സിനിമാലോകത്തെ ആ സ്വപ്‌ന ജോഡി വീണ്ടും ഒന്നിക്കുന്നു. അതെ, മണിരത്‌നം സിനിമയിൽ നായകനായി കമൽഹാസൻ. നീണ്ട 36 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കമല്‍ഹാസനെ നായകനാക്കി മണിരത്‌നം ചിത്രം ഒരുക്കുന്നത് (Kamal Haasan and Mani Ratnam Movie 'KH 234').
നേരത്തെ തന്നെ ഈ സിനിമയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ വന്നിരുന്നെങ്കിലും ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായതിന്‍റെ ആവേശത്തിലാണ് സിനിമാസ്വാദകർ. കമൽഹാസന്‍റെ കരിയറിലെ 234-ാം ചിത്രമാണിത്. 'കെഎച്ച് 234' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ റിലീസ് തീയതി പുറത്തു വന്നു.
കമൽഹാസന്‍റെ പിറന്നാൾ ദിനമായ നവംബർ ഏഴിന് ടീസർ പ്രേക്ഷകർക്ക് അരികിലെത്തും ('KH 234' teaser will be Released on Kamal Haasan's Birthday). കമൽഹാസൻ തന്നെയാണ് ഒരു ടെലിവിഷൻ പരിപാടിക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കമൽഹാസൻ - മണിരത്‌നം കൂടിച്ചേരലിൽ ആരാധകരുടെ ആവേശവും പ്രതീക്ഷകളുമെല്ലാം വാനോളമാണ്.
'കെഎച്ച് 234'യില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത് എന്നാണ് വിവരം. തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണിരത്‌നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് 'കെഎച്ച് 234'ന്‍റെ നിർമാണം.
അതേസമയം നിലവിൽ 'ഇന്ത്യന്‍ 2' എന്ന സിനിമയുടെ തിരക്കുകളിലാണ് കമല്‍ ഹാസന്‍. ശങ്കര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കമൽഹാസൻ നായകനായി 1996ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' (Indian) സിനിമയുടെ തുടർച്ചയാണ് ഈ ചിത്രം. 'സേനാപതി' എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷത്തിലാണ് 'ഇന്ത്യൻ 2'വില്‍ കമൽ ഹാസൻ എത്തുക.
200 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. യോഗ് രാജ് സിങ്, രാകുല്‍ പ്രീത്, സിദ്ധാര്‍ഥ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുണ്ട്. 'ഇന്ത്യൻ' സിനിമയിലെ പ്രകടനത്തിന് കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. നെടുമുടി വേണു, സുകന്യ, കസ്‌തൂരി, മനീഷ കൊയ്‌രാള, ഊര്‍മിള മധോത്‌കര്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിൽ മറ്റ് വേഷങ്ങളിൽ അണിനിരന്നത്.
കൂടാതെ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍ക്കി'യിലും കമൽഹാസൻ വേഷമിടുന്നുണ്ട്. പ്രഭാസ് നായകനായ ചിത്രത്തിൽ ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ ദിഷ പടാനി എന്നിവരും അണിനിരക്കുന്നു. സയൻസ് ഫിക്ഷൻ ചിത്രമായാണ് 'പ്രൊജക്‌ട് കെ' (Project K) എന്നറിയപ്പെട്ടിരുന്ന 'കൽക്കി 2898 എഡി' (Kalki 2898 - AD) എത്തുന്നത്.
അതേസമയം 'നായകനാ'ണ് ഇതിന് മുന്‍പ് മണിരത്‌നം കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം. 1987ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 'നായകനി'ലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കമല്‍ഹാസൻ സ്വന്തമാക്കിയിരുന്നു.