കൊല്‍ക്കത്ത: കലാപ്രവര്‍ത്തകര്‍ അറിയപ്പെടേണ്ടത് അവരുടെ ജന്മസ്ഥലത്തിന്‍റെ പേരിലല്ലെന്ന് ചലച്ചിത്രതാരം സ്വാസ്‌തിക മുഖര്‍ജി. തന്നെ ആരെങ്കിലും 'ബംഗാളി നടി' എന്ന് വിശേഷിപ്പിക്കുന്നത് തനിക്ക് വെറുപ്പാണെന്നും താരം വ്യക്തമാക്കി. അത്തരത്തില്‍ ഭാഷയും സംസ്കാരവും ഉള്‍പ്പെടുത്തിയുള്ള വിശേഷണങ്ങള്‍ തങ്ങളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതാണെന്നും സ്വാസ്‌തിക അഭിപ്രായപ്പെട്ടു.
'എന്തിനാണ് ഇത്തരം പ്രത്യേക അടയാളങ്ങള്‍? ഹിന്ദിയില്‍ സംസാരിക്കുന്ന താരങ്ങളെ ആരെങ്കിലും 'ഹിന്ദി നടി' എന്ന് വിളിക്കാറുണ്ടോ? മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന സിനിമ പ്രവര്‍ത്തകര്‍ എല്ലാവരും അവരുടെ ജന്മസ്ഥലത്തിന്‍റെയോ ഭാഷയുടെയോ പേരിലാണോ അറിയപ്പെടുന്നത്? എല്ലാവരെയും ഇന്ത്യന്‍ അഭിനേതാക്കള്‍ എന്ന പരാമര്‍ശിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും വാര്‍ത്ത ഏജന്‍സിയായ പിടിഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാസ്‌തിക മുഖര്‍ജി ചോദിച്ചു.
ബംഗാളി ചലച്ചിത്രങ്ങളിലും സീരീസുകളിലും മികച്ചപ്രകടനം കാഴ്‌ചവെച്ച് പ്രേക്ഷകപ്രംശംസ ഏറ്റുവാങ്ങിയ താരമാണ് സ്വാസ്‌തിക മുഖര്‍ജി. തന്‍റെ പ്രസ്‌താവനകളുടെ പേരില്‍ പലപ്പോഴും സമൂഹമധ്യമങ്ങളില്‍ ചര്‍ച്ചയാകാറുള്ള താരം, തനിക്കെതിരെ വരുന്ന ട്രോളുകളെ ഗൗരവമായെടുക്കാറില്ലെന്നും വ്യക്തമാക്കി. സിനിമ മേഖലയില്‍ വരുന്ന മാറ്റങ്ങളോടുള്ള പ്രതികരണവും താരം അഭിമുഖത്തില്‍ നടത്തിയിരുന്നു.