സിനിമ ചിത്രീകരണത്തിനിടെ തെന്നിവീണ് പരിക്കേറ്റ ഹോളിവുഡ് താരം കേറ്റ് വിൻസ്‌ലെറ്റ് ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിയെത്തി. പരിക്കേറ്റതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ക്രൊയേഷ്യയിൽ ലീ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ സിനിമ ചിത്രീകരണം നിർത്തിവയ്‌ക്കുകയും കേറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
രണ്ടാം ലോക മഹായുദ്ധം റിപ്പോർട്ട് ചെയ്‌ത മാധ്യമപ്രവർത്തകയും വോഗ് മാഗസിന്‍റെ ഫോട്ടോഗ്രാഫറും കവർ മോഡലുമായിരുന്ന ലീ മില്ലറുടെ കഥ പറയുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് കേറ്റ് അവതരിപ്പിക്കുന്നത്. കേറ്റ് വിൻസ്‌ലെറ്റ് നായികയായി 2004-ൽ പുറത്തിറങ്ങിയ എറ്റേണൽ സൺഷൈൻ ഓഫ് ദി സ്പോട്ട്‌ലെസ്സ് മൈൻഡ് എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകനായ എലൻ കുറാസാണ് 'ലീ' സംവിധാനം ചെയ്യുന്നത്. കേറ്റിനെ കൂടാതെ, മരിയോൺ കോട്ടില്ലാർഡ്, ജൂഡ് ലോ, ആൻഡ്രിയ റൈസ്ബറോ, ജോഷ് ഒകോണർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനിടെ ഹിറ്റ്‌ലറുടെ നാസി ജർമനി ജൂത സമൂഹത്തിനെതിരെ അഴിച്ചുവിട്ട ക്രൂരതകൾ തുറന്നുകാട്ടിയ മാധ്യമപ്രവർത്തകയായിരുന്നു മില്ലർ. സിനിമയുടെ യുദ്ധരംഗങ്ങൾ ചിത്രീകരിക്കാനാണ് കേറ്റ് ഉൾപ്പെടുന്ന സംഘം ക്രൊയേഷ്യയിൽ എത്തിയത്.
'അവതാർ 2' ആണ് തിയേറ്റർ റിലീസിനായി കാത്തിരിക്കുന്ന താരത്തിന്‍റെ സിനിമ. റോണൽ എന്നാണ് ചിത്രത്തിൽ കേറ്റിന്‍റെ കഥാപാത്രത്തിന്‍റെ പേര്. പന്തോറയിലെ വിശാലമായ സമുദ്രത്തിൽ വസിക്കുന്ന മെറ്റ്‌കൈന ഗോത്രത്തെ റോണൽ ആണ് നയിക്കുന്നതെന്നും ചിത്രത്തിൽ റോണൽ സുപ്രധാനമായ കഥാപാത്രമാണ് എന്നും കേറ്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിത്രം ഡിസംബർ 16നാണ് റിലീസിനെത്തുന്നത്.
എച്ച്‌ബിഒയുടെ 'മാരേ ഓഫ് ഈസ്റ്റ്‌ടൗൺ' ആണ് കേറ്റിന്‍റെ ഒടുവിലിറങ്ങിയ ചിത്രം. ചിത്രത്തിലെ അഭിനയത്തിന് കഴിഞ്ഞ വർഷം താരത്തിന് എമ്മി അവാർഡ് ലഭിച്ചിരുന്നു. 'അമ്മോണൈറ്റ്', 'ബ്ലാക്ക് ബേഡ്', 'ദി മൗണ്ടൻ ബിറ്റ്വീൻ അസ്' എന്നീ ചിത്രങ്ങളും കേറ്റ് വിൻസ്‌ലെറ്റിന്‍റേതായി അടുത്തിടെ പുറത്തിറങ്ങി.