മുംബൈ : മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനെ മികച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമെന്ന് വിശേഷിപ്പിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്‍സ്‌റ്റഗ്രാമിനെ പ്രതികരണ ശേഷിയില്ലാത്ത ആപ്പെന്ന് വിളിച്ച നടി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവസരമില്ലാത്ത പ്ലാറ്റ്‌ഫോമാണെന്നും വിമര്‍ശിച്ചു. തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച സ്‌റ്റോറിയിലാണ് ട്വിറ്ററിനെ പുകഴ്‌ത്തിയും ഇന്‍സ്റ്റഗ്രാമിനെ വിമര്‍ശിച്ചുമുള്ള നടിയുടെ കുറിപ്പ്.
കങ്കണയുടെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി : 'ഇന്‍സ്‌റ്റഗ്രാമിന് പ്രതികരണശേഷിയില്ല, ചിത്രങ്ങള്‍ മാത്രമേ പോസ്‌റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്ത് അഭിപ്രായങ്ങള്‍ എഴുതിയാലും അത് അടുത്ത ദിവസം തന്നെ അപ്രത്യക്ഷമാകും. എല്ലാവരെയും നിസാരക്കാരും ബുദ്ധിയില്ലാത്തവരുമാക്കി മാറ്റുകയാണ്. മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കുന്നില്ല എന്നതാണ് അടുത്ത ദിവസം സ്‌റ്റോറികള്‍ അപ്രത്യക്ഷമാകുന്നത് കൊണ്ട് വ്യക്തമാകുന്നത്' - കങ്കണ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.
ആളുകള്‍ക്ക് വേണ്ടി ചിന്തിക്കുന്നതെല്ലാം രേഖപ്പെടുത്തി വയ്‌ക്കണമെന്ന് വിചാരിക്കുന്ന തങ്ങളെ പോലുള്ള ആളുകള്‍ എന്ത് ചെയ്യും? ഇതെല്ലാം ചെറിയ രീതിയിലുള്ള ബ്ലോഗുകളാണ്. വസ്‌തുക്കളുടെയും വിഷയത്തിന്‍റെയും വളര്‍ച്ചയ്‌ക്ക് വേണ്ടിയുള്ള വ്യഖ്യാനങ്ങളാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇലോണ്‍ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തയെ സ്വാഗതം ചെയ്‌ത കങ്കണ മൈക്രോ ബ്ലോഗിങ് സൈറ്റ് ആശയപരമായും ബൗദ്ധികപരമായും പ്രചോദിതമാണെന്നും അഭിപ്രായപ്പെട്ടു. ട്വിറ്റര്‍ മികച്ച പ്ലാറ്റ്‌ഫോമാണെന്ന് അഭിപ്രായപ്പെട്ട കങ്കണ ആധാര്‍ കാര്‍ഡുള്ള എല്ലാവരും വേരിഫൈഡ് ബ്ലൂ ടിക്ക് വാങ്ങണമെന്നും പറഞ്ഞു.
കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് : സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിന്‍റെ ആക്‌സസ് തിരിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നടി. കങ്കണയുടെ അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ ഇലോണ്‍ മസ്‌കിനോട് അപേക്ഷിച്ചുകൊണ്ട് കങ്കണയുടെ ഒരു ആരാധകന്‍ പങ്കുവച്ച പോസ്‌റ്റ് കഴിഞ്ഞ ആഴ്‌ച നടി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
moron_humor എന്ന് പേരുള്ള ഒരു ഉപയോക്താവാണ് ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌തത്. ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്‌താവനയും കങ്കണയുടെ ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടിന്‍റെ സ്‌ക്രീന്‍ഷോട്ടും ഉള്‍പ്പടെ 'സംസാര സ്വാതന്ത്ര്യത്തിന്‍റെ ആത്മാവില്‍ നിന്ന് കങ്കണയുടെ അക്കൗണ്ട് ഇലോണ്‍ മസ്‌ക് തിരികെ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഇയാള്‍ ട്വിറ്ററില്‍ പോസ്‌റ്റ് പങ്കുവച്ചത്.
ട്വിറ്ററിന്‍റെ അധികാരം ഇലോണ്‍ മസ്‌ക് ഏറ്റെടുത്തപ്പോള്‍ സിഇഒ ആയിരുന്ന പരാഗ് അഗര്‍വാള്‍ ഉള്‍പ്പടെയുള്ള മേധാവികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു എന്ന വാര്‍ത്തയുടെ തലക്കെട്ടിന്‍റെ സ്‌ക്രീന്‍ഷോട്ട് കയ്യടിക്കുന്ന ഇമോജിയോടെ താരം പോസ്‌റ്റ് ചെയ്‌തിരുന്നു.
ALSO READ: ജിമ്മിലെ വര്‍ക്കൗട്ടിനിടെ ടെലിവിഷന്‍ താരത്തിന് ദാരുണാന്ത്യം
തുടര്‍ച്ചയായി ട്വിറ്ററിന്‍റെ നിയമങ്ങള്‍ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി 2021 മെയ് മാസത്തിലാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്‌തത്. പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യ തൃണമൂൽ കോൺഗ്രസിന്‍റെ വിജയം അക്രമത്തിലേയ്ക്ക് നയിച്ചുവെന്ന് ആരോപിച്ച് നടി പ്രകോപനപരമായ പോസ്റ്റ് ഇട്ടതിനെ തുടർന്നാണ് അക്കൗണ്ട് വിച്ഛേദിക്കപ്പെട്ടത്.
വരാനിരിക്കുന്ന ചിത്രങ്ങള്‍ : 'തേജസ്' എന്ന ചിത്രമാണ് കങ്കണയുടെ വരാനിരിക്കുന്ന പ്രൊജക്‌റ്റ്. 2023ലാണ് ചിത്രം റിലീസ് ചെയ്യുക. പിരീഡ് ഡ്രാമയായ എമര്‍ജന്‍സിയിലും താരം വേഷമിടുന്നുണ്ട്. കങ്കണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് എമര്‍ജന്‍സി.