ETV Bharat / entertainment

'ഇസൈരാജ @80'; സംഗീത ലോകത്തെ 'പെരിയ' രാജയ്ക്ക് ഇന്ന് പിറന്നാൾ - ഇളയരാജ

സ രി ഗ എന്നീ മൂന്ന് സ്വരങ്ങള്‍ കൊണ്ട് മാത്രം ഒരു ഗാനം. സ്വന്തയായി കണ്ടെത്തിയ 'പഞ്ചമുഖി' രാഗം. കലൈജ്ഞർ കരുണാനിധി നല്‍കിയ 'ഇസൈജ്ഞാനി' പട്ടം. തേനിക്കാരനായ ഡാനിയേല്‍ രാജയ്യയെ ഇളയരാജയാക്കിയത് മദ്രാസ്. സംഗീത ലോകത്തെ അതുല്യ പ്രതിഭയ്‌ക്ക് ഇന്ന് 80-ാം പിറന്നാള്‍

Ilayaraja Birthday special Ilayaraja Birthday Ilayaraja 80th Birthday ഇസൈ രാജ പഞ്ചമുഖി ഡാനിയേല്‍ രാജയ്യ അമ്മാ എൻട്രഴൈക്കാത ഉയരില്ലയേ ഇളയരാജ ഇളയരാജ പിറന്നാള്‍ സ്‌പെഷ്യല്‍
Ilayaraja Birthday special
author img

By

Published : Jun 2, 2023, 7:39 AM IST

രാജ്യം കണ്ട ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാൾ, ഊണിലും ഉറക്കത്തിലും കൂട്ടായും താരാട്ടായും നമ്മിലേക്ക്‌ ഒഴുകിയെത്തുന്ന മറക്കാത്ത ഒരു ഈണം. ഇസൈജ്ഞാനി, ഇളയരാജയ്ക്ക് ഇന്ന് 80-ാം പിറന്നാൾ. 'അമ്മാ എൻട്രഴൈക്കാത ഉയരില്ലയേ...' കണ്ണിൽ നനവ് പടർത്തുന്ന രാജാ മാജിക്ക്. പതിറ്റാണ്ടുകൾക്കിപ്പുറവും ആസ്വാദകര്‍ക്ക് അതേ പുതുമ അനുഭവിക്കാൻ കഴിയുന്ന എത്രയെത്ര അനശ്വരമായ ഗാനങ്ങൾ.

മനസാണ് തന്‍റെ ഹാർമോണിയം എന്നു പറഞ്ഞ സംഗീതജ്ഞന്‍റെ ഈണങ്ങൾ പിറന്നുവീഴുന്നത് മനസിന്‍റെ അദൃശ്യമായ കീബോർഡിലേക്കാണ്. നൊട്ടേഷനുകളും ഹാർമണിയും ഓർക്കസ്ട്രേഷനുമെല്ലാം പിന്നാലെ മാത്രം. ഉപേക്ഷിക്കപ്പെട്ട ഈണങ്ങൾ പോലും സൂപ്പർഹിറ്റ് ഗാനങ്ങളായി മാറിയ കഥകളും ധാരാളം. സംഗീതത്തിന് താൻ നൽകിയതിനെക്കാൾ, അത് തനിക്ക് തിരിച്ചുതന്നിട്ടുണ്ടെന്ന് ഇളയരാജ ഒരിക്കൽ പറഞ്ഞു. പദ്‌മഭൂഷൺ കൊണ്ടോ പദ്‌മവിഭൂഷൺ കൊണ്ടോ ദേശീയ പുരസ്‌കാരങ്ങള്‍ കൊണ്ടോ എണ്ണമറ്റ സംസ്ഥാന ബഹുമതികൾകൊണ്ടോ അളക്കാവുന്നതല്ല രാജയുടെ സംഗീതമാഹാത്മ്യം.

പാട്ടില്‍ പൂന്തേന്‍ കിനിഞ്ഞ് മലയാളത്തിലേക്ക്: 'പുഴയോരത്തിൽ പൂന്തോണിയെത്തീലാ', 'പൂവായ് വിരിഞ്ഞു പൂന്തേൻ കിനിഞ്ഞു', 'അമ്പിളിക്കലയും നീരും', 'തുമ്പി വാ തുമ്പക്കുടത്തിൽ', ' മൗനം പോലും മധുരം', 'മാരിക്കൂടിന്നുള്ളിൽ', 'ചെമ്പൂവേ പൂവേ...' മലയാളത്തെയും ധന്യമാക്കിയ എണ്ണിയാൽ ഒടുങ്ങാത്ത ഈരടികൾ.

ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഇളയരാജ 1000ത്തിലേറെ സിനിമകൾക്ക് സംഗീതം പകർന്നിട്ടുണ്ട്. എന്നാൽ 1300 നു പുറത്തു സിനിമകൾ ചെയ്‌തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. മുടങ്ങിപ്പോയതും റിലീസ് ആവാത്ത ചിത്രങ്ങളും ഉൾപ്പടെ ആണിതെന്ന് ഓർക്കണം.

വിവാദി രാഗങ്ങൾ സിനിമ സംഗീതത്തിൽ ഏറ്റവും അധികം ഉപയോഗിച്ചത് ഇളയരാജയാണെന്ന് പറയാം. 'രീതിഗൗള' എന്ന രാഗം ആദ്യമായി സിനിമ സംഗീതത്തിൽ ഉപയോഗിച്ചതും രാജ തന്നെയാണ്. ഹിന്ദുസ്ഥാനി സംഗീതം, വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക് എന്നിവ കൊണ്ടെല്ലാം സമ്പന്നമാണ് ഇളയരാജയുടെ സംഗീതലോകം.

1984ൽ 54 സിനിമകൾക്ക് സംഗീതവും റീ-റെക്കോർഡിങ്ങും രാജ നടത്തിയിട്ടുണ്ട്. എസ് ജാനകി, കെ ജെ യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, കെ എസ് ചിത്ര എന്നിവരെ പ്രേക്ഷകർക്ക് പ്രിയങ്കരരാക്കിയതിൽ ഇളയരാജയുടെ പങ്ക് വളരെ വലുതാണ്.

'പഞ്ചമുഖി' എന്നൊരു രാഗം ഇളയരാജ കണ്ടെത്തിയിട്ടുണ്ട്. ചെന്നൈ മ്യൂസിക് അക്കാദമി ഇത് സർട്ടിഫൈ ചെയ്യുകയും 1994 ഇൽ ഇളയരാജയെ ആദരിക്കുകയും ചെയ്‌തിരുന്നു. സിന്ധു ഭൈരവി എന്ന ചിത്രത്തിൽ കല്യാണി രാഗത്തിന്‍റെ ആരോഹണത്തിൽ മാത്രം ഒരു ഗാനം രാജ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 'സ രി ഗ' എന്ന മൂന്ന് സ്വരങ്ങൾ കൊണ്ട് മാത്രം ഒരു ഗാനം ഒരുക്കിയിട്ടുണ്ട് ഈ സംഗീത പ്രതിഭ.

തേടിയെത്തിയ പുരസ്‌കാരങ്ങള്‍ അനവധി: മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണയാണ് ഇളയരാജയെ തേടിയെത്തിയത്. തെലുഗു ചിത്രം സാഗര സംഗമത്തിന് (1983 ) ആണ് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. രണ്ടാമത്തെ ദേശീയ പുരസ്‌കാരം സിന്ധു ഭൈരവി(1985) എന്ന തമിഴ് ചിത്രത്തിനായിരുന്നു. മൂന്നാമത്തെ ദേശീയ പുരസ്‌കാരം രുദ്രവീണ (1988) എന്ന തെലുഗു ചിത്രത്തിനും.

പഴശ്ശിരാജ (2010) ക്കും, താരയ് തപ്പട്ടൈ (2016) ക്കും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. അതേസമയം താര തപ്പട്ടൈക്കു കിട്ടിയ പുരസ്‌കാരം ഇളയരാജ നിരസിച്ചതും ചരിത്രം. സമ്മോഹനം (1994), കല്ല് കൊണ്ടൊരു പെണ്ണ് (1998) എന്നീ ചിത്രങ്ങൾക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരവും കാലാപാനി (1995 ) ക്ക് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചു. 2010 ൽ പദ്‌മഭൂഷണും 2018 ൽ പദ്‌മവിഭൂഷണും നൽകി രാജ്യം ഇളയരാജയെ ആദരിച്ചു.

കലൈജ്ഞർ കരുണാനിധിയാണ് ഇളയരാജക്ക് ആദരപൂർവം ഇസൈജ്ഞാനി (The Musical Genius) എന്ന പേര് നൽകുന്നത്. Maestro എന്ന് പേരു നൽകിയത്‌ ലണ്ടൻ റോയൽ ഫിലർമോണിക് ഓർക്കസ്ട്രയാണ്.

1943 ജൂൺ 2ന് തമിഴ് നാട്ടിലെ തേനി ജില്ലയിൽ പന്നായ് പുരം (കമ്പം) എന്ന സ്ഥലത്താണ് ഇളയരാജയുടെ ജനനം. അച്ഛൻ ഡാനിയേൽ രാമസാമിയും അമ്മ ചിന്നത്തായിയും. ദളപതിയിലെ 'ചിന്നത്തായവൾ' എന്ന ഗാനം ഇളയരാജയുടെ അമ്മയുടെ പരാമർശം ആണെന്നാണ് പറയപ്പെടുന്നത്. 'ജ്ഞാനദേശികൻ' എന്നായിരുന്നു ഇളയരാജയുടെ യഥാർഥ പേര്. കുട്ടിക്കാലത്ത് 'രാസയ്യ' എന്നാണ് ഇളയരാജയെ അടുപ്പക്കാര്‍ സ്നേഹത്തോടെ വിളിച്ചിരുന്നത്. പിന്നീട് സ്‌കൂളിൽ ചേർത്തപ്പോൾ അച്ഛൻ 'ഡാനിയേൽ രാജയ്യ' എന്നാക്കി പേരിന്‍റെ മോടി കൂട്ടി. അഞ്ച് സഹോദരങ്ങളുള്ള രാജ പെങ്ങളുടെ മകൾ ജീവയെയാണ് വിവാഹം ചെയ്‌തത്.

രാജയ്യയെ ഇളയരാജയാക്കിയ മദ്രാസ്: 1968ൽ രാജയ്യ മദ്രാസിലേക്ക് പോകുന്നു. അന്ന് 25 വയസ് മാത്രമായിരുന്നു പ്രായം. ധൻരാജ് മാസ്റ്ററുടെ കീഴിൽ പിയാനോയും ഗിറ്റാറും പഠിക്കാൻ കൂടെക്കൂടി. ധൻരാജ് മാസ്റ്റർ ആണ് രാജയ്യയെ 'രാജ' എന്ന് വിളിച്ചു തുടങ്ങിയത്. ആദ്യ ചിത്രം അന്നക്കിളിയുടെ പ്രൊഡ്യൂസർ 'പഞ്ചു അരുണാചലം' രാജയുടെ മുൻപിൽ 'ഇളയ' എന്നുകൂടി ചേർത്തു. അക്കാലത്ത് 'പെരിയരാജ' എന്ന് പേരുള്ള ഒരു സംഗീത സംവിധായകൻ ഉണ്ടായിരുന്നത്രെ. അങ്ങനെ തമ്മിൽ മാറിപ്പോകാതിരിക്കാൻ രാജക്ക് മുമ്പിൽ 'ഇളയ' എന്ന പേരുകൂടി ചേർക്കപ്പെട്ട്, രാജയ്യ ഒടുക്കം 'ഇളയരാജയായി'.

വിവാദ പ്രസ്‌താവനകള്‍ കൊണ്ടും വാർത്തകളിൽ നിറയാറുണ്ട് രാജ. എന്നാൽ നമുക്കിന്ന് രാജയുടെ സംഗീതത്തെ കുറിച്ച് സംസാരിക്കാം. നാമോരോരുത്തരുടെയും ജീവിതങ്ങളെ ധന്യമാക്കുന്ന, ഹൃദയത്തിന്‍റെ അഗാധമായ അടിത്തട്ടിൽ പറ്റിക്കിടക്കുന്ന മറ്റ് ഏത് കാര്യമാണ് ഇന്നേ ദിവസം ഓർത്തെടുക്കേണ്ടത്.

'സംഗീതം എന്നത് നിർമിച്ചെടുക്കേണ്ടതല്ല, അത് ഹൃദയത്തിലേക്ക് ഒഴുകിയെത്തുന്നതാണ്, അറിയാതെ സംഭവിച്ചു പോകുന്നതാണ്. അത്തരം സംഗീതം കാലങ്ങളോളം നിലനിൽക്കുകയും ചെയ്യും...'- ഒരിക്കൽ ഇളയരാജ ഇങ്ങനെ പറഞ്ഞു. അതേ...നിങ്ങളുടെ സംഗീതം ഞങ്ങളിലേക്ക് ഇനിയും ഒഴുക്കിവിടുക, അതിന്‍റെ നിലയില്ലാ കയത്തിലേക്ക് ഊളിയിടാൻ ആഗ്രഹിക്കുന്ന ഒരു ജനത ഇവിടെ എന്നും കാത്തിരിപ്പുണ്ട് എന്ന് മാത്രം നമുക്ക് പറഞ്ഞവസാനിപ്പിക്കാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.