തൃശ്ശൂര്‍: ടൂറിങ് ടാക്കീസുകളില്‍ നിന്നും മലയാളികളെ ആദ്യമായി ഒരു കുടക്കീഴില്‍ ഒന്നിച്ചിരുത്തി സിനിമകള്‍ കാണിച്ച ചരിത്രം തൃശൂർ ജോസിന് മാത്രം അവകാശപ്പെട്ടതാണ്. കാര്‍ബണ്‍ വെളിച്ചത്തിനൊപ്പം ഫിലിമുകള്‍ കറങ്ങിയിരുന്ന ജോസിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള 'വെസ്ട്രക്‌സ്' പ്രൊജക്റ്റര്‍ ഇന്നും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 1930ല്‍ കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫാണ് തൃശ്ശൂര്‍ റൗണ്ടില്‍ ജോസ് തിയേറ്റര്‍ തുടങ്ങിയത്.
തിയേറ്ററിന്‍റെ നിലവിലെ മേല്‍നോട്ടം പോള്‍ മോഹനാണ്. ആധുനിക 4k ക്രിസ്റ്റി സിപി 4330 ലേസര്‍ പ്രൊജക്‌ടറിലൂടെയാണ് ജോസില്‍ സിനിമ ഇനി തിരശീലയിലെത്തുക. ഒരു കോടിരൂപയാണ് പ്രൊജക്‌ടറിന്‍റെ മാത്രം വില.
48 ചാനലുകളും അറുപത്തിനാല് സ്‌പീക്കറുകളുമുള്ള ജെബിഎല്‍ ഡോള്‍ബി അറ്റ്‌മോസ് ആണ് ശബ്‌ദസംവിധാനം. അരക്കോടിയോളം രൂപയാണ് ശബ്‌ദ സംവിധനത്തിന് മാത്രം ചെലവഴിച്ചത്. 1.7 ഗെയിനോടുകൂടിയ ക്രിസ്റ്റി സില്‍വര്‍ സ്ക്രീന്‍ വഴിയാകും ദൃശ്യാനുഭവം.
ത്രീ ഡി സിനിമകള്‍ക്കായി 'ഡെപ്ത്ത് ക്യൂ' ത്രീ ഡി സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വാഹന പാര്‍ക്കിംങ് മികവുറ്റതാക്കാന്‍ സീറ്റുകളുടെ എണ്ണം ആയിരത്തില്‍ നിന്നും 300ആയി കുറച്ചാണ് തിയേറ്റര്‍ ഒരുങ്ങുന്നത്. അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്തമാസം പകുതിയോടെ ഉദ്ഘാടനം നടത്തനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.