ബെംഗളൂരു: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കന്നട നടന്‍ ചേതന്‍ അഹിംസക്കെതിരെ കേസെടുത്ത് പൊലീസ്. സൂപ്പര്‍ഹിറ്റ് സിനിമയായ കാന്താരയില്‍ 'ഭൂത കോല' ആചാരത്തെ കുറിച്ച് പരാമർശിക്കുന്നതിനിടെ അപകീർത്തികരവും അവഹേളനപരവുമായ പ്രസ്‌താവന നടത്തിയതിനെതിരെ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ശിവകുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 505 (2) പ്രകാരമാണ് പൊലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.
ഹിന്ദു വികാരം വ്രണപ്പെടുത്തി, മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കി എന്നിവയാണ് പരാതിക്കാരന്‍ ഉന്നയിച്ച പരാതി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ചേതനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം ചേതന്‍ അഹിംസ, ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ആര്‍എസ്എസിനോട് അടുത്ത സംഘടനയായ ഹിന്ദു ജാഗരണ്‍ വേദികെയും പരാതി നല്‍കിയിരുന്നു. നടനെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതിന് താക്കീത് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
'ഭൂത കോല' ആചാരം ഹിന്ദു വിശ്വാസത്തിന് കീഴില്‍ വരില്ലെന്നും അതിനും മുമ്പേ പ്രചാരത്തിലുള്ളതായിരുന്നു എന്നായിരുന്നു ചേതൻ അഹിംസയുടെ പരാതിക്കിടവരുത്തിയ പ്രസ്‌താവന. ഹിന്ദു ഭാഷ അടിച്ചേൽപ്പിക്കാൻ കഴിയാത്തതുപോലെ ഹിന്ദുത്വവും ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ഹിന്ദു എന്നത് ഹിന്ദുമതത്തിൽ നിന്ന് വ്യത്യസ്‌തമാണ് എന്നിങ്ങനെയായിരുന്നു ചേതന്‍ അഹിംസയുടെ പരാമര്‍ശം.