മുംബൈ : 'അസ്‌ലം' എന്ന യഥാര്‍ഥ പേരെന്തിന് മറച്ചുവയ്ക്കുന്നുവെന്ന് മുതിര്‍ന്ന ചലച്ചിത്രകാരന്‍ മഹേഷ് ഭട്ടിനോട് നടി കങ്കണ റണാവത്ത്. വീണ്ടും വിദ്വേഷ ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. മഹേഷ് ജി ആകസ്‌മികമായും കാവ്യാത്മകമായും ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്ന് കങ്കണ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
മഹേഷ് തന്‍റെ രണ്ടാം ഭാര്യയായ സോണി റസ്‌ദാനെ വിവാഹം കഴിക്കുന്നതിനായാണ് മതം മാറിയത്. 'അസ്‌ലം' എന്നത് മനോഹരമായ പേരല്ലേ, എന്തിനാണ് അത് മറച്ചുവയ്ക്കുന്നതെന്നും കങ്കണ ചോദിക്കുന്നു. ഇതാദ്യമായല്ല മഹേഷ് ഭട്ടിനെ കങ്കണ ലക്ഷ്യമിടുന്നത്.
മഹേഷ് ഭട്ടിന്‍റെ മകൾ പൂജ ഭട്ട് സംവിധാനം ചെയ്‌ത സിനിമയിൽ നിന്ന് പിന്മാറിയതിന് ആദ്ദേഹം തന്നെ ആക്രമിക്കുന്ന സാഹചര്യം വരെ ഉണ്ടായെന്ന് 2020ൽ കങ്കണ ആരോപിച്ചിരുന്നു. ഈ വർഷമാദ്യം മഹേഷ് ഭട്ടിന്‍റെ മകൾ ആലിയ ഭട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഗംഗുഭായ് കത്തിയവാഡി' എന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായും കങ്കണ പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു.
സിനിമ തിയേറ്ററിൽ പരാജയപ്പെടുമെന്നും പോരായ്‌മ കാസ്റ്റിംഗ് ആണെന്നുമായിരുന്നു കങ്കണ പറഞ്ഞത്. ആലിയയെ 'ഡാഡിയുടെ മാലാഖ' എന്നും മഹേഷിനെ 'സിനിമ മാഫിയ' എന്നും കങ്കണ ആക്ഷേപിച്ചിരുന്നു. മഹേഷ് ഭട്ട് തിരക്കഥ എഴുതി 2006ൽ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ കങ്കണ അരങ്ങേറ്റം കുറിച്ചത്.