ഹൈദരാബാദ് : കാന്താരയുടെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായി റിഷബ് ഷെട്ടിയെത്തുന്നു. 2022ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ കഥയുമായി ബന്ധപ്പെട്ട് തന്നെയാണ് രണ്ടാം ഭാഗം ഒരുക്കുന്നത് എന്നാണ് സൂചന. രണ്ടാം ഭാഗത്തിന്‍റെ ഫസ്റ്റ് ലുക്ക് നവംബര്‍ 27 പുറത്തുവിടും. കാന്താര: ചാപ്‌റ്റര്‍ 1 എന്നാണ് ടൈറ്റില്‍ (Kantara Chapter 1 coming soon).
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമം ആകുന്നത്. കാന്താരയുടെ പ്രൊഡക്ഷന്‍ ബാനറായ ഹോംബാലെ ഫിലിംസ് ആണ് പുതിയ ചിത്രത്തിന്‍റെ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'ഓരോ നിമിഷവും ദൈവിക സ്‌പര്‍ശം അനുഭവിക്കുമ്പോള്‍ കഴിഞ്ഞകാലത്തിന്‍റെ നിഗൂഢമായ സത്യം തിരിച്ചറിയുക. ഇതുവരെ കാണാത്ത അത്ഭുതത്തിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കൂ. ഇത് വെറുമൊരു വെളിച്ചമല്ല, ദര്‍ശനമാണ്. ഫസ്റ്റ് ലുക്ക് നവംബര്‍ 27, ഉച്ചക്ക് 12.25ന്' -ഹോംബാലെ ഫിലിംസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു (Kantara Chapter 1 first look will be unveiled).
ഈ വര്‍ഷം തുടക്കത്തില്‍ തന്നെ കാന്താര 2ന്‍റെ പ്രഖ്യാപനം നടന്നിരുന്നു. കാന്താരയുടെ നൂറുദിന പ്രദര്‍ശന വിജയം ആഘോഷിച്ച ഒരു പരിപാടിയിലാണ് റിഷബ് ഷെട്ടി ആരാധകരെ ആവേശത്തിലാഴ്‌ത്തിയ ആ വലിയ പ്രഖ്യാപനം നടത്തിയത്. 'നിങ്ങള്‍ കണ്ടത് യഥാര്‍ഥത്തില്‍ രണ്ടാം ഭാഗമാണ്. ആദ്യ ഭാഗം അടുത്ത വര്‍ഷം വരും. കാന്താരയുടെ ചിത്രീകരണ സമയത്താണ് ഇത്തരമൊരു ആശയം ഉയര്‍ന്നത്. കാരണം കാന്താരയുടെ ചരിത്രത്തിന് ആഴത്തിലുള്ള വേരോട്ടങ്ങളുണ്ട്. നിലവില്‍ എഴുത്ത് പണികള്‍ നടക്കുകയാണ്. പണിപ്പുരയിലായതിനാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ സാധിക്കില്ല' -ഇതായിരുന്നു പ്രേക്ഷകരെ ആകാംക്ഷയിലാക്കിയ ആ പ്രഖ്യാപനം.
ദക്ഷിണ കന്നഡയിലെ സാങ്കല്‍പ്പിക ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് കാന്താര ഒരുക്കിയത്. റിഷബ് ഷെട്ടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. അതി മനോഹരമായ ഫ്രെയിമുകളും ചടുലമായ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിക്കുകയായിരുന്നു.
അരവിന്ദ് എസ് കശ്യപിന്‍റെ സിനിമറ്റോഗ്രഫി തെല്ലൊന്നുമല്ല ചിത്രത്തെ സ്വാധീനിച്ചത്. ഒപ്പം അജനീഷ് ലോക്‌നാഥിന്‍റെ പശ്ചാത്തല സംഗീതം കൂടിയായപ്പോള്‍ കാന്താര പ്രേക്ഷകരെ കൊണ്ടെത്തിച്ചത് ഒരു മായിക ലോകത്തേക്കാണ്. കാന്താരയിലൂടെ സാന്‍ഡല്‍വുഡിനെ പൊളിച്ചെഴുതുക കൂടിയായിരുന്നു റിഷബ് ഷെട്ടി. സംവിധായകന്‍, കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളില്‍ നിറഞ്ഞാടുകയായിരുന്നു അയാള്‍. ധിക്കാരിയായ ശിവയെന്ന ചെറുപ്പക്കാരനില്‍ നിന്ന് ദൈവക്കോലമായുള്ള റിഷബ് ഷെട്ടിയുടെ പകര്‍ന്നാട്ടം തിയേറ്ററില്‍ വന്‍ കയ്യടിയാണ് നേടിക്കൊടുത്തത്. കാഴ്‌ച വസന്തത്തിനപ്പുറം വ്യക്തമായ രാഷ്‌ട്രീയവും പറഞ്ഞുവയ്‌ക്കുന്നുണ്ട് കാന്താര.