ചെന്നൈ : ജെന്‍റിൽമാൻ ഫിലിം ഇൻ്റർനാഷണലിൻ്റെ ബാനറിൽ (Gentleman Film International) മെഗാ പ്രൊഡ്യൂസർ കെ. ടി. കുഞ്ഞുമോൻ (K. T. Kunjumon) നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ജെന്‍റിൽമാൻ -2 (Gentleman-2). പ്രഖ്യാപനം മുതൽതന്നെ ശ്രദ്ധ നേടിയ സിനിമയ്‌ക്ക് ഗംഭീരമായി തുടക്കം കുറിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കേന്ദ്ര സഹമന്ത്രി എൽ മുരുഗൻ, ഐറിൻ കുഞ്ഞുമോൻ, ഫിലിം ചേംബർ പ്രസിഡൻ്റ് രവി കൊട്ടാരക്കര, ജപ്പാൻ കോൺസൽ ടാഗ മസായുകി, ബംഗ്ലാദേശ് ഹൈ കമ്മിഷൻ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആരിഫുർ റഹ്മാൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത് (K.T. Kunjumon's Gentleman-2 launch).
ചെന്നൈ എഗ്മൂർ രാജ മുത്തയ്യ ഹാളിൽ വച്ചുനടന്ന ലോഞ്ചിംഗ് ചടങ്ങിൽ (Gentleman-2 launch) ആയിരങ്ങൾ സാക്ഷികളായി. ചടങ്ങിൽ വച്ച് ഓസ്‌കർ പുരസ്‌കാര ജേതാവ് പദ്‌മശ്രീ എം എം കീരവാണിയെ അണിയറ പ്രവർത്തകർ ആദരിച്ചു (Oscar winner Padma Shri MM Keeravani). വിശിഷ്‌ട അതിഥിയായി പങ്കെടുത്ത കേന്ദ്ര സഹ മന്ത്രി എൽ. മുരുകൻ (L. Murugan), വൈരമുത്തു (Vairamuthu), കുഞ്ഞുമോൻ എന്നിവർ ചേർന്ന് ആറടി ഉയരമുളള പുഷ്‌പ ഹാരവും വർണ തലപ്പാവും കീരവാണിയെ അണിയിച്ചു.
ചലച്ചിത്ര സംഘടന ഭാരവാഹികളും രാഷ്‌ട്രീയ പ്രമുഖരും കീരവാണിക്ക് ആശംസകൾ നേർന്നു. തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം ആളുകൾ പങ്കെടുത്ത ലോഞ്ചിങ് ആയിരുന്നു 'ജെന്‍റിൽമാൻ-II' വിൻ്റേത്. എബി കുഞ്ഞു മോൻ, അജയ് കുമാർ എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
അതേസമയം എപ്പോഴും വൻകിട താരങ്ങളെ ആശ്രയിക്കാതെ, വളർന്നുവരുന്ന യുവ നടീ-നടൻമാർക്ക് അവസരം നൽകുന്ന, പ്രഗത്ഭരായ സാങ്കേതിക വിദഗ്‌ധരെ അണിനിരത്തി ബ്രഹ്മാണ്ഡ ക്യാൻവാസിൽ ജനപ്രിയ സിനിമകൾ നിർമിച്ച് വിജയം കൊയ്യുന്നതാണ് കെ.ടി. കുഞ്ഞുമോൻ്റെ സിദ്ധാന്തം. 'വസന്തകാല പറവൈ' (Vasanthakala Paravai), 'സൂര്യൻ' (Surieyan), 'ജെൻ്റിൽമാൻ' (Gentleman), 'കാതലൻ' (Kadhalan), 'കാതൽ ദേശം' (Kadhal Desam), 'രക്ഷകൻ' (Rakshakan) തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരത്തിൽ സിനിമ താരങ്ങളെ പോലെ തന്നെ ഒട്ടനവധി ആരാധകരുള്ള ട്രെൻഡ് സെറ്റർ നിർമാതാവായി മാറാൻ കെ ടി കെ എന്ന് വിളിക്കപ്പെടുന്ന മെഗാ പ്രൊഡ്യൂസർ കെ.ടി. കുഞ്ഞുമോനായി.
എ. ഗോകുൽ കൃഷ്‌ണ (A. Gokul Krishna) ആണ് 'ജെൻ്റിൽമാൻ-II'വിന്‍റെ സംവിധായകൻ. പ്രശസ്‌ത സംവിധായകൻ വിഷ്‌ണു വർധന്‍റെ അസോസിയേറ്റ് ആയിരുന്നു ഗോകുൽ കൃഷ്‌ണ. നാനിയെ നായകനാക്കി 'ആഹാ കല്യാണം' എന്ന ജനപ്രിയ സിനിമയും സോണി ലിവിന് വേണ്ടി 'മീം ബോയ്‌സ്' എന്ന വെബ് സീരീസും ഗോകുൽ കൃഷ്‌ണ അണിയിച്ചൊരുക്കിയിട്ടുണ്ട്.
യുവ നടൻ ചേതൻ ചീനു (Chethan Cheenu) നായകനാവുന്ന 'ജെൻ്റിൽമാൻ-II'വിൽ മലയാളികളായ നയൻതാര ചക്രവർത്തി (Nayanthara Chakravarthy), പ്രിയ ലാൽ (Priyaa Lal) എന്നിവരാണ് നായികമാർ. മലയാളത്തില്‍ ബാലതാരമായി നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട് നയൻതാര ചക്രവർത്തി. ജനകൻ (Janakan), കില്ലാഡി രാമൻ (Killadi Raman), ലോഡ് ലിനിങ്‌സ്റ്റൺ 7000 കണ്ടി (Lord Livingstone 7000 Kandi) എന്നിവയാണ് പ്രിയ ലാലിന്‍റെ മലയാള ചിത്രങ്ങൾ.
തെന്നിന്ത്യൻ താരം സുമൻ, നടിയും ഇന്ത്യൻ നെറ്റ് ബോൾ ക്യാപ്റ്റനും ബാസ്‌കറ്റ് ബോൾ പ്ലെയറുമായ പ്രാച്ചിക തെഹ്‌ലാൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'മാമാങ്കം' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് പ്രാച്ചിക തെഹ്‌ലാൻ. 'മാമാങ്കത്തി'ൽ പ്രാച്ചിക ചുവടുവച്ച 'മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്യുത കുമാർ, അവിനാഷ്, ശ്രീരഞ്ജിനി, സിതാര, സുധാറാണി, സത്യപ്രിയ, കാളി വെങ്കട്, മുനീഷ് രാജ, ബഡവാ ഗോപി, പ്രേം കുമാർ, ജോർജ് വിജയ് തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വൈരമുത്തുവിന്‍റെ വരികൾക്ക് എം എം കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. ഇതിൽ മൂന്ന് ഗാനങ്ങളുടെ കമ്പോസിങ് പൂർത്തിയായി. മറ്റ് മൂന്ന് ഗാനങ്ങളുടെ കമ്പോസിങ് സെപ്റ്റംബറിൽ പൂർത്തിയാകുമെന്നാണ് വിവരം. അജയൻ വിൻസൻ്റ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സതീഷ് സൂര്യ ആണ്.
കലാസംവിധാനം - തോട്ട ധരണി, സംഘട്ടനം - ദിനേശ് കാശി, പ്രൊജക്‌ട് ഡിസൈനർ & മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ് - സി. കെ. അജയ് കുമാർ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ ശില്‍പികള്‍.
READ ALSO : വീണ്ടും ബോക്‌സ് ഓഫിസ് ഹിറ്റൊരുക്കാൻ 'ജെന്‍റിൽമാൻ2' എത്തുന്നു
സെപ്റ്റംബർ മധ്യത്തോടെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ചെന്നൈ, ഹൈദരാബാദ്, മലേഷ്യ, ദുബായ് എന്നിവിടങ്ങളിൽ ആയിരിക്കും ചിത്രീകരണം. ജെന്‍റിൽമാൻ ഫിലിം ഇൻ്റർനാഷണലിൻ്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ സിനിമ അതി നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്.