ഹൈദരാബാദ്: ഷാരൂഖ് ഖാനെ നായകനാക്കി തെന്നിന്ത്യൻ സംവിധായകൻ അറ്റ്‌ലി ഒരുക്കുന്ന ചിത്രമാണ് ജവാൻ. സെപ്റ്റംബർ ഏഴിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ഹിന്ദിയ്‌ക്ക് പുറമെ തമിഴ്, തെലുഗു ഭാഷകളിലാണ് സിനിമ പ്രേക്ഷകർക്കരികിൽ എത്തുക. സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ കൗണ്ട്ഡൗൺ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
ഇപ്പോഴിതാ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇരട്ടിയാക്കി പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് കിങ് ഖാൻ ഷാരൂഖ് ഖാൻ. ചിത്രത്തിലെ നായിക തെന്നിന്ത്യയുടെ പ്രിയ താരം നയൻതാരയും, പ്രതിനായക വേഷത്തിലെത്തുന്ന വിജയ് സേതുപതിയും ഒപ്പം ഷാരൂഖ് ഖാനും അണിനിരക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മാസ് ലുക്കോടെ, തീവ്രമായ ശൗര്യ ഭാവത്തിലാണ് താരങ്ങൾ പോസ്റ്ററിലുള്ളത്. ഏതായാലും ആരാധകർ പുതിയ പോസ്റ്ററും നെഞ്ചേറ്റുകയാണ്.
'ദി ഡെയറിങ്. ദി ഡാസ്‌ലിംഗ്. ദി ഡെയ്‌ഞ്ചറസ്' എന്ന് കുറിച്ചുകൊണ്ടാണ് ഷാരൂഖ് ഖാൻ തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ പോസ്റ്റർ പങ്കിട്ടത്. ഷാരൂഖ്, നയൻതാര, വിജയ് സേതുപതി എന്നിവരുടെ വേറിട്ട വേഷങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കുമാണ് പുതിയ പോസ്റ്റർ വെളിച്ചം വീശുന്നത്. പോസ്റ്റർ റിലീസായതിന് പിന്നാലെ ആരാധകർ കമന്‍റ് ബോക്‌സിലേക്ക് ഒഴുകിയെത്തി.
സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കാൻ ആവില്ലെന്നാണ് ആരാധകർ പറയുന്നത്. നിരവധി ബോക്‌സോഫിസ് റെക്കോഡുകൾ തകർക്കുകയും ഷാരൂഖിന്‍റെ ഇതുവരെയുള്ള കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറുകയും ചെയ്‌ത 'പഠാന്' ശേഷം എത്തുന്ന ചിത്രമാണ് ജവാൻ. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്.
നാല് വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഷാരൂഖ് തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു 'പഠാൻ'. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായികയായി എത്തിയത്. അതേസമയം 'ജവാനി'ലും ദീപിക എത്തുന്നുണ്ട്. കാമിയോ റോളിലാകും താരം എത്തുക. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ട്രെയിലറിലും ദീപിക പ്രത്യക്ഷപ്പെട്ടിരുന്നു.
റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന 'ജവാനി'ൽ സഞ്ജയ് ദത്തും 'അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. പ്രിയാമണി, സന്യ മൽഹോത്ര, റിധി ദോഗ്ര എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ഷാരൂഖ് എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിലെ (റോ) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനെയും ഗ്യാങ്സ്റ്ററായ മകനെയുമാകും കിങ് ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നയന്‍താര എത്തുക. നേരത്തെ പുറത്ത് വന്ന താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കയ്യടി നേടിയിരുന്നു.
'ജവാൻ' റിലീസിന് ഇനി ഒരു മാസം മാത്രമേയുള്ളൂവെന്ന് ആരാധകരെ ഓർമിപ്പിച്ച് കഴിഞ്ഞ ദിവസം ഷാരൂഖ് ഖാൻ രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ പുതിയ പോസ്റ്റർ പങ്കുവച്ചാണ് ഷാരൂഖ് 'ജവാൻ' തരംഗത്തിന് ആക്കം കൂട്ടിയത്. സിനിമയിലേതായി നേരത്തെ പുറത്തുവന്ന ചിത്രങ്ങൾക്ക് സമാനമായി മൊട്ടയടിച്ച് വേറിട്ട ലുക്കിലാണ് പുതിയ പോസ്റ്ററില്‍ ഷാരൂഖിനെ കാണാനാവുക. ഡെനിം ജാക്കറ്റും ക്യാറ്റ്-ഐ സൺഗ്ലാസും അണിഞ്ഞ് തോക്കും കയ്യില്‍ പിടിച്ചുള്ള കിങ് ഖാന്‍റെ മോണോക്രോം ഇമേജ് നിമിഷ നേരംകൊണ്ടാണ് വൈറലായി മാറിയത്.
READ MORE: Jawan release| 'ജവാൻ' എത്താൻ ഇനി ഒരുമാസം കൂടി; റിലീസ് തീയതി ഓർമിപ്പിച്ച് കിങ് ഖാൻ