ടൊവിനോ തോമസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജയന്‍റെ രണ്ടാം മോഷണം സിനിമയുടെ ടീസര്‍ റിലീസ് ഇന്ന്. ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ആണ് ടീസര്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ടീസറാണ് ഹൃത്വിക് റോഷന്‍ പുറത്തുവിടുക.
പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന അജയന്‍റെ രണ്ടാം മോഷണത്തില്‍ (എആര്‍എം) ടൊവിനോ തോമസിനൊപ്പം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. മിന്നല്‍ മുരളിക്ക് ശേഷമുളള ടൊവിനോയുടെ രണ്ടാമത്തെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് അജയന്‍റെ രണ്ടാം മോഷണം. ഹൃത്വിക് റോഷന്‍ ആദ്യമായി ഒരു സൗത്ത് ഇന്ത്യന്‍ ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയും അജയന്‍റെ രണ്ടാം മോഷണത്തിനുണ്ട്. ഇതില്‍ ഏറെ ആവേശത്തിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് ടീസര്‍ റിലീസ്.
മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ ചിത്രത്തിലൂടെ മലയാളത്തില്‍ താരമൂല്യമേറിയ ടൊവിനോ രാജ്യത്താകെ ജനപ്രിയനായി മാറിയിരുന്നു. മോളിവുഡിന് പുറമെ മറ്റ് ഭാഷകളിലും യുവതാരത്തിന് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ഹൃത്വിക് റോഷന്‍ അജയന്‍റെ രണ്ടാം മോഷണം ടീമിന് പിന്തുണ അറിയിച്ചതിലും ടീസര്‍ റിലീസ് ചെയ്യാന്‍ തയ്യാറായതിലുമുള്ള സന്തോഷം ടൊവിനോ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.
- " class="align-text-top noRightClick twitterSection" data="
">
മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പിരിയോഡിക്കല്‍ എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന അജയന്‍റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിന്‍ ലാല്‍ ആണ്. ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. കൂടാതെ തെലുഗു താരം കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.
പൂര്‍ണമായും ത്രീഡിയില്‍ ചിത്രീകരിച്ച സിനിമ അഞ്ച് ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സുജിത് നമ്പ്യാര്‍ ആണ്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ച ദിബു നൈനാന്‍ തോമസ് ആണ് സംഗീത സംവിധാനം.
ചിത്രത്തില്‍ സുരഭി ലക്ഷ്‌മി, ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് പേരടി, ഹരീഷ് ഉത്തമന്‍, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തമിഴ് പതിപ്പ് ടീസര്‍ സംവിധായകന്‍ ലോകേഷ് കനകരാജും മലയാളം പതിപ്പ് ടീസര്‍ പൃഥ്വിരാജും തെലുഗു പതിപ്പ് ടീസര്‍ നാനിയും കന്നഡ പതിപ്പ് ടീസര്‍ രക്ഷിത് ഷെട്ടിയും റിലീസ് ചെയ്യും. 60 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
അതേസമയം ടൊവിനോ തോമസിന്‍റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 2018 (എവരിവണ്‍ ഈസ് എ ഹീറോ). പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്‍റെ അതിജീവന കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജൂഡ് ആന്‍റണി ജോസഫ് ആണ്. സര്‍വൈവര്‍ ത്രില്ലറായി വമ്പന്‍ താരനിരയില്‍ ഒരുക്കിയ ചിത്രം 10 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടംപിടിച്ച് ചരിത്രം സൃഷ്‌ടിച്ചു. ചെറിയ സമയത്തിനുള്ളില്‍ 100 കോടി ക്ലബില്‍ കയറിയ ആദ്യ മലയാള ചിത്രമാണ് 2018. ടൊവിനോ തോമസിനൊപ്പം കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, ലാല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു.