കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രമായി നവംബര്‍ 17ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് 'ശേഷം മൈക്കില്‍ ഫാത്തിമ'. കളര്‍ഫുള്‍ ഫാമിലി എന്‍റർടെയ്‌നറായി എത്തിയ ചിത്രം ഇപ്പോഴിതാ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കും എത്തുകയായി. സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവന്നു.
മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ശേഷം മൈക്കില്‍ ഫാത്തിമ' പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെയാണ് സ്‌ട്രീമിംഗിന് ഒരുങ്ങുന്നത്. ഡിസംബര്‍ 15ന് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കും. മലയാളത്തിന് പുറമെ തെലുഗു, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും 'ശേഷം മൈക്കില്‍ ഫാത്തിമ' പ്രേക്ഷകരിലേക്ക് എത്തും.
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് 'ശേഷം മൈക്കില്‍ ഫാത്തിമ'. ഫാത്തിമയെന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കല്യാണി അവതരിപ്പിച്ചത്. വിദേശ ലീഗുകളടക്കം ഉറക്കമിളച്ചിരുന്ന് കാണുന്ന, ഫുട്‌ബോളിനെ അത്രമേൽ ഇഷ്‌ടപ്പെടുന്ന പെൺകുട്ടിയാണ് ഫാത്തിമ. അങ്ങനെയിരിക്കെ ഫാത്തിമയ്‌ക്ക് നാട്ടിലെ സെവന്‍സ് മത്സരത്തിന് കമന്‍ററി പറയാനുള്ള അവസരം ലഭിക്കുകയാണ്. പിന്നീട് അറിയപ്പെടുന്ന ഒരു ഫുട്ബോള്‍ കമന്‍റേറ്റര്‍ ആവാനുള്ള അവളുടെ മോഹവും അതിനായുള്ള പരിശ്രമങ്ങളുമാണ് ചിത്രം പറയുന്നത്.
കല്യാണി പ്രിയദർശന് പുറമെ സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്ന് നിർമിച്ച ഈ ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. രഞ്ജിത് നായർ ആണ് ഈ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ശ്രീ ഗോകുലം മൂവീസ് ആണ് ആഗോളതലത്തില്‍ സിനിമ വിതരണത്തിന് എത്തിച്ചത്. 'ലിയോ', 'ജവാന്‍', 'ജയിലര്‍' എന്നീ ചിത്രങ്ങളുടെ ബോക്‌സോഫിസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്‌ത മലയാള ചിത്രം കൂടിയായിരുന്നു 'ശേഷം മൈക്കില്‍ ഫാത്തിമ'.
ഹിഷാം അബ്‌ദുൽ വഹാബാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നത്. പ്രശസ്‌ത സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ ഈ ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരുന്നു. മലയാള സിനിമയില്‍ ആദ്യമായാണ് അനിരുദ്ധ് ഗാനം ആലപിക്കുന്നത്.
സന്താന കൃഷ്‌ണൻ രവിചന്ദ്രൻ ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് കിരൺ ദാസും നിർവഹിച്ചിരിക്കുന്നു. ചീഫ് അസോസിയേറ്റ് - സുകു ദാമോദര്‍, ആര്‍ട്ട് - നിമേഷ് താനൂര്‍, കോസ്റ്റ്യൂം - ധന്യാ ബാലകൃഷ്‌ണന്‍, മേക്കപ്പ് - റോണെക്‌സ് സേവിയര്‍, പബ്ലിസിറ്റി - യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ - ഐശ്വര്യ സുരേഷ് എന്നിവർ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരാണ്.