ഹൈദരാബാദ്: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്‌റ്റിവിസ്റ്റ് ശ്രീഗൗരി സാവന്ത് ആകാന്‍ ഒരുങ്ങി ബോളിവുഡ് താരം സുസ്‌മിത സെന്‍. താലി ബജാഊംഗി നഹി, ബജ്‌വാഊംഗി എന്ന ചിത്രത്തിലാണ് സുസ്‌മിത സെന്‍ ശ്രീഗൗരി സാവന്തായി വേഷമിടുന്നത്. അന്താരാഷ്ട്ര ട്രാന്‍സ്‌ജെന്‍ഡര്‍ ദിനമായ ഇന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് സ്‌നേഹം ആശംസിച്ച് കൊണ്ട് സുസ്‌മിത സെന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ശ്രീഗൗരിക്കൊപ്പമാണ് താരം വീഡിയോ പങ്കിട്ടത്.
- " class="align-text-top noRightClick twitterSection" data="
">
ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ ജീവിതത്തില്‍ താലി (പ്രത്യേക രീതിയിലുള്ള കൈകൊട്ട്) യുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീഗൗരി സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. പണം ആവശ്യപ്പെടുന്നതിനായി ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതു മുതല്‍ ദേഷ്യവും വീര്‍പ്പുമുട്ടലും ഇല്ലാതാക്കുന്നതു വരെ ഇന്ത്യയില്‍ താലി ട്രാന്‍സ്‌ജെന്‍ഡറുകളുടെ പര്യായമാണ്.
'ആരെല്ലാം കൈകള്‍ കൊട്ടിയിരുന്നുവോ, അവരെല്ലാം ഇപ്പോഴും കൈകള്‍ കൊട്ടണം. ഇതാ നിങ്ങൾക്ക് സ്നേഹവും സമാധാനവും സന്തോഷവും നേരുന്നു' ഇന്‍റർനാഷണൽ ട്രാൻസ്‌ജെൻഡർ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് സുസ്‌മിത പറഞ്ഞു. 'ഇനി സന്തോഷിക്കാനായി കൈകള്‍ കൊട്ടൂ' എന്ന കുറിപ്പോടെയാണ് സുസ്‌മിത വീഡിയോ പങ്കുവച്ചത്. 'കൂടുതൽ ഉൾക്കൊള്ളുന്നതും തുല്യവുമായ ഒരു ലോകം സൃഷ്‌ടിക്കാൻ നമുക്ക് കൈകോർക്കാം', താരം കൂട്ടിച്ചേര്‍ത്തു.
നേരത്തെ വന്ന റിപ്പോർട്ടുകള്‍ പോലെ, ശ്രീഗൗരി സാവന്തിന്റെ പ്രചോദനാത്മകമായ ജീവിതം പറയുന്ന സീരീസാണ് താലി ബജാഊംഗി നഹി, ബജ്‌വാഊംഗി. ശ്രീഗൗരിയുടെ കുട്ടിക്കാലം, പരിവർത്തനം, ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ പ്രസ്ഥാനത്തിലേക്കുള്ള വിപ്ലവകരമായ സംഭാവനകൾ എന്നിവയാണ് സിനിമയുടെ പ്രമേയം. 500 ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബങ്ങള്‍ക്കൊപ്പം മുംബൈയില്‍ താമസിക്കുന്ന ശ്രീഗൗരിയുടെ സംഭവ ബഹുലമായ ജീവിതം അഭ്രപാളിയില്‍ എത്തുന്നതോടെ ട്രാന്‍സ് സമൂഹത്തോടുള്ള സമീപനത്തില്‍ മാറ്റം ഉണ്ടാകുമെന്ന പ്രതിക്ഷയും ആളുകള്‍ക്കിടയില്‍ ഉണ്ട്.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പുറമെ ലൈംഗിക തൊഴിലാളികളുടെ ഉന്നമനത്തിനും ശ്രീഗൗരി പ്രവര്‍ത്തിക്കുന്നുണ്ട്. പതിനാറാം വയസില്‍ വീടുവിട്ട ശ്രീഗൗരി ഇന്ന് കാണുന്ന പേര് സമ്പാദിച്ചത് വളരെ കഷ്‌ടപ്പെട്ടിട്ടാണ്. ചെറുപ്പം മുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയതില്‍ പ്രശ്‌നം നേരിട്ടിരുന്നു എന്ന് ഒരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ ശ്രീഗൗരി വെളിപ്പെടുത്തുകയുണ്ടായി.
വീട്ടില്‍ തന്നോട് ആരും സംസാരിച്ചിരുന്നില്ലെന്നും ചെറുപ്പത്തില്‍ തന്നെ വളരെ ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു എന്നും അവര്‍ അന്ന് പറഞ്ഞിരുന്നു. തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ തന്‍റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയതാണെന്ന് ശ്രീഗൗരി പറഞ്ഞു. അവഗണന സഹിക്കവയ്യാതെ വന്നതോടെ അച്ഛന്‍ ഭക്ഷണം വാങ്ങാനായി പുറത്ത് പോയപ്പോള്‍ ശ്രീഗൗരി വീട് വിട്ട് ഇറങ്ങുകയായിരുന്നു. പിന്നീട് മുംബൈയില്‍ വന്നതോടെ ജീവിതത്തിന് വഴിത്തിരിവായത്. അവിടെ നിന്ന് തുടങ്ങിയ യാത്രയാണ് ഇന്ന് കാണുന്ന ശ്രീഗൗരിയിലേക്ക് എത്താന്‍ കാരണമായത്.
അതേസമയം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരസുന്ദരി സുസ്‌മിത സെന്‍. അടുത്തിടെ തനിക്ക് ഹൃദയാഘാതം സംഭവിച്ചു എന്ന വാര്‍ത്ത താരം പങ്കുവച്ചിരുന്നു. ആഞ്ചിയോപ്ലാസിയ്‌ക്ക് താന്‍ വിധേയയായെന്നും നിലവില്‍ ആരോഗ്യ നില തൃപ്‌തികരമാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയുണ്ടായി. പിന്നാലെ വീണ്ടും വ്യായാമത്തിലേക്ക് തിരിച്ചു വന്ന വാര്‍ത്തയും താരം തന്നെ പങ്കുവച്ചിരുന്നു. വര്‍ക്കൗട്ടിന്‍റെ ഭാഗമായി സ്‌ട്രെച്ചിങ് ചെയ്യുന്ന ചിത്രം പങ്കിട്ടാണ് തരം തന്‍റെ മടങ്ങിവരവ് രേഖപ്പെടുത്തിയത്.