കാർത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിൽ എസ് ജെ സൂര്യയും രാഘവ ലോറൻസും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ജിഗർതണ്ട ഡബിൾ എക്‌സ്' (Jigarthanda Double X). സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ തമിഴ് ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നതും കാർത്തിക് സുബ്ബരാജാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വന്നിരിക്കുകയാണ്.
'10000 പാക്‌സ്' എന്ന റാപ് ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് (Jigarthanda Double X 10000 Pax Song out). അടുത്തിടെ തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ യൂട്യൂബിൽ 14 ലക്ഷത്തിലേറെ കാഴ്‌ചക്കാരെയാണ് ഈ ഗാനം സ്വന്തമാക്കിയത്.
- " class="align-text-top noRightClick twitterSection" data="">
സന്തോഷ് നാരായണനാണ് ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. റാപ്പർ ഓഫ്രോ (ofRo) ആണ് ഗാനം രചിച്ചതും ആലപിച്ചതും. ഓഫ്രോ തന്നെയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നതും. സന്തോഷ് നാരായണനും ഗാനരംഗത്തിൽ വന്നുപോവുന്നുണ്ട്. കെൻ റോയ്‌സൻ ആണ് ഈ ഗാനം ഒരുക്കിയത്. 70കളിലെ സിനിമകൾക്ക് ആദരമായാണ് അണിയറക്കാർ '10000 പാക്‌സ്' ഗാനം പുറത്തിറക്കിയിരിക്കുന്നത്. അക്കാലത്തെ സിനിമകളിലേതിന് സമാനമായ രംഗങ്ങളാണ് ഗാനരംഗത്തിൽ കാണാനാവുക.
ശ്രേയസ് കൃഷ്‌ണനാണ് ഗാനരംഗം ക്യാമറയില്‍ പകർത്തിയത്. ഷൈലം ആണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. കലാസംവിധാനം കുമാർ രംഗപ്പനും എഡിറ്റിങ് ആശിഷും നിർവഹിച്ചിരിക്കുന്നു. കോസ്റ്റ്യൂം ഡിസൈൻ - മൊഹമ്മദ് സുബീർ, മേക്കപ്പ് - വിനോദ് എസ്.
കാർത്തിക് സുബ്ബരാജിന്‍റെ 2014 ൽ പുറത്തിറങ്ങിയ 'ജിഗർതണ്ട' എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് 'ജിഗർതണ്ട ഡബിൾ എക്‌സ്'. സിദ്ധാര്‍ത്ഥ്, ബോബി സിംഹ, ലക്ഷ്‌മി മേനോന്‍ എന്നിവരാണ് ആദ്യ ഭാഗത്ത് പ്രധാന വേഷത്തിൽ അണിനിരന്നത്. അതേസമയം ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്‍റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്‍റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനം, കതിരേശന്‍ എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന 'ജിഗർതണ്ട ഡബിൾ എക്‌സ്' നവംബര്‍ 10 ന് തിയേറ്ററുകളിലെത്തും. അലങ്കാർ പാണ്ഡ്യനാണ് ചിത്രത്തിന്‍റെ സഹ നിർമാതാവ്.
നിമിഷ സജയൻ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. സഞ്ജന നടരാജൻ, നവീൻ ചന്ദ്ര എന്നിവരാണ് ഡബിൾ എക്‌സിലെ മറ്റ് അഭിനേതാക്കൾ. ഏറെ പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ 'ജിഗര്‍തണ്ടയ്‌ക്ക് രണ്ടാം ഭാഗം എത്തുന്നതിന്‍റെ ആവേശത്തിലാണ് പ്രേക്ഷകർ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലർ കയ്യടികൾ നേടിയിരുന്നു. തിരുനവുക്കരാസു ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.ഷഫീക്ക് മൊഹമ്മദലി ചിത്രസംയോജനവും കൈകാര്യം ചെയ്യുന്നു.