ബോളിവുഡില്‍ നിരവധി ആരാധകരുളള താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഡിസംബറില്‍ വിവാഹിതരായ ഇരുവരുടെയും റൊമാന്‍റിക്ക് ചിത്രങ്ങളെല്ലാം ട്രെന്‍ഡിംഗാവാറുണ്ട്. വിവാഹം കഴിഞ്ഞ് വീണ്ടും സിനിമാതിരക്കുകളിലേക്ക് കടന്നിരുന്നു താരജോഡി. ഹിന്ദി സിനിമാ ലോകത്ത് വലിയ താരമൂല്യമുളള അഭിനേതാക്കളാണ് ഇരുവരും.
ബോളിവുഡിലെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും കത്രീന കെെഫ് അഭിനയിച്ചിട്ടുണ്ട്. കരിയറില്‍ ചെയ്ത ശ്രദ്ധേയ സിനിമകളിലൂടെ വിക്കിയും പ്രേക്ഷകരുടെ ഇഷ്‌ട താരമായി മാറി. ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് സിനിമയിലൂടെ മികച്ച നടനുളള ദേശീയ പുരസ്കാരം നടന് ലഭിച്ചു. സിനിമയില്‍ നിന്നും കിട്ടുന്ന ഒഴിവുവേളകളില്‍ കത്രീനയ്ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ട് വിക്കി.
ഇപ്പോള്‍ ഭര്‍ത്താവിനൊപ്പമുളള കത്രീന കൈഫിന്‍റെ എറ്റവും പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിക്കിക്കൊപ്പം പൂളില്‍ നിന്നും എടുത്ത പ്രണയാര്‍ദ്ര നിമിഷത്തിന്റെ ഫോട്ടോയാണ് നടി പങ്കുവെച്ചത്. തന്‍റെ പ്രിയതമനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന കത്രീനയെ ചിത്രത്തില്‍ കാണാം. ഭര്‍ത്താവിനൊപ്പമുളള കൂള്‍ ചിത്രം പങ്കുവെച്ച് വീക്കെന്‍ഡിന് തുടക്കം കുറിച്ചിരിക്കുകയാണ് നടി. 'ഞാനും എന്‍റെതും' എന്ന കാപ്ഷനിലാണ് കത്രീന കൈഫ് ചിത്രം പോസ്റ്റ് ചെയ്‌തത്.
വിവാഹ ശേഷം സിനിമ തിരക്കുകളിലേക്ക് വീണ്ടും കടന്നതിനാല്‍ ഇരുവര്‍ക്കും ഒരുമിച്ച് ചെലവഴിക്കാന്‍ അധികം സമയം കിട്ടിയിരുന്നില്ല. എന്നാല്‍ കിട്ടിയ സമയങ്ങളെല്ലാം താരജോഡി നന്നായി വിനിയോഗിച്ചു. സല്‍മാന്‍ ഖാന്‍റെ നായികയായുളള ടൈഗര്‍ 3യാണ് കത്രീന കെെഫിന്‍റെ പുതിയ ചിത്രം. കൂടാതെ വിജയ് സേതുപതിയുടെ നായികയായി മേരി ക്രിസ്‌മസ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവര്‍ക്കൊപ്പമുളള ഫര്‍ഹാന്‍ അക്തറിന്റെ ജീ ലെ സരാ തുടങ്ങിയ സിനിമകളും നടിയുടെതായി വരുന്നു.