മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജയറാം. കുടുംബപ്രേക്ഷകരുടെ ഇഷ്‌ട നായകനായാണ് ജയറാം മോളിവുഡില്‍ തിളങ്ങിനിന്നത്. ഒരുകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ജയറാമിന്‍റെ സിനിമകളും തിയേറ്ററുകളില്‍ നിറഞ്ഞോടി. മലയാളത്തേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലാണ് നടന്‍ സജീവമാകുന്നത്.
തമിഴില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരങ്ങേറിയ താരം ഇപ്പോള്‍ തെലുഗുവിലും കന്നഡത്തിലും അഭിനയിക്കുന്നുണ്ട്. തെലുഗുവില്‍ അല്ലു അര്‍ജുന്‍റെ അല വൈകുന്ദപുരംലോയിലൂടെയാണ് നടന്‍റെ അരങ്ങേറ്റം. സിനിമ വന്‍വിജയമായതിന് പിന്നാലെ ടോളിവുഡില്‍ ജയറാം കൂടുതല്‍ സജീവമായി.
സൂപ്പര്‍താര ചിത്രങ്ങളില്‍ ജയറാം: നിലവില്‍ തെലുഗുവില്‍ ഒരുങ്ങുന്ന സൂപ്പര്‍താര ചിത്രങ്ങളില്‍ എല്ലാം നടന്‍ ഭാഗമാണ്. ഇതില്‍ എറ്റവുമൊടുവിലായി മഹേഷ് ബാബുവിനൊപ്പം ഒന്നിക്കുന്ന കാര്യം ജയറാം തന്നെ അറിയിച്ചിരിക്കുകയാണ്. തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ തെലുഗു സൂപ്പര്‍താരത്തിനൊപ്പമുളള ചിത്രം പങ്കുവച്ചാണ് പുതിയ വിശേഷം പങ്കുവച്ചത്.
'കൃഷ്‌ണ സാറിന്‍റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്, ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മകനൊപ്പം' എന്ന കാപ്‌ഷനിലാണ് ജയറാം ചിത്രം പോസ്‌റ്റ് ചെയ്‌തത്. നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ടോളിവുഡില്‍ ശ്രദ്ധേയനായ താരമാണ് മഹേഷ് ബാബുവിന്‍റെ പിതാവ് കൃഷ്‌ണ. കഴിഞ്ഞ വര്‍ഷം നവംബര്‍ 23നാണ് അദ്ദേഹം അന്തരിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
മഹേഷ് ബാബുവിന്‍റെ എസ്എസ്എംബി 28: അല വൈകുന്ദപുരംലോ എന്ന ചിത്രമൊരുക്കിയ സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസിന്‍റെ സിനിമയിലാണ് ജയറാം പ്രധാന റോളില്‍ അഭിനയിക്കുന്നത്. എസ്എസ്എംബി 28 എന്നാണ് മഹേഷ് ബാബു ചിത്രത്തിന് താത്‌കാലികമായി പേരിട്ടിരിക്കുന്നത്. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
ഒരു കംപ്ലീറ്റ് ആക്ഷന്‍ എന്‍റര്‍ടെയ്‌നറായിട്ടാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. ഓഗസ്‌റ്റില്‍ സൂപ്പര്‍താര ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹേഷ് ബാബുവും ത്രിവിക്രം ശ്രീനിവാസും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. അതഡു, ഖലേജ തുടങ്ങിയവയാണ് ഈ ഹിറ്റ് കൂട്ടുകെട്ടിന്‍റെ മുന്‍ചിത്രങ്ങള്‍. ഹാരിക ആന്‍ഡ് ഹസീന ക്രിയേഷന്‍സാണ് നിര്‍മാണം. പൂജ ഹെഗ്‌ഡെയും ശ്രീലീലയുമാണ് ചിത്രത്തിലെ നായികമാര്‍. തമന്‍ എസ് സൂപ്പര്‍താര ചിത്രത്തിന് സംഗീതമൊരുക്കുന്നു.
ജയറാമിന്‍റെ പുതിയ സിനിമകള്‍: തെലുഗുവില്‍ പ്രഭാസിന്‍റെ രാധേ ശ്യാമിലും ഒരു പ്രധാന റോളില്‍ ജയറാം അഭിനയിച്ചിരുന്നു. രവി തേജയ്‌ക്കൊപ്പമുളള രാവണാസുര, വിജയ് ദേവരകൊണ്ടയുടെ ഖുഷി, രാംചരണ്‍-ശങ്കര്‍ ചിത്രം ആര്‍സി 15 തുടങ്ങിയവയാണ് നടന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് തെലുഗു ചിത്രങ്ങള്‍.
തമിഴില്‍ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗമാണ് ജയറാമിന്‍റെതായി റിലീസിനൊരുങ്ങുന്ന പുതിയ സിനിമ. ആദ്യ ഭാഗത്തില്‍ ആഴ്‌വാര്‍കടിയന്‍ നമ്പി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്‌ചവച്ചത്. എപ്രില്‍ അവസാനമാണ് പൊന്നിയിന്‍ സെല്‍വന്‍ 2 തിയേറ്ററുകളിലേക്ക് എത്തുന്നത്. കന്നഡത്തിലും ജയറാം അരങ്ങേറ്റം കുറിക്കുന്നുണ്ട്. സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്‌കുമാറിന്‍റെ ഗോസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് സാന്‍ഡല്‍വുഡില്‍ ജയറാം അരങ്ങേറ്റം കുറിക്കുന്നത്.
Also Read: ഫീല്‍ഗുഡുമായി ഫഹദ് വീണ്ടും?, പാച്ചുവും അത്‌ഭുതവിളക്കും ടീസര്‍