2023 ഐഎഫ്‌എഫ്‌കെ വിവാദങ്ങള്‍ രൂക്ഷമാകുന്നു. ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലേയ്‌ക്കുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച വിവാദങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 'എറാന്‍' എന്ന സിനിമ കാണാതെ തന്നെ ജൂറി തന്‍റെ സിനിമ തിരസ്‌കരിച്ചു എന്നാരോപിച്ച്, ജൂറിയ്‌ക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ ഷിജു ബാലഗോലാപന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു (IFFK Film Selection Controversy).
ഇതിന് പിന്നാലെ ഷിജുവിനെ പിന്തുണച്ച് സംവിധായകന്‍ ഡോ ബിജു ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി. തുടര്‍ന്ന് വിഷയത്തില്‍ പ്രതികരിച്ച് ജൂറി അംഗം ഒപി സുരേഷും രംഗത്തെത്തുകയുണ്ടായി. പാനല്‍ അംഗങ്ങള്‍ ഏകകണ്‌ഠമായാണ് സിനിമകള്‍ തെരഞ്ഞെടുത്തതെന്നും ചലച്ചിത്ര അക്കാദമിയുടെയോ മറ്റേതെങ്കിലും അധികാര കേന്ദ്രങ്ങളുടെയോ ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ലെന്നുമായിരുന്നു ജൂറി അംഗത്തിന്‍റെ പ്രതികരണം.
- " class="align-text-top noRightClick twitterSection" data="">
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് വീണ്ടും സംവിധായകന്‍ ഷിജു ബാലഗോപാലന്‍ (Shiju Balagopalan) രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്‌ബുക്കിലൂടെ നീണ്ട പോസ്‌റ്റുമായാണ് ഷിജു വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. വിമിയോ വഴി അയച്ചവരുടെ സിനിമകൾ അക്കാദമി എങ്ങനെയാണ് ഡൗൺലോഡ് ചെയ്‌തതെന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ബാധ്യത അക്കാദമിക്ക് ഉണ്ടെന്നാണ് സംവിധായകന്‍റെ വാദം. നിർമാതാവിൻ്റെ അനുമതി ഇല്ലാതെ സിനിമ എന്തിന് ഡൗണ്‍ലോഡ് ചെയ്‌തുവെന്നും എങ്ങനെ ഡൗണ്‍ലോഡ് ചെയ്‌തുവെന്നും ബന്ധപ്പെട്ടവര്‍ മറുപടി നല്‍കണമെന്നും ഷിജു പറയുന്നു (Shiju Balagopalan reacts again).
'ഞാൻ തെളിവ് സഹിതം സോഷ്യൽ മീഡിയ വഴി ഉന്നയിച്ച പരാതിക്ക് കഴിഞ്ഞ ദിവസം ഐഎഫ്‌എഫ്‌കെ ഔദ്യോഗിക പേജ് വഴി പോസ്‌റ്റ് ചെയ്‌ത ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിനും സെലക്ഷൻ കമ്മറ്റിയിൽ അംഗമായ ശ്രീ ഒപി സുരേഷ് ഉന്നയിച്ച വിവാദം നിർമിക്കാൻ ശ്രമിക്കുന്നു എന്നതിനും കൂടിയുള്ള മറുപടി ആണ് ഇത്.
അക്കാദമിയുടെ വിശദീകരണത്തിൽ നിന്നുള്ള പ്രധാന വാദം താഴെ കൊടുക്കുന്നു. 'ഐഎഫ്‌എഫ്‌കെ മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിനായി സമർപ്പിക്കപ്പെട്ട സിനിമകൾ എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷൻ കമ്മിറ്റിക്ക് മുമ്പാകെ പ്രദർശിപ്പിച്ചതാണ്. ഓൺലൈൻ സ്ക്രീനറുകളും ഗൂഗിൾ ഡ്രൈവ് ലിങ്കുകളുമാണ് എൻട്രികളായി സമർപ്പിക്കപ്പെട്ടിരുന്നത്.
ഇവയെല്ലാം ഡൗൺലോഡ് ചെയ്‌തതിന് ശേഷമാണ് പ്രദർശിപ്പിച്ചത്. ഓൺലൈനായി സിനിമകൾ സ്ട്രീം ചെയ്യുമ്പോൾ പലപ്പോഴും ബഫറിങ് സംഭവിച്ച് സെലക്ഷൻ കമ്മിറ്റിക്ക് മികച്ച കാഴ്‌ചാനുഭവം നഷ്‌ടം ആവാതിരിക്കാനാണ് പടങ്ങൾ ഡൗൺലോഡ് ചെയ്‌ത് പ്രദർശിപ്പിക്കുന്നത്.'
സിനിമ കണ്ടു എന്ന കാര്യത്തിൽ അക്കാദമി പറയുന്നത്, തെളിവ് ഇല്ലെങ്കിലും അംഗീകരിക്കാം എന്ന് വെച്ചോ എങ്കിൽ, ഗൂഗിൾ ഡ്രൈവ് വഴി അയച്ചവരുടെ സിനിമകൾ ഡൗൺലോഡ് ചെയ്‌തിട്ടുണ്ടാകും. അത് അംഗീകരിക്കുന്നു. പക്ഷേ വിമിയോ (Vimeo) വഴി അയച്ചവരുടെ സിനിമകൾ അക്കാദമി എങ്ങിനെയാണ് ഡൗൺലോഡ് ചെയ്‌തത് എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ബാധ്യത അക്കാദമിക്ക് ഉണ്ട്.
കാരണം വിമിയോയിൽ നിന്ന് ഡൗൺലോഡ് ചെയ്‌താല്‍ അത് അനലറ്റിക്‌സില്‍ വ്യക്തമായി കാണാൻ സാധിക്കും. പക്ഷേ അനലറ്റിക്‌സില്‍ ഡൗൺലോഡ് എന്നത് പൂജ്യം ആണ് കാണിക്കുന്നത്. അതായത് സിനിമ ഡൗൺലോഡ് ചെയ്‌തിട്ടില്ല എന്നർഥം. മറ്റൊരു കാര്യം ഐഎഫ്‌എഫ്‌കെക്ക് അയച്ച ഭൂരിഭാഗം സിനിമകളും അലോ ഡൗണ്‍ലോഡ് ഓപ്‌ഷന്‍ ഓഫ് (Allow Download Option Off) ചെയയ്‌താണ് അയച്ചത്. (അതായത് വിമിയോയിൽ നിന്ന് ലീഗൽ ആയി ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല എന്നർഥം)
ഇത് സംബന്ധിച്ച് പല സംവിധായകരും തെളിവ് സഹിതം സോഷ്യൽ മീഡിയ വഴി അവരുടെ പരാതി അറിയിച്ചിട്ടുണ്ട്. അപ്പോ പിന്നെ എങ്ങനെയാണ് അക്കാദമി സിനിമകൾ ഡൗണ്‍ലോഡ് ചെയ്‌തിട്ടുണ്ടാകുക എന്ന വളരെ പ്രസക്തമായ കാര്യമാണ് ഇവിടെ ബാക്കിയാകുന്നത്. അക്കാദമി തന്നെ പറയുകയാണ് എല്ലാ സിനിമകളും ഡൗണ്‍ലോഡ് ചെയ്‌തിട്ടുണ്ട്, അക്കാദമിയുടെ ഓഫീസിൽ വന്നാൽ കാണാം എന്നാണ്, അതിനർത്ഥം അവരുടെ കയ്യിൽ എല്ലാ സിനിമയും ഡൗണ്‍ലോഡ് ചെയ്‌ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ്.
ഡൗണ്‍ലോഡ് ഓപ്‌ഷന്‍ ഓണ്‍ ചെയ്‌തവരുടെ വിമിയോ അനാലിറ്റിക്‌സില്‍ ഡൗണ്‍ലോഡ് പൂജ്യം കാണിക്കുന്നു. ഡൗണ്‍ലോഡ് ഓപ്‌ഷന്‍ ഓഫ് ചെയ്‌തവരുടെ സിനിമയും ഡൗണ്‍ലോഡ് ചെയ്‌തതായി അക്കാദമി തന്നെ സാക്ഷ്യപ്പെടുത്തുന്നു. അപ്പോ പിന്നെ ബാക്കിയാകുന്നത് വിമിയോ പാസ്‌വേഡ് പ്രൊട്ടക്‌റ്റഡ് വീഡിയോ (Vimeo Password Protected Video) വിമിയോയിൽ നിന്നല്ലാതെ പിന്നെ എങ്ങിനെ ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും എന്ന ചോദ്യമാണ്.
വിമിയോ എന്താണ് എന്ന് അറിയാത്ത കുറച്ച് പേരെങ്കിലും ഉണ്ടാകും എന്ന് തോന്നുന്നു. കുറച്ചു പേർ ഇന്നലെ എന്നോട് ഈ സംശയം ചോദിച്ചിരുന്നു, അവർക്ക് വേണ്ടി വിമിയോയെ കുറിച്ച് കുറച്ചു കാര്യം. വിമിയോ ഒരു സ്‌ട്രീമിങ് പ്ലാറ്റ്‌ഫോം ആണ്. നമുക്ക് ഏവർക്കും പരിചിതമായ യൂട്യൂബ് പോലെ. പക്ഷേ വിമിയോയുടെ പ്രധാനപ്പെട്ട പ്രത്യേകത നമുക്ക് നമ്മുടെ വീഡിയോ പാസ്‌വേഡ് പ്രൊട്ടക്‌ട് ചെയ്യാൻ സാധിക്കും എന്നതാണ്. (അതായത് നമുക്ക് ബാങ്കിൽ നിന്നൊക്കെ വരുന്ന പിഡിഎഫ് സ്‌റ്റേറ്റ്‌മെന്‍റ് പോലെ അത് പാസ്‌വേഡ് ഉണ്ടെങ്കിൽ മാത്രമല്ലേ ഓപ്പണ്‍ ചെയ്യാൻ സാധിക്കുക ഉള്ളൂ.)
നമ്മുടെ വീഡിയോ പാസ്‌വേഡ് ഉപയോഗിച്ച് പ്രൊട്ടക്‌ട് ചെയ്‌തത് വീഡിയോ കാണേണ്ടവർക്ക് ലിങ്കും പാസ്‌വേഡും ആണ് അയക്കുക. പാസ്‌വേഡ് ഇല്ലാതെ ലിങ്ക് മാത്രം കിട്ടിയാൽ ശരിയായ മാർഗത്തിൽ ആർക്കും ഓപ്പൺ ചെയ്‌ത് വീഡിയോ കാണാൻ കഴിയില്ല. വിമിയോയുടെ എന്‍കോഡിങ് രീതി ഒക്കെ വ്യത്യസ്‌തമാണ്. അതിനെ കുറിച്ച് വളരെ വിശദമായി പിന്നീട് പറയാം.
ഇനി വിഷയത്തിലേക്ക് വരാം. വിമിയോയില്‍ നിന്നല്ലാതെ പിന്നെ എങ്ങിനെ ആയിരിക്കാം അക്കാദമി ഡൗണ്‍ലോഡ് ചെയ്‌തത്. പിന്നെ ഉള്ള സാധ്യത അക്കാദമി ഏതെങ്കിലും തേഡ് പാര്‍ട്ടി വീഡിയോ ഡൗണ്‍ലോഡര്‍ ഉപയോഗിച്ച് ആണോ ഡൗൺലോഡ് ചെയ്‌തത്. അക്കാദമി ആണ് ഇതിൽ വിശദീകരണം തരേണ്ടത്. അങ്ങനെ ആണെങ്കിൽ ഞാൻ ആദ്യം തെളിവ് സഹിതം ഉന്നയിച്ച സിനിമ കണ്ടിട്ടില്ല എന്ന കാര്യത്തിനേക്കാൾ വളരെ ഗൗരവമുള്ള ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് പിന്നിൽ നടന്നിരിക്കുന്നത്.
നമ്മൾ പേയ്‌മെന്‍റ് കൊടുത്ത് സെക്യൂരിറ്റി ഉണ്ടെന്ന് പ്രതീക്ഷിച്ച് ഉപയോഗിക്കുന്ന വിമിയോയില്‍ നിന്ന് ഡൗണ്‍ലോഡ് ഓപ്‌ഷന്‍ എനേബിള്‍ ചെയ്യാതെ എങ്ങിനെ ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കുന്നു എന്ന കാര്യത്തിലും വിമിയോയുടെ സെക്യൂരിറ്റിയെ കുറിച്ചും വ്യക്തമാക്കേണ്ടത് വിമിയോയുടെ ടെക്‌നിക്കല്‍ ടീം ആണ്. വിമിയോയുടെ വിശദീകരണം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശരിയായ മാർഗത്തിൽ അല്ലാതെ തേഡ് പാര്‍ട്ടി വഴി ആണ് അക്കാദമി ഡൗൺലോഡ് ചെയ്‌തത് എങ്കിൽ, പൈറസിക്ക് എതിരെ നടപടി എടുക്കാൻ സര്‍ക്കാറും സിനിമ സമൂഹവും ശ്രമിക്കുമ്പോൾ അക്കാദമി, പൈറസിയെ സപ്പോർട്ട് ചെയ്യുന്ന നടപടി എടുക്കുന്നു എന്ന് വേണം കരുതാൻ.
ഇതിനോട് ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം ഇന്നലെ സംവിധായകൻ ശ്രീ ഡോ ബിജുകുമാര്‍ ദാമോദരന്‍ ഉന്നയിച്ച വിഷയമാണ്. അനുമതി ഇല്ലാതെ എങ്ങനെയാണ് അക്കാദമി സിനിമ ഡൗണ്‍ലോഡ് ചെയ്‌തത് എന്നത് പ്രസക്തമായ ചോദ്യമാണ്. ഇതേ സംശയം മറ്റ് പല സംവിധായകരും ഉന്നയിച്ചിട്ടുണ്ട്. ഇത് വളരെ ഗൗരവം അർഹിക്കുന്ന ചോദ്യമാണ്.
അടുത്ത ചോദ്യം ഫെസ്‌റ്റിവലിന് അയച്ച ഭൂരിഭാഗം സിനിമകളും ലോകത്ത് എവിടെയും പ്രദർശിപ്പിക്കാത്ത/റിലീസ് ചെയ്യാത്ത സിനിമകൾ ആണ്. അപ്പോ ഈ സിനിമകളുടെ ഒക്കെ ഡാറ്റയുടെ കാര്യത്തിൽ എന്ത് സുരക്ഷ ആണ് ഉള്ളത്. അത് ഉറപ്പുവരുത്താൻ എന്തൊക്കെ നടപടി ആണ് അക്കാദമി ചെയ്‌തത്. ഫെസ്‌റ്റിവലിന് അയച്ച 95% അധികം സിനിമകളും 5GB യിൽ താഴെ ഉള്ള എപി4 ഫയല്‍ (MP4 file) ആണ്.
കാരണം ഭൂരിഭാഗം ആളുകളും വിമിയോ പ്ലസ് (Vimeo Plus) മെംബർഷിപ്പ് ആണ് എടുക്കുന്നത്. പ്ലസില്‍ പരമാവധി 5GB ആണ് അപ്‌ലോഡ് ചെയ്യാൻ സാധിക്കുക. അങ്ങനെ എങ്കിൽ അവിടെയുള്ള ആർക്ക് വേണമെങ്കിലും ഒരു പെണ്‍ഡ്രൈവില്‍ അല്ലെങ്കിൽ സ്‌മാര്‍ട്ട് ഫോണിൽ കോപ്പി ചെയ്യണമെങ്കിൽ എളുപ്പത്തിൽ സാധിക്കും. ഇങ്ങനെയുള്ള കുറെ പ്രസക്തമായ ചോദ്യങ്ങളാണ് ഇവിടെ ബാക്കിയാകുന്നുത്.
'പ്രേമം' സിനിമയുടെ സെന്‍സര്‍ കോപ്പി ചോർന്ന സംഭവം ആരും മറന്ന് കാണാൻ സാധ്യത ഇല്ല. അന്ന് ഇതുപോലുള്ള അലംഭാവം അല്ലേ ഉണ്ടായത്. ആ നിർമാതാവും സംവിധായകനും ഉണ്ടായ സാമ്പത്തിക നഷ്‌ടത്തിനപ്പുറം അവർ അനുഭവിച്ച മാനസിക സംഘർഷവും വേദനയും വലുതാണ്.
പ്രേമത്തിൻ്റെ കോപ്പിയിൽ വാട്ടര്‍മാക്ക് ഉണ്ടായിരുന്നു. പക്ഷേ ഫെസ്‌റ്റിവലിന് അയച്ച കോപ്പികൾക്ക് ഒരു വാട്ടര്‍മാർക്കും ഉണ്ടാകില്ല, അബദ്ധവശാൽ സിനിമയുടെ കോപ്പി ലീക്ക് ആയിട്ടുണ്ടെങ്കിൽ ആരെയൊക്കെ സംശയിക്കും. സിനിമയുടെ സംവിധായകനെ, പോസ്‌റ്റ് പ്രൊഡക്ഷന്‍ സ്‌റ്റുഡിയോയെെ അല്ലെങ്കിൽ എഡിറ്ററെ. പക്ഷേ ഒരിക്കലും അക്കാദമിയെ സംശയിക്കില്ല. കാരണം വിമിയോ അനാലിറ്റിക്‌സ് പരിശോധിച്ചാൽ ഡൗണ്‍ലോഡ് ചെയ്‌തതിന് തെളിവ് ഉണ്ടാകില്ല.
കാന്‍സ്, ഐഎഫ്‌എഫ്‌ഐ തുടങ്ങിയ ഫെസ്‌റ്റിവലിൽ ഡിസിപി (DCP) ആണ് പ്രിവ്യൂ കോപ്പി ചോദിക്കുന്നത്. ഡിസിപ്പിയുടെ ഫയല്‍ സൈസ് 200GB - 300GB ആണ്. അത് പെട്ടെന്ന് കോപ്പി ചെയ്യുക അത്ര എളുപ്പമല്ല. സ്‌മാർട്ട് ഫോണിൽ പ്ലേ ചെയ്യാൻ സാധിക്കില്ല. സിനിമ സെര്‍വര്‍/ഡിസിപി പ്ലേയര്‍ (ഹാര്‍ഡ്‌വെയര്‍/സോഫ്‌റ്റ്‌വെയര്‍) ഉണ്ടെങ്കിൽ മാത്രമേ കണ്ടന്‍റ് കാണാൻ സാധിക്കുകയുള്ളൂ. അതിൽ തന്നെ കെഡിഎം ഉള്ള ഡിസിപി ആണെങ്കിൽ കീ ഇഷ്യൂ ചെയ്‌താല്‍ മാത്രമേ ഓപ്പൺ ചെയ്യാൻ കഴിയൂ.
ബാക്കി ഉള്ള ഭൂരിഭാഗം ഫെസ്‌റ്റിവലും വിമിയോ ലിങ്ക് വിത്ത് പാസ്‌വേഡ് ആണ് ചോദിക്കുന്നത്. വളരെ കുറച്ച് ഫെസ്‌റ്റിവല്‍ മാത്രമാണ് ഡൗണ്‍ലോഡബിള്‍ ലിങ്ക് ചോദിക്കുന്നുള്ളൂ. ആ ഫെസ്‌റ്റിവലുകളിലേക്ക് സിനിമ അപ്ലൈ ചെയ്യാൻ താൽപര്യം ഇല്ലെങ്കിൽ നമുക്ക് കൊടുക്കാതിരിക്കാം. ഇതിൽ കൊൽക്കത്തയിലെ സെലക്ഷൻ കമ്മറ്റി സിനിമ കാണുന്നുണ്ട് എന്നതിന് വ്യക്തമായ തെളിവുണ്ട്. അവർ 5-6 തവണ 98% - 100% സിനിമ കാണുന്നുണ്ട്. എന്നോട് സംസാരിച്ച പല സംവിധായകരും ഇതേ കാര്യം തന്നെയാണ് ഉന്നയിച്ചത്.
വീണ്ടും പറയട്ടെ സിനിമ സെലക്‌ട് ചെയ്യാത്തതിൽ ഉള്ള പരാതി പറച്ചിൽ അല്ല ഇവിടത്തെ വിഷയം. സെലക്ഷന്‍റെ പ്രാഥമിക കാര്യങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നതാണ്. അടുത്തത് സെലക്ഷൻ കമ്മറ്റി അംഗം ഒപി സുരേഷ് ഉന്നയിച്ച വിഷയത്തെ കുറിച്ച്. വിവാദ നിർമാണം അല്ല സാറേ, ഇവിടത്തെ വിഷയം സിനിമ കണ്ടില്ല എന്ന കാതലായ വിഷയം പറഞ്ഞത് തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ്. ഇപ്പോ അതും അല്ല വിഷയം ഏറ്റവും ഗൗരവമായ മറ്റൊരു കാര്യമാണ് അക്കാദമി തന്നെ പുറത്ത് പറഞ്ഞത്.
എത്ര സിനിമകൾ ഈ വർഷം സെലക്ഷൻ കമ്മറ്റിക്ക് മുമ്പ് വന്നു എന്ന കാര്യം അക്കാദമി തന്നെയാണ് പുറത്ത് പറയേണ്ടത്. അനൗദ്യോഗികമായി 149 എന്നാണ് കേൾക്കുന്നത്. ഇദ്ദേഹം പറയുന്നത് 20%ൽ താഴെ എന്നാണ്. ശരിക്കുമുള്ള കണക്ക് പുറത്ത് വന്നാൽ നമുക്ക് ഉറപ്പിക്കാം 14 ദിവസം കൊണ്ട് കാണാൻ പറ്റുന്ന സിനിമകൾ മാത്രമേ വന്നിട്ടുള്ളു എന്ന്.
ഇതൊക്കെയാണ് ഈ വിഷയത്തിൽ എനിക്ക് പറയാനുള്ള കര്യങ്ങൾ. ഇത് ഒരു സാധാരണ പൗരൻ്റെ ചോദ്യങ്ങൾ ആണ്. വിദഗ്‌ധരായവര്‍ മറുപടി നൽകും എന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും ചോദ്യങ്ങൾ ബാക്കി, നിർമാതാവിൻ്റെ അനുമതി ഇല്ലാതെ സിനിമ എന്തിന് ഡൗണ്‍ലോഡ് ചെയ്‌തു. എങ്ങനെ ഡൗണ്‍ലോഡ് ചെയ്‌തു?' -ഷിജു ബാലഗോപാലന്‍ കുറിച്ചു.