K S Chithra birthday: മലയാളത്തിന്‍റെ വാനമ്പാടി കെഎസ് ചിത്രയ്‌ക്ക് ഇന്ന് ജന്മദിനം. പ്രിയ ഗായികയുടെ 59-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യ ഘടകമായ ഗായിക ചുണ്ടനക്കിയത് നിരവധി ഭാഷകളില്‍. നാല് ദശാബ്‌ദങ്ങളിലായി നിരവധി ഭാഷകളിലായി റെക്കോര്‍ഡ് ചെയ്‌തത് 25,000ല്‍ പരം ഗാനങ്ങള്‍.
മലയാളികളുടെ പ്രിയ ഗായിക കേരളത്തിന്‍റെ മാത്രം സ്വന്തമായിരുന്നില്ല. ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന മികച്ച ഗായികയാണ്. നിരവധി ഭാഷകളിലായി ഇതിനോടകം തന്നെ നിരവധി ഹിറ്റ് ട്രാക്കുകളാണ് കെ.എസ് ചിത്ര സംഗീതാസ്വാദകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഗുജറാത്തി, രാജസ്ഥാനി, ഒറിയ, തുളു, അറബിക്, ഉറുദു, മലായ്, സിംഗ, സംസ്‌കൃതം എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
കെ.എസ് ചിത്രയെ സംഗീത ലോകത്തിന് പരിചയപ്പെടുത്തിയത് സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്‌ണനായിരുന്നു. 1979ല്‍ സംഗീത ലോകത്ത് എത്തിയ ചിത്ര പിന്നീട് മലയാള ഗാന രംഗത്തെ അതുല്യ പ്രതിഭകളില്‍ ഒരാളായി മാറി. ആല്‍ബം ഗാനങ്ങള്‍ പാടി തുടക്കം കുറിച്ച ഗായികയുടെ ആദ്യകാല ചിത്രങ്ങളായിരുന്നു 'സ്‌നേഹ പൂര്‍വം മീര', 'അട്ടഹാസം', 'ഞാന്‍ ഏകനാണ്' തുടങ്ങിയവ.
ആറ് ദേശീയ പുരസ്‌കാരങ്ങള്‍, എട്ട് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, 36 വിവിധ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍(16 കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍, 11 ആന്ധ്രാപ്രദേശ് സംസ്ഥാന പുരസ്‌കാരങ്ങള്‍, നാല് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങള്‍, മൂന്ന് കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍) അങ്ങനെ നീണ്ടു പോകുന്നു ചിത്രയുടെ പുരസ്‌കാര പട്ടിക.
മലയാളി ആണെങ്കിലും തമിഴ് സിനിമ ലോകമാണ് ചിത്രയ്‌ക്ക് ആദ്യ ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. 1986ല്‍ 'സിന്ധുഭൈരവി' എന്ന സിനിമയ്‌ക്ക് വേണ്ടി ആലപിച്ച 'പാടറിയേന്‍ പഠിപ്പറിയേന്‍' എന്ന ഗാനമാണ് കെ.എസ് ചിത്രയ്‌ക്ക് ആദ്യ ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. തൊട്ടടുത്ത വര്‍ഷം നഖക്ഷതങ്ങള്‍ സിനിമയിലെ 'മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി' എന്ന ഗാനത്തിനും ദേശീയ പുരസ്‌കാരം ലഭിച്ചു.
മലയാളത്തില്‍ കെ.ജെ യേശുദാസ്, എം.ജി ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ ഡ്യുയറ്റ് പാടി എന്ന റെക്കോഡും ചിത്ര സ്വന്തമാക്കി. എസ്.പി ബാലസുബ്രഹ്മണ്യത്തിനൊപ്പവും നിരവധി ഗാനങ്ങള്‍ ചിത്ര ഡ്യുയറ്റ് പാടിയിട്ടുണ്ട്. എസ്.പി വെങ്കിടേഷിന് വേണ്ടി നിരവധി ഗാനങ്ങളും റെക്കോര്‍ഡ് ചെയ്‌തു.
1985ലാണ് ചിത്ര ബോളിവുഡില്‍ എത്തുന്നത്. എസ്.പി വെങ്കിടേഷിനൊപ്പമാണ് ചിത്ര ആദ്യമായി ബോളിവുഡിന് വേണ്ടി ഗാനം ആലപിച്ചത്. ഏകദേശം 200ഓളം ഹിന്ദി ഗാനങ്ങള്‍ ചിത്ര ഹിന്ദിയില്‍ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ട്. രവീന്ദ്രന്‍, ശ്യാം, മോഹന്‍ സിത്താര, കണ്ണൂര്‍ രാജന്‍, ഇളയരാജ, ജോണ്‍സണ്‍, ഔസേപ്പച്ചന്‍, വിദ്യാസഗര്‍, എം.ജയചന്ദ്രന്‍, എം.കെ അര്‍ജുനന്‍, എ.ടി ഉമ്മര്‍, ബേണി ഇഗ്നേഷ്യസ്, എം.ബി ശ്രീനിവാസന്‍, ഷാരെത്ത്, രമേശ് നാരായണന്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്.
2005ല്‍ പത്‌മശ്രീയും, 2021ല്‍ പത്മഭൂഷണും നല്‍കി കെ.എസ് ചിത്രയെ രാജ്യം ആദരിച്ചു. 2001ല്‍ റോട്ടറി ഇന്‍റര്‍നാഷണലിന്‍റെ അവാര്‍ഡിനും അര്‍ഹയായി. 2005ല്‍ യുകെയിലെ ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ ഹൗസ് ഓഫ് കോമണ്‍സ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യന്‍ വനിത കൂടിയാണ് ചിത്ര. 2009ല്‍ കിംഗ്‌ഹായ് ഇന്‍റര്‍നാഷണല്‍ മ്യൂസിക് ആന്‍ഡ് വാട്ടര്‍ ഫെസ്‌റ്റിവലില്‍ ചൈന സര്‍ക്കാരിന്‍റെ ബഹുമതി നേടിയ ഇന്ത്യയില്‍ നിന്നുള്ള ഏക ഗായികയും ചിത്രയാണ്.