ഭോപ്പാൽ : ഔഖാഫ്-ഇ-ഷാഹിയുടെ മുത്തവല്ലി (മാനേജർ) എന്ന നിലയിൽ ശരിയായ കൃത്യനിർവഹണം നടത്താത്തതിന് ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാന്‍റെ സഹോദരി സബ സുൽത്താന് മധ്യപ്രദേശ് വഖഫ് ബോർഡ് നോട്ടിസ് അയച്ചു. നാല് ദിവസത്തിനുള്ളിൽ രണ്ടാം തവണയാണ് വഖഫ് ബോർഡ് സബയ്‌ക്ക് നോട്ടിസ് അയക്കുന്നത്. 2011 സെപ്‌റ്റംബറിലാണ് വഖഫ് ബോർഡ് സബയെ ഔഖാഫ്-ഇ-ഷാഹിയുടെ മുത്തവല്ലിയായി നിയമിച്ചത്.
എന്നാൽ വഖഫ് (മതപരമായ ആവശ്യങ്ങൾക്കായി സംഭാവന ചെയ്‌ത ഭൂമി) ബോർഡിന്‍റെ ഉത്തരവുകൾ തുടർച്ചയായി ലംഘിക്കുകയും ഭോപ്പാലിലെ ഹജ് തീർഥാടകർക്ക് മക്കയിലും മദീനയിലുമുള്ള ധർമ്മശാലകൾ നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലുമാണ് നോട്ടിസ്. കൃത്യസമയത്ത് സൗദി സർക്കാരിൽ നിന്ന് അനുമതി വാങ്ങിയിരുന്നെങ്കിൽ മക്കയിലേക്കും മദീനയിലേക്കും പോകുന്ന തീർഥാടകർക്ക് താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കുകയും ഏകദേശം 40,000 രൂപ ലാഭിക്കാനും സാധിക്കും.
എന്നാൽ ഇത്തരത്തിൽ വേണ്ട നടപടി സ്വീകരിക്കാതിരുന്നതിനാൽ സംഭവത്തിൽ രോഷാകുലരായ ഒരു പ്രതിനിധി സംഘം വഖഫ് ബോർഡിനെ കണ്ട് കടുത്ത അവഗണന നടന്നതായി അറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് - മൂന്ന് വർഷമായി സബ അനുമതി വാങ്ങുന്നില്ല. കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയെന്നും ജോലിയിൽ വേണ്ടത്ര താത്‌പര്യം കാണിക്കുന്നില്ലെന്നതുമാണ് സബയ്‌ക്ക് നൽകിയ നോട്ടിസിൽ പറഞ്ഞിട്ടുള്ളത്.
സംസ്ഥാന വഖഫ് ബോർഡ് സിഇഒ സയ്യിദ് ഷാക്കിർ അലി ജാഫ്രിയാണ് നോട്ടിസ് അയച്ചത്. ആദ്യ നോട്ടിസ് മെയ് എട്ടിനും രണ്ടാമത്തെ നോട്ടിസ് മെയ് 12 നുമാണ് അയച്ചിട്ടുള്ളത്. ഭോപ്പാൽ നാട്ടുരാജ്യത്തിലെ പഴയ നവാബ് കുടുംബം രൂപീകരിച്ച സ്ഥാപനമാണ് ഔഖാഫ്-ഇ-ഷാഹി. ഭോപ്പാലിലെ ഹജ്‌ജ് തീർഥാടകർക്ക് മക്കയിലും മദീനയിലും ധർമ്മസ്ഥലങ്ങൾ ലഭ്യമാക്കിയ ശേഷം ഏഴ് ദിവസത്തിനകം ബോർഡിനെ അറിയക്കണമെന്ന് ആദ്യ നോട്ടിസിൽ പറഞ്ഞിരുന്നു.
എന്നാൽ അതിൽ നടപടി ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് രണ്ടാമതും നോട്ടിസ് നൽകിയത്. ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ഷർമിള ടാഗോറിന്‍റെയും മകളാണ് സബ സുൽത്താൻ.