് മൂലന്‍ പറയുന്നത്. 'രണ്ട് വ്യക്തികള്‍ക്ക് വേണ്ടിയാണ് പ്രധാനമായും ഈ ചിത്രം നിര്‍മിക്കാന്‍ തയ്യാറായത്. ഒന്ന് മാധവന് വേണ്ടി, രണ്ട് നമ്പി നാരായണന് വേണ്ടി. അദ്ദേഹത്തിന്‍റെ ജീവിതം എല്ലാവരും അറിയേണ്ടതാണ്', വര്‍ഗീസ് മൂലന്‍ പറഞ്ഞു.
Rocketry the Nambi Effect budget: 100 കോടിക്ക് മുകളിലാണ് 'റോക്കട്രി'യുടെ ചെലവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.മാധവന്‍റെ ട്രൈ കളര്‍ ഫിലിംസും, ഡോക്‌ടര്‍ വര്‍ഗീസ് മൂലന്‍റെ വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27ത് ഇന്‍വെസ്‌റ്റ്‌മെന്‍റ്‌സും ചേര്‍ന്നാണ് നിര്‍മാണം. നിര്‍മാണത്തിന് പുറമെ ചിത്രത്തിന്‍റെ രചന, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മാധവന്‍ തന്നെയാണ്. മാധവന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. സിനിമയില്‍ മാധവനാണ് നമ്പി നാരായണനായി വേഷമിട്ടത്.
Madhavan makeover for Nambi Narayanan: നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവറുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. വിവിധ കാലഘട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തി. തലയിലെ നര മാത്രമാണ് താരം കൃത്രിമമായി ഉപയോഗിച്ചിട്ടുള്ളത്.
Madhavan Simran movie: സിമ്രാന്‍ ആണ് ചിത്രത്തിലെ നായിക. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാധവനും സിമ്രാനും വീണ്ടും സിനിമയില്‍ ഒന്നിക്കുന്നത്. ഷാരൂഖ് ഖാനും സൂര്യയും അതിഥി വേഷത്തിലും എത്തുന്നുണ്ട്. കൂടാതെ നിരവധി ഹോളിവുഡ് താരങ്ങളും സിനിമയില്‍ അണിനിരക്കും.
മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് സിനിമയുടെ സഹ സംവിധായകന്‍. ശ്രീഷ റായ് ആണ് ഛായാഗ്രഹണം. ബിജിത്ത് ബാല എഡിറ്റിങും നിര്‍വഹിക്കും. ആറ് രാജ്യങ്ങളിലധികം സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കൊവിഡിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
Also Read: ലോകത്തെ ഏറ്റവും വലിയ ബില്‍ബോര്‍ഡില്‍ 'റോക്കട്രി' ട്രെയ്‌ലര്‍ ; ആള്‍ക്കൂട്ടത്തില്‍ നമ്പി നാരായണനും