മുംബൈ: ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് ഹൃത്വിക് റോഷൻ. ആക്ഷന്‍ രംഗങ്ങളിലെയും നൃത്തരംഗങ്ങളിലെയും മെയ്‌വഴക്കം കൊണ്ട് ആരാധക മനസില്‍ ഇടം നേടിയ നടന്‍. എന്നാല്‍ തന്നോട് നൃത്തം ചെയ്യരുതെന്നും ആക്ഷന്‍ ചെയ്യരുതെന്നും ഒരിക്കല്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചിരുന്നതായി താരം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.
ആരോഗ്യ പ്രശ്‌നം അലട്ടിയിരുന്നതിനാലാണ് ഡോക്‌ടര്‍ അത്തരമൊരു നിര്‍ദേശം മുന്നോട്ടു വച്ചത് എന്ന് നടന്‍ പറഞ്ഞു. നടന്‍റേതായി വരാനിരിക്കുന്ന ചിത്രം വിക്രം വേദയിലെ ആദ്യ ഗാനമായ ആല്‍ക്കഹോളിയയുടെ ലോഞ്ചിനിടെയാണ് അദ്ദേഹം മനസു തുറന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ നിരവധി വെല്ലുവിളികളെ തരണം ചെയ്‌താണ് കരിയറില്‍ ഇന്നു കാണുന്ന നിലയില്‍ താന്‍ എത്തിയതെന്നും ഹൃത്വിക് റോഷൻ പറഞ്ഞു.
ഒരു നടനാകുന്നതിന് മുമ്പുള്ള തന്‍റെ പോരാട്ടങ്ങളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു എന്നും 48കാരനായ നടന്‍ പറഞ്ഞു. 'എന്‍റെ 25-ാമത്തെ ചിത്രത്തിലും ഞാൻ ഇപ്പോഴും ആക്ഷൻ ചെയ്യുന്നു, ഇപ്പോഴും നൃത്തം ചെയ്യുന്നു, ഇന്നത്തെ എന്നെ കണ്ടാല്‍ 21 വയസുള്ള ആ പഴയ ഞാന്‍ അഭിമാനിക്കുന്നു', നടന്‍ പറഞ്ഞു.
വിക്രം വേദയിലെ ഹൃത്വിക് റോഷന്‍റെ കഥാപാത്രം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. നടന്‍റെ കരിയറിലെ തന്നെ വ്യത്യസ്‌ത വേഷമാണിത്. സെപ്‌റ്റംബര്‍ 30ന് ചിത്രം തിയറ്ററുകളിലെത്തും.