ചെന്നൈ: പ്രശസ്‌ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈ നുങ്കമ്പാക്കത്തെ വസതിയില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. വീഴ്‌ചയില്‍ തലയില്‍ മുറിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
അപാര്‍ട്ട്‌മെന്‍റില്‍ എല്ലായിപ്പോഴും തനിച്ചായിരുന്നു വാണി ജയറാം താമസിച്ചിരുന്നത്. അവര്‍ക്ക് കുട്ടികൾ ഇല്ലായിരുന്നു. ഭര്‍ത്താവ് നേരത്തെ മരിച്ചു. ഗായികയുടെ വീട്ടില്‍ പതിവുപോലെ ശനിയാഴ്‌ചയും വേലക്കാരി ജോലിക്ക് വന്നിരുന്നു. പലതവണ കോളിംഗ് ബെൽ അടിച്ചിട്ടും പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല.
ഉടൻ തന്നെ വേലക്കാരി വാണി ജയറാമിന്‍റെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിലും വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാണി ജയറാമിന്‍റെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ വാതില്‍ തുറന്നു. പൊലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് വാണി ജയറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ വാണി ജയറാമിന് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് പത്‌മഭൂഷണ്‍ പുരസ്‌കാരം വാണി ജയറാമിനെ തേടിയെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി 19 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 'സ്വപ്‌നം' എന്ന ചിത്രത്തിലെ 'സൗരയൂഥത്തില്‍ വിടര്‍ന്നൊരു' എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി ആലപിച്ച ഗാനം.
തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണി ജയറാം സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതം പഠിച്ചത്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. 1975 ല്‍ പുറത്തിറങ്ങിയ തിരുവോണം എന്ന സിനിമയില്‍ വാണി ജയറാം പാടിയ തിരുവോണപ്പുലരിതൻ എന്ന് തുടങ്ങുന്ന ഗാനം എക്കാലത്തെയും മികച്ച ഓണപ്പാട്ടുകളായാണ് അറിയപ്പെടുന്നത്.
1976 ല്‍ പുറത്തിറങ്ങിയ യുദ്ധഭൂമി എന്ന ചിത്രത്തിലെ ആഷാഢമാസം ആത്മാവിൽ മോഹം എന്ന ഗാനം, 1978 ല്‍ പുറത്തിറങ്ങിയ തച്ചോളി അമ്പു എന്ന ചിത്രത്തിലെ നാദാപുരം പള്ളിയിലെ തുടങ്ങിയ ഗാനങ്ങൾ ഏറെ പ്രശസ്‌തമാണ്. കഴിഞ്ഞയാഴ്‌ചയാണ് പത്മ പുരസ്‌കാരം ലഭിച്ചത്.
പ്രൊഫഷണല്‍ ഗായികയായി 50 വർഷം പൂർത്തിയാക്കിയ വാണി ജയറാം 10,000ലധികം ഗാനങ്ങള്‍ പാടി റെക്കോഡ് ചെയ്‌തിട്ടുണ്ട്. ഇളയരാജ, ആര്‍ഡി ബര്‍മന്‍, കെവി മഹാദേവന്‍, ഒപി നയ്യാര്‍, മദന്‍ മോഹന്‍ തുടങ്ങി ഇതിഹാസ സംഗീത സംവിധായകര്‍ക്കൊപ്പം വാണി ജയറാം പ്രവര്‍ത്തിച്ചിട്ടുണ്ട്.