തലസ്ഥാന നഗരിയില്‍ ഐഎഫ്‌എഫ്‌കെയ്‌ക്ക് തിരിതെളിയും മുമ്പേ വിവാദങ്ങള്‍ തലപൊക്കി. 2023ല്‍ ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലേയ്‌ക്കുള്ള സിനിമ പ്രദര്‍ശനം സംബന്ധിച്ചാണ് വിവാദങ്ങള്‍ ഉടലെടുത്തിരികുന്നത്. ഇക്കുറി ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനായി സംവിധായകന്‍ ഷിജു ബാലഗോപാലന്‍ തന്‍റെ 'എറാന്‍' എന്ന മലയാള സിനിമ അയച്ചിരുന്നു. എല്ലാ ചട്ടങ്ങളും പാലിച്ച് ഫില്‍ ചെയ്‌ത അപേക്ഷയോടൊപ്പം വിനിമോ അപ്‌ലോഡ് ചെയ്‌ത ലിങ്ക് ഉള്‍പ്പെടെയാണ് സംവിധയാകന്‍ തന്‍റെ സിനിമ സമര്‍പ്പിച്ചത് (IFFK Film Selection Controversy).
എന്നാല്‍ അത്ഭുതം എന്ന് പറയട്ടെ, ഷിജുവിന്‍റെ 'എറാന്‍' എന്ന സിനിമ ജൂറി ഒരു സെക്കന്‍റ് പോലും കാണാതെ ഈ സിനിമ തിരസ്‌കരിച്ചു. സിനിമയുടെ വിമിയോ ലിങ്ക് പരിശോധിച്ചതില്‍ നിന്നും വിമിയോ റീജിയണ്‍ അനലറ്റിക്‌സില്‍ നിന്നും മനസിലാക്കേണ്ടത് ജൂറി ഈ സിനിമ ഒരു സെക്കന്‍റ് പോലും പ്ലേ ചെയ്‌തിട്ടില്ല എന്നാണ്. ഇതില്‍ പ്രതിഷേധിച്ച് ഷിജു ബാലഗോപാലന്‍ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതി ഉള്‍പ്പെടെ, വിമിയോ റീജിയണ്‍ അനലറ്റിക്‌സ് സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് ഷിജു ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഷിജുവിന്‍റെ പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയതോടെ സംവിധായകന്‍ ഡോ ബിജുവും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ നിയമവിരുദ്ധ നടപടിയെ കുറിച്ച് അക്കാദമി തന്നെ അറിയാതെ തുറന്നു പറഞ്ഞിരിക്കുകയാണെന്നാണ് ഡോ ബിജു പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു ബിജുവിന്‍റെ പ്രതികരണം.
'ഐഎഫ്‌എഫ്‌കെയ്‌ക്ക് സമർപ്പിച്ച തന്‍റെ സിനിമ ജൂറി അംഗങ്ങൾ കണ്ടിട്ടില്ല എന്ന സംവിധായകൻ ഷിജു ബാലഗോപാലിന്‍റെ പരാതി ഏറെ ഗൗരവം ഉള്ളതാണ്. വിമിയോ ലിങ്കിന്‍റെ അനലിറ്റിക്കൽ റിപ്പോർട്ട് ഷിജു ആധികാരിക തെളിവായി സമർപ്പിച്ചിട്ടുമുണ്ട്. ഇതിന് മറുപടിയായി ചലച്ചിത്ര അക്കാദമി പറഞ്ഞിരിക്കുന്നത് മാധ്യമങ്ങളിൽ വായിച്ചു. അക്കാദമിയുടെ മറുപടിയിൽ ഗുരുതരമായ ഒരു ഇല്ലീഗൽ നടപടി കൂടി ഉള്ളതായി അക്കാദമി അറിയാതെ തന്നെ പുറത്തു പറഞ്ഞിരിക്കുകയാണ്.
അക്കാദമിയുടെ വിശദീകരണത്തിലെ പ്രധാന വാദം ഇതാണ്. ഓണ്‍ലൈന്‍ സ്‌ക്രീനറുകളും ഗൂഗിള്‍ ഡ്രൈവ് ലിങ്കുകളുമാണ് എന്‍ട്രികളായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്‌തതിന് ശേഷമാണ് പ്രദര്‍ശിപ്പിച്ചത്. ഓണ്‍ലൈനായി സിനിമകള്‍ സ്ട്രീം ചെയ്യുമ്പോള്‍ പലപ്പോഴും ബഫറിംഗ് സംഭവിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് മികച്ച കാഴ്‌ചാനുഭവം നഷ്‌ടം ആവാതിരിക്കാനാണ് പടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌ത് പ്രദര്‍ശിപ്പിക്കുന്നത്.
ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ അക്കാദമി ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ സ്‌ക്രീനര്‍ അനലറ്റിക്‌സിന്‍റെ അടിസ്ഥാനത്തില്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിവരം അറിയാന്‍ കഴിയില്ല. ഈ വിശദീകരണത്തിൽ രണ്ടു പിഴവുകൾ ഉണ്ട് .
ഒന്ന് വിമിയോ ലിങ്കിൽ നിന്നും ഡൗണ്‍ലോഡ് ചെയ്‌താൽ ഡൗണ്‍ലോഡ് ചെയ്‌തു എന്ന റിപ്പോർട്ടും വിമിയോ അനലറ്റിക്‌സിൽ ലഭിക്കും. ഈ സാങ്കേതികത പോലും അക്കാദമിക്ക് അറിയില്ലേ. ഷിജുവിന്‍റെ വിമിയോ റിപ്പോർട്ടിൽ ഡൗണ്‍ലോഡ് സീറോ എന്നാണ് കാണിക്കുന്നത്. അതായത് ഡൗണ്‍ലോഡ് ചെയ്‌തിട്ടില്ല എന്ന് വിമിയോ റിപ്പോർട്ട് കൃത്യമായി പറയുന്നു.
ഇനി അടുത്ത പ്രശ്‌നം കുറച്ചു കൂടി ഗുരുതരമാണ്. സിനിമകൾ ഡൗണ്‍ലോഡ് ചെയ്‌താണ് കണ്ടതെന്ന് അക്കാദമി തന്നെ സമ്മതിക്കുമ്പോൾ ഉയരുന്ന ഗൗരവമായ ചോദ്യം ഈ സിനിമകൾ ഡൗണ്‍ലോഡ് ചെയ്യാനുള്ള അനുമതി നിങ്ങൾ നിർമാതാക്കളുടെ പക്കൽ നിന്നും വാങ്ങിയിട്ടുണ്ടോ എന്നതാണ്. അനുമതി ഇല്ലാതെ ഒരു ചിത്രവും ഡൗണ്‍ലോഡ് ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. അങ്ങനെ ചെയ്‌താൽ അത് ഗുരുതരമായ തെറ്റാണ്.
ഇതിൽ ഭൂരിപക്ഷം സിനിമകളും റിലീസ് ചെയ്‌തിട്ടില്ലാത്ത സിനിമകൾ ആണ്. വിമിയോയിൽ പാസ്‌വേഡ് പ്രൊട്ടക്‌റ്റഡ് ആയ ലിങ്കാണ് മേളയ്ക്ക് സമർപ്പിക്കുന്നത്. ഇത് ഡൗണ്‍ലോഡ് ചെയ്യണമെങ്കിൽ നിർമാതാവിന്‍റെ അനുമതി പ്രത്യേകമായി വാങ്ങണം. അല്ലാതെ പുറത്തിറങ്ങാത്ത സിനിമകളുടെ സ്വകാര്യ ലിങ്ക് അനുവാദം ഇല്ലാതെ തോന്നും പടി ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമാണ്.
ഞങ്ങൾ സിനിമകൾ ഡൗണ്‍ലോഡ് ചെയ്‌താണ് കണ്ടത് എന്നൊക്കെ അക്കാദമി തന്നെ പറയുമ്പോൾ ഇതിന്‍റെ ഒക്കെ സീരിയസ്‌നെസ് അക്കാദമിക്ക് അറിയാത്തതാണോ അതോ ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്യും, ആരുണ്ട് ചോദിക്കാൻ എന്ന സ്ഥിരം രീതി ആണോ .
പത്താം ക്ലാസ് പരീക്ഷയുടെ ഉത്തര പേപ്പർ നോക്കുന്ന സംഘത്തിന്‍റെ തലവനായി മിനിമം പത്താം ക്ലാസ് പാസായ ആളിനെ എങ്കിലും നിയമിക്കണം എന്ന സാമാന്യ മര്യാദ ഇല്ലാത്ത ടീം ആണ്. മഴ നനയാതിരിക്കാൻ പോലും ഐഎഫ്‌എഫ്‌കെയുടെ തിയേറ്ററുകളിൽ കയറിയിട്ടില്ലാത്ത ആളുകളെ വരെ സിനിമകൾ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ ചെയർമാൻമാർ ആക്കുന്ന സ്ഥാപനം ആണത്. സിനിമകളുടെ അൺ എത്തിക്കൽ ഡൗണ്‍ലോഡിനെ പറ്റിയും വിമിയോ അനലറ്റിക്കലിനെ പറ്റിയും ഒക്കെ നമ്മൾ ഇക്കൂട്ടരോടാണ് പറയുന്നത്..
വാൽക്കഷണം - ഇങ്ങനെ വസ്‌തുതകളും പിഴവുകളും വസ്‌തുതാപരമായി ചൂണ്ടി കാണിക്കുമ്പോൾ ചില സ്ഥിരം തൊഴിലില്ലാ സോഷ്യൽ മീഡിയ ചൊറിച്ചിലുകാർ ഉടൻ ഇറങ്ങും. ഇങ്ങേരുടെ സിനിമ എടുക്കാഞ്ഞിട്ടാണ് ഇത് എന്നൊക്കെയുള്ള ആരോപണങ്ങളുമായി. എന്‍റെ പൊന്നു ചങ്ങാതിമാരെ ന്യൂ മലയാളം സിനിമ ജൂറി തിരഞ്ഞെടുത്തില്ലെങ്കിലും ഐഎഫ്എഫ്കെയുടെ നിയമാവലി അനുസരിച്ച് എന്‍റെ പുതിയ സിനിമ ഐഎഫ്എഫ്കെയിൽ കാണിച്ചേ പറ്റൂ. ചലച്ചിത്ര അക്കാദമി ചെയർമാൻ വിചാരിച്ചാലും ആ സിനിമ കാണിക്കാതിരിക്കാൻ പറ്റില്ല.
കാരണം FIAPF അക്രെഡിറ്റേഷൻ ഉള്ള ലോകത്തിലെ പ്രധാന ചലച്ചിത്ര മേളകളിൽ ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ സിനിമകൾ ഫെസ്‌റ്റിവൽ കലൈഡോസ്‌കോപ് വിഭാഗത്തിൽ തിരഞ്ഞെടുക്കേണ്ടതാണ്. ഈ വർഷം FIAPF അക്രിഡിറ്റേഷൻ ഉള്ള ലോകത്തെ ആദ്യ 15 ചലച്ചിത്ര മേളകളിൽ ഒന്നിൽ തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു മലയാള സിനിമയെ ഉള്ളൂ. അത് അദൃശ്യ ജാലകങ്ങൾ ആണ്.
നവംബർ 15ന് എസ്‌റ്റോണിയയിലെ താലിൻ ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ സിനിമയുടെ ആദ്യ പ്രദർശനം നടക്കും. അതുകൊണ്ട് തന്നെ ആ സിനിമ ഐഎഫ്‌എഫ്‌കെയില്‍ ഇത്തവണ സ്വാഭാവികമായും ഉൾപ്പെടും. പക്ഷേ ഐഎഫ്‌എഫ്‌കെയിൽ സിനിമ പ്രദർശിപ്പിക്കേണ്ടതില്ല എന്നാണ് ഞാൻ തീരുമാനിച്ചത്. ഇത് പോലും അറിയാതെ സിനിമ ഐഎഫ്‌എഫ്‌കെയില്‍ എടുക്കാത്തത് കൊണ്ടാണ് പ്രതികരിക്കുന്നത് എന്നൊക്കെ പറയുന്ന ചില സ്ഥിരം ചൊറിച്ചിൽ ജീവികളോട് എന്ത് പറയാൻ..' -ഡോ ബിജു ഇപ്രകാരമാണ് കുറിച്ചത്.